Connect with us

National

വിനീത വിധേയത്വത്തിന്റെ പ്രതിഫലം

Published

|

Last Updated

paneer selvam

ചെന്നൈ: 13 വര്‍ഷത്തെ ഇടവേളക്ക് ശേഷം ഒ പനീര്‍ശെല്‍വത്തെ വീണ്ടും മുഖ്യമന്ത്രിപദം തേടിയെത്തിയിരിക്കുന്നു. പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാവെന്ന നിലയില്‍ സാധാരണ സാധ്യത കല്‍പ്പിക്കപ്പെടുമെങ്കിലും ജയലളിതയെന്ന നേതാവിന്റെ സ്വഭാവമനുസരിച്ച് പനീര്‍ശെല്‍വത്തെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കില്ലെന്ന റിപ്പോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും നറുക്ക് വീണത് അദ്ദേഹത്തിന് തന്നെ. തേനി ജില്ലയിലെ പെരിയകുളത്ത് നിന്ന് കൃഷിക്കാരനും ചായക്കടക്കാരനുമായി ജീവിതമാരംഭിച്ച പനീര്‍ശെല്‍വം ഒടുവില്‍ മുഖ്യമന്ത്രി സ്ഥാനത്ത് അവരോധിക്കപ്പെട്ടു. അദ്ദേഹത്തിന്റെ ചായക്കട കുടുംബാംഗങ്ങള്‍ ഇപ്പോഴും നടത്തുന്നുണ്ട്.
ജയലളിതയുടെ വിശ്വസ്തനും വിധേയനുമാണ് 62ല്‍ എത്തി നില്‍ക്കുന്ന പനീര്‍ശെല്‍വം. ആ വിനീത വിധേയത്വമാണ് 2001ല്‍ ഇതേ മാസം ജയലളിതയെ സുപ്രീം കോടതി അയോഗ്യയാക്കിയപ്പോള്‍ പനീര്‍ശെല്‍വത്തിന് അനുഗ്രഹമായത്. തേവര്‍ സമുദായത്തില്‍ നിന്ന് മുഖ്യമന്ത്രി സ്ഥാനത്തെത്തിയ ആദ്യയാളായിരുന്നു അദ്ദേഹം. എന്നാല്‍, പൂര്‍ണമായും ജയളിതയുടെ റിമോട്ട് കണ്‍ട്രോളിലായിരുന്നു അന്ന് അദ്ദേഹം. ഓഫീസില്‍ ജയലളിത ഉപയോഗിച്ച കസേര പോലും അന്ന് ഉപയോഗിക്കാതെ വിധേയത്വത്തിന്റെ പരമകാഷ്ഠ പ്രകടിപ്പിച്ചു അദ്ദേഹം. ഇതിനെതിരെ വിവിധയിടങ്ങളില്‍ നിന്ന് വിമര്‍ശമേറ്റു.
1996ല്‍ പെരിയകുളം മുനിസിപാലിറ്റി ചെയര്‍മാനായാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്. 2001ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ പെരിയകുളം മണ്ഡലത്തില്‍ നിന്ന് ജയിച്ച് പൊതുമരാമത്ത് മന്ത്രിയായി. ആദ്യ ഊഴത്തില്‍ തന്നെ മുഖ്യമന്ത്രി കസേരയിലുമെത്തി. ജയലളിത കുറ്റവിമുക്തയാകുകയും ആണ്ടിപ്പട്ടി മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പില്‍ മത്സരിച്ച് ജയിക്കുകയും ചെയ്തതോടെ 2002 മാര്‍ച്ചില്‍ പനീര്‍ശെല്‍വം രാജിവെച്ചു. തുടര്‍ന്ന് പൊതുമരാത്ത് വകുപ്പിലേക്ക് തന്നെ തിരിച്ചെത്തി.
2006ലെ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് അധികാരം നഷ്ടമായപ്പോള്‍ പ്രതിപക്ഷ നേതാവ് പനീര്‍ശെല്‍വമായിരുന്നു. അതു ഒരു നിമിത്തമായിരുന്നു. സഭയിലെ എല്ലാ എ ഐ എ ഡി എം കെ സാമാജികരെയും സ്പീക്കര്‍ സസ്‌പെന്‍ഡ് ചെയ്തത് ജയലളിതയെ പ്രകോപിപ്പിച്ചു. നിയമസഭയുടെ പടി കടക്കേണ്ടതില്ലെന്ന് തീരുമാനിച്ചു. തുടര്‍ന്നാണ് പനീര്‍ശെല്‍വത്തെ പ്രതിപക്ഷ നേതാവാക്കിയത്. ഇപ്പോള്‍ മറ്റൊരു നിമിത്തം കാരണം മുഖ്യമന്ത്രി കസേരയിലും.