Connect with us

Kerala

മദ്യം, പുകയില ഉത്പന്നങ്ങളുടെ വില വര്‍ധന പ്രാബല്യത്തില്‍

Published

|

Last Updated

തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യത്തിന്റെയും പുകയില ഉത്പന്നങ്ങളുടെയും പുതുക്കിയ വില ഇന്ന് മുതല്‍ പ്രാബല്യത്തില്‍. വില വര്‍ധിപ്പിക്കാനുള്ള ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ഒപ്പിട്ടതോടെയാണ് വില വര്‍ധന പ്രാബല്യത്തില്‍ വന്നത്. ഓര്‍ഡിന്‍സിന് ഗവര്‍ണര്‍ അംഗീകാരം നല്‍കിയതായി എക്‌സൈസ് മന്ത്രി കെ ബാബു അറിയിച്ചു. ഇന്ത്യന്‍ നിര്‍മിത വിദേശ മദ്യത്തിന് ഇരുപത് ശതമാനം അധിക നികുതിയും അഞ്ച് ശതമാനം സെസ്സും ഉള്‍പ്പെട 25 ശതമാനമാണ് വില വര്‍ധിക്കുക. ഇതോടെ നിലവില്‍ 115 ശതമാനമായിരുന്ന മദ്യത്തിന്റെ വില്‍പ്പന നികുതി 135 ശതമാനമായി വര്‍ധിക്കും.
പുകയില ഉത്പന്നങ്ങള്‍, ബിയര്‍, വൈന്‍ എന്നിവയുടെ വിലയും വര്‍ധിക്കും. ഇതുവഴി 1,500 കോടി രൂപ അധികമായി പൊതുഖജനാവിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ബിയറിന്റെയും വൈനിന്റെയും വില്‍പ്പന നികുതി ഇരുപത് ശതമാനമാണ് വര്‍ധിപ്പിച്ചത്. ബിയറിന്റെ വില്‍പ്പന നികുതി ഇതോടെ അമ്പതില്‍ നിന്ന് എഴുപത് ശതമാനമായാണ് വര്‍ധിപ്പിച്ചത്. ബിയര്‍, വൈന്‍ നികുതി വര്‍ധനവിലുടെ നൂറ് കോടി രൂപ അധിക വരുമാനം പ്രതീക്ഷിക്കുന്നുണ്ട്.
സ്റ്റാമ്പ്, രജിസ്‌ട്രേഷന്‍ ഫീസുകളും വര്‍ധിപ്പിച്ചിട്ടുണ്ട്. ബന്ധുക്കള്‍ തമ്മിലുള്ള ഭാഗം, ദാനം, റിലീസ്, സെറ്റില്‍മെന്റ് എന്നിവയുടെ സ്റ്റാമ്പ് നികുതിയാണ് വര്‍ധിപ്പിച്ചത്. ഭാഗം, റിലീസ് എന്നിവക്ക് ഒരു ശതമാനവും ദാനം, സെറ്റില്‍മെന്റ് എന്നിവക്ക് രണ്ട് ശതമാനവും ആയിരിക്കും ഇനി മുതല്‍ സ്റ്റാമ്പ്് ഡ്യൂട്ടി. രജിസ്‌ട്രേഷന്‍ ഫീസ് ഭൂമി വിലയുടെ ഒരു ശതമാനമായിരിക്കും. 25,000 രൂപയെന്ന സീലിംഗ് ഇതോടെ ഇല്ലാതെയാകും. ഭൂമിയുടെ ന്യായവില അമ്പത് ശതമാനം കൂട്ടിയതോടെ ഈ പുതിയ നികുതികളില്‍ നിന്നുള്ള വരുമാനവും കൂടും.
സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിനും വരുമാനം വര്‍ധിപ്പിക്കുന്നതിനുള്ള നടപടികള്‍ക്കുമൊപ്പം പുതിയ മദ്യനയത്തിന്റെയും ഭാഗമായാണ് മദ്യത്തിന്റെയും പുകയില ഉത്പന്നങ്ങളുടെയും വില വര്‍ധിപ്പിക്കുന്നത്.