Connect with us

Idukki

മുല്ലപ്പെരിയാര്‍; കേരളത്തിന്റെ ആവശ്യം മേല്‍നോട്ടസമിതി തള്ളി

Published

|

Last Updated

തൊടുപുഴ: അനുദിനം അപകടകരമായ അവസ്ഥയിലേക്ക് ഉയരുന്ന മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 136 അടിയില്‍ നിലനിര്‍ത്തണമെന്ന കേരളത്തിന്റെ ആവശ്യം തമിഴ്‌നാട് തള്ളി. 120 വര്‍ഷം പഴക്കമുളള ഡാമിന്റെ ഒരു ഷട്ടര്‍ പ്രവര്‍ത്തിക്കാത്തതിനാല്‍ മറ്റു ഷട്ടറുകള്‍ തുറന്ന് കൂടുതല്‍ ജലം ഒഴുക്കി ജലനിരപ്പ് അപകടനിലയില്‍ നിന്നും താഴ്ത്തണമെന്നാണ് ഇന്നലെ ഡാം പരിശോധനക്ക് ശേഷം നടന്ന ഉന്നതാധികാര സമിതി യോഗത്തില്‍ കേരളം ആവശ്യപ്പെട്ടത്.

ഷട്ടറിന്റെ പ്രവര്‍ത്തന തടസ്സം നീക്കുംവരെ ജലനിരപ്പ് 136 അടിയായി നിലനിര്‍ത്തണമെന്ന കേരളത്തിന്റെ ആവശ്യം കേന്ദ്ര ജലകമ്മീഷന്‍ അംഗീകരിച്ചിരുന്നതായി സമിതിയിലെ കേരള പ്രതിനിധി വി ജെ കുര്യന്‍ വാദിച്ചെങ്കിലും സമിതി അധ്യക്ഷന്‍ കൂടിയായ കേന്ദ്ര ജല കമ്മീഷന്‍ ചീഫ് എന്‍ജിനിയര്‍ എല്‍ ആര്‍ വി നാഥന്‍ ഇത് നിരാകരിക്കുകയായിരുന്നു.
ഡാമിലെ ജലനിരപ്പ് 137.7 അടിയായി ഉയര്‍ന്നിട്ടുണ്ട്. ഇതോടെ പെരിയാര്‍ തീരത്തെ ഒരു ലക്ഷത്തോളം പേര്‍ ഭീതിയുടെ നിഴലിലായി. സുപ്രീം കോടതി നിയോഗിച്ച മേല്‍നോട്ട സമിതിയില്‍ നിന്നും നീതി കിട്ടാതെ വന്ന സാഹചര്യത്തില്‍ വീണ്ടും സുപ്രീം കോടതിയെ സമീപിക്കാനാണ് കേരളത്തിന്റെ തീരുമാനം.
ഡാമിലെ സീപേജ് ജലത്തിന്റെ അളവ് കഴിഞ്ഞ സെപ്റ്റംബര്‍ 15ലെ 22 ലിറ്ററില്‍ നിന്ന് 112 ലിറ്ററായി ഉയര്‍ന്നിട്ടുണ്ട്. കേരളത്തിന്റെ സുരക്ഷ പരിഗണിച്ച് വെള്ളം പുറത്തേക്ക് ഒഴുക്കിക്കളയാന്‍ കഴിഞ്ഞില്ലെങ്കില്‍ തമിഴ്‌നാട്ടിലേക്ക് കൂടുതല്‍ വെളളം കൊണ്ടുപോകണമെന്ന കേരളത്തിന്റെ നിര്‍ദേശവും പരിഗണിക്കപ്പെട്ടില്ല. ഇപ്പോള്‍ സെക്കന്റില്‍ 750 ഘനയടി വെള്ളമാണ് തമിഴ്‌നാട് കൊണ്ടുപോകുന്നത്. കടുത്ത ജലക്ഷാമം നേരിടുകയാണെന്ന തമിഴ്‌നാടിന്റെ വാദത്തില്‍ കഴമ്പുണ്ടെങ്കില്‍ മുല്ലപ്പെരിയാര്‍ ജലം ശേഖരിക്കുന്ന, ഇപ്പോള്‍ 45 ശതമാനം മാത്രം വെള്ളമുളള അവിടത്തെ വൈഗ ഡാമിലേക്ക് കൂടുതല്‍ ജലം കൊണ്ടുപോകുകയാണ് വേണ്ടതെന്ന് വി ജെ കുര്യന്‍ യോഗത്തില്‍ ആവശ്യപ്പെട്ടു. മുല്ലപ്പെരിയാര്‍ ജലനിരപ്പ് 140 അടിയിലെത്തിയാല്‍ മാത്രമേ സ്പില്‍വേ ഗേറ്റ് തുറക്കൂ എന്ന വാശിയിലാണ് തമിഴ്‌നാട്. കേടുവന്ന 13ാം നമ്പര്‍ ഷട്ടര്‍ ഉടന്‍ നന്നാക്കുമെന്ന് കേന്ദ്ര ജല കമ്മീഷനെ അറിയിച്ചതായി ചെയര്‍മാന്‍ നാഥന്‍ യോഗത്തെ അറിയിച്ചു. ഉന്നതാധികാര സമിതി രണ്ടാഴ്ചക്കകം വീണ്ടും യോഗം ചേരും.
യോഗത്തിന് ശേഷം മാധ്യമപ്രവര്‍ത്തകരെ കണ്ട വി ജെ കുര്യന്‍, ചെയര്‍മാന്‍ നാഥനെതിരെ രൂക്ഷഭാഷയിലാണ് പ്രതികരിച്ചത്. കേരളത്തോട് സമിതി അധ്യക്ഷന്‍ വിവേചനപരമായി പെരുമാറുകയാണെന്ന് അദ്ദേഹം പറഞ്ഞു. സമിതി അംഗം തമിഴ്‌നാട് പൊതുമരാമത്ത് പ്രിന്‍സിപ്പല്‍ സെക്രട്ടറി എം സായികുമാറും സംഘത്തിലുണ്ടായിരുന്നു.