Connect with us

Editors Pick

ആയുധങ്ങള്‍ വാങ്ങുന്നതിനേക്കാള്‍ പ്രാധാന്യം വേണ്ടത് ജനക്ഷേമത്തിന്: ബിനായക് സെന്‍

Published

|

Last Updated

കോഴിക്കോട്: ആയുധങ്ങള്‍ വാങ്ങുന്നതിനായി ലോകത്ത് ഏറ്റവും കൂടുതല്‍ പണം ചെലവിടുന്ന രാജ്യമായി ഇന്ത്യ മാറിയെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ബിനായക് സെന്‍. നിരപരാധികളായ ഒരു പാടു പേരെ ഭരണകൂട ഭീകരതയുടെ പേരില്‍ അറസ്റ്റ് ചെയ്യുന്ന രാജ്യവും ഇന്ത്യയാണ്. അഹിംസയുടെ പിതാവെന്നു പറഞ്ഞ ഗാന്ധിജിയുടെ നാട്ടിലാണ് ഇത്തരമൊരു അവസ്ഥയെന്നത് വലിയ വിരോധാഭാസം തന്നെയാണ്. മൂവ്‌മെന്റ് ഫോര്‍ സോഷ്യലിസ്റ്റ് ആള്‍ട്ടര്‍നേറ്റീവിന്റെ (മാസ്) ആഭിമുഖ്യത്തില്‍ ടൗണ്‍ഹാളില്‍ സംഘടിപ്പിച്ച ആരോഗ്യ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. നമ്മുടെ സമൂഹത്തെ സംബന്ധിച്ചിടത്തോളം ഏറ്റവും വലിയ രോഗം ദാരിദ്ര്യമാണ് അത് കേവലം സാമ്പത്തികമായ ദാരിദ്ര്യം മാത്രമല്ല. ഇന്ത്യയിലെ ജനസംഖ്യയുടെ മൂന്നിലൊന്നിനെ സംബന്ധിച്ചിടത്തോളം ശാരീരിക ക്ഷമത 18.5 ആണ്. 18.5 താഴെയുള്ള ശാരീരിക ക്ഷമത സൂചിപ്പിക്കുന്നത് മതിയായ ആഹാരം ലഭിക്കാത്തതാണ് അഥവാ നിത്യമായ പട്ടിണിയിലാണ് എന്നതാണ്. ഇതിനു പുറമെ നാഷനല്‍ സര്‍വ്വേ പ്രകാരം 47 ശതമാനം അഞ്ച് വയസ്സിനു താഴെയുള്ള കുട്ടികള്‍ മതിയായ തൂക്കം ഇല്ലാത്ത കുട്ടികളാണ്. കുട്ടികളെ സംബന്ധിച്ചിടത്തോളം പട്ടിണി അവരെ വളരെ പെട്ടെന്ന് രോഗങ്ങള്‍ക്ക് കീഴ്‌പ്പെടുന്നവരാക്കിമാറ്റുന്നു. ലോകത്ത് ഏറ്റവും കൂടുതല്‍ അമ്മമാര്‍ പ്രസവാനന്തരം മരിക്കുന്നത് ഇന്ത്യയിലാണ്. സര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം ഇതേ കുറിച്ചുള്ളകണക്കിന് യാഥാര്‍ത്യവുമായി യാതൊരു ബന്ധവുമില്ല.
ഓരോ വര്‍ഷവും ബജറ്റുകള്‍ പ്രഖ്യാപിക്കുമ്പോള്‍ വന്‍ മുതലാളിമാര്‍ ഉണ്ടാക്കിവെച്ച കടങ്ങള്‍ അവര്‍ക്ക് അടക്കാന്‍ കഴിയില്ല എന്നു പറഞ്ഞ് എഴുതിത്തള്ളാറുണ്ട്. ഇങ്ങനെ എഴുതിതള്ളുന്നതിന്റെ മൂന്നിലൊന്നു മതി ഇന്ത്യയിലെ ജനങ്ങള്‍ക്ക് യൂനിവേഴ്‌സല്‍ ഹെല്‍ത്ത് കെയര്‍ പ്രാപ്തമാക്കുന്നതിന് വേണ്ടി പക്ഷേ നമ്മുടെ നാട്ടിലെ സമ്പദ് വ്യവസ്ഥ സമ്പന്നനെ കൂടുതല്‍ സമ്പന്നനാക്കി മാറ്റുന്ന വ്യവസ്ഥയാണ് അതുകൊണ്ട് ഇങ്ങനെയൊരു സമ്പത്ത് വ്യവസ്ഥ നിലനില്‍ക്കുന്ന കാലത്തോളം മറ്റുള്ളകാര്യങ്ങള്‍ നടപ്പാക്കാന്‍ കഴിയില്ല. ഈ അവസ്ഥയ്ക്ക് മാറ്റം ഉണ്ടാക്കാന്‍ വേണ്ടി ശ്രമിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഡോ. എ അച്യുതന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ പ്രൊഫ. എം എന്‍ കാരശ്ശേരി, ഡോ കെ പി അരവിന്ദാക്ഷന്‍, കെ രാമചന്ദ്രന്‍, ഡോ പി ജി ഹരി, രാജന്‍ ചെറുകാട്, കെ എസ് ബിമല്‍, എന്‍ സുബ്രഹ്മണ്യന്‍, ഡോ ബിജു പങ്കെടുത്തു.