Connect with us

Kerala

പത്താം തരം തുല്യതാ പരീക്ഷ: വിജയം 83.86 ശതമാനം

Published

|

Last Updated

തിരുവനന്തപുരം: സംസ്ഥാനത്ത് ഈ വര്‍ഷത്തെ പത്താം തരം തുല്യതാ പരീക്ഷയില്‍ 83.86 വിജയശതമാനം. റഗുലര്‍ ഗ്രേഡിംഗ് സിസ്റ്റത്തില്‍ പരീക്ഷ എഴുതിയ 20,042 പേരില്‍ 16,809 പേരും വിജയിച്ചു. ഇതില്‍ ഒരാള്‍ക്കും മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് ഗ്രേഡ് നേടാനായില്ല.
എന്നാല്‍ 29 പേര്‍ എല്ലാ വിഷയങ്ങളിലും എ ഗ്രേഡ് നേടി. ഗ്രേഡിംഗ് സിസ്റ്റം പ്രൈവറ്റ് വിഭാഗത്തില്‍ പരീക്ഷ എഴുതിയ 702 പേരില്‍ 322 പേരും (45.86 ശതമാനം), 124 പേര്‍ പരീക്ഷ എഴുതിയ റഗുലര്‍ പഴയ സ്‌കീമില്‍ 89 പേരും (79.03 ശതമാനം), 197 പേര്‍ പരീക്ഷ എഴുതിയ പ്രൈവറ്റ് പഴയ സ്‌കീമില്‍ 129 പേരും (65.48) ശതമാനവും വിജയിച്ചു.
വിജയശതമാനത്തില്‍ ഏറ്റവും മുന്നിലെത്തിയത് കൊട്ടാരക്കര, മാവേലിക്കര വിദ്യാഭ്യാസ ജില്ലകളാണ്. കൊട്ടാരക്കരയില്‍ പരീക്ഷ എഴുതിയ 210 പേരില്‍ 202 പേരും (96.19), മാവേലിക്കരയില്‍ പരീക്ഷ എഴുതിയ 223 പേരില്‍ 213 പേരുമാണ് (95.52) വിജയിച്ചത്. തൊടുപുഴ വിദ്യാഭ്യാസ ജില്ലയാണ് വിജയ ശതമാനത്തില്‍ ഏറ്റവും പിറകില്‍ നില്‍ക്കുന്നത്. പരീക്ഷ എവുതിയ 230 പേരില്‍ 142 പേര്‍ക്ക് മാത്രമാണ് വിജയിക്കാനായത്.
അതേസമയം ഏറ്റവും കൂടുതല്‍ പേരെ പരീക്ഷക്കിരുത്തി മികച്ച വിജയ ശതമാനം കുറിച്ചത് മലപ്പുറം ജില്ലയാണ്. 2211 പേരെ പരീക്ഷക്കിരുത്തിയ ജില്ലക്ക് 1850 പേരെയും വിജയിപ്പിക്കാനായി. വിജയശതമാനം (83.67). ഗള്‍ഫ് മേഖലയില്‍ പരീക്ഷക്കിരുന്ന 103 പേരില്‍ 95 പേര്‍ക്കും വിജയിക്കാനായി. ഇവിടെ 92.23 ആണ് വിജയശതമനം. ഉത്തരക്കടലാസ് പുനര്‍ മൂല്യനിര്‍ണയത്തിന് നിര്‍ദിഷ്ട ഫോറത്തില്‍ അപേക്ഷയും ഒരു പേപ്പറിന് 200 വീതം അടുത്തമാസം അഞ്ചിന് വൈകുന്നേരം നാല് മണിവരെ അതാത് പരീക്ഷാ കേന്ദ്രങ്ങളിലെ പ്രധാനാധ്യാപകര്‍ക്ക് സമര്‍പ്പിക്കാം. ഏതെങ്കിലും രണ്ട് വിഷയങ്ങള്‍ക്ക് കുറഞ്ഞത് ഡി പ്ലസ് ഗ്രേഡെങ്കിലും ലഭിക്കാത്തവര്‍ക്കുള്ള സേ പരീക്ഷ അടുത്ത മാസ് 17 മുതല്‍ നടക്കും. ഇതിനുള്ള അപേക്ഷ അടുത്ത മാസം ഒന്ന് മുതല്‍ ഏഴ് വരെ തിരഞ്ഞെടുക്കപ്പെട്ട് പരീക്ഷാ കേന്ദ്രങ്ങളില്‍ സ്വീകരിക്കും. ഫലവും വിശദ വിവരങ്ങള്‍ www.keralapareekshabhavan.in എന്നവെബ്‌സൈറ്റില്‍.