Connect with us

Kerala

പെരിയാര്‍ കടുവാ സംരക്ഷണത്തിനുള്ള ഭീഷണി ഹരിത ട്രൈബ്യൂണലിനെ അറിയിക്കും: തിരുവഞ്ചൂര്‍

Published

|

Last Updated

കോട്ടയം: മുല്ലപ്പെരിയാര്‍ ഡാമിലെ ജലനിരപ്പ് 136 അടിയില്‍ നിന്ന് ഉയര്‍ന്നതോടെ രാജ്യത്തെ പ്രധാന കടുവാ സംരക്ഷണ കേന്ദ്രമായ പെരിയാര്‍ കടുവാ സംരക്ഷണ കേന്ദ്രത്തിന് നേരിടുന്ന ഭീഷണിയുള്‍പ്പെടെ ഹരിത ട്രൈബ്യൂണലിന്റെ ശ്രദ്ധയില്‍പ്പെടുത്തുമെന്ന് വനം മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. ഇന്ത്യയില്‍ കടുവാ സംരക്ഷണ കേന്ദ്രങ്ങള്‍ ഏറെയൊന്നുമില്ലാത്ത സാഹചര്യത്തില്‍ പെരിയാറിലെ പ്രശ്‌നം ഹരിത ട്രൈബ്യൂണല്‍ പരിഗണിക്കേണ്ടതാണ്. ഇതോടൊപ്പം നിത്യഹരിത വനഭൂമി വെള്ളത്തിലാകുകയും, പ്രദേശത്തെ ജൈവവൈവിധ്യത്തിന്റെ നാശവും ട്രിബ്യൂണലിന്റെ ശ്രദ്ധയില്‍ കൊണ്ടുവരും. കേന്ദ്രവനം- പരിസ്ഥിതി നിയമങ്ങളുടെ നഗ്നമായ ലംഘനമാണ് ഇത്. ഇക്കാര്യം ചൂണ്ടിക്കാട്ടി സംസ്ഥാന സര്‍ക്കാര്‍ ഗ്രീന്‍ ട്രൈബ്യൂണലിനെ സമീപിക്കുമെന്നും ഇതു സംബന്ധിച്ച് നിയമോപദേശം തേടിയിട്ടുണ്ടെന്നും മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
മുല്ലപ്പെരിയാറിന്റെ ജല സംഭരണത്തിന് നിശ്ചയിച്ചിരിക്കുന്നത് 26.8 ചതുരശ്ര കിലോമീറ്ററാണ്. ജലനിരപ്പ് 142 അടിയിലേക്ക് എത്തിയതോടെ 1.70 ചതുരശ്ര കിലോമീറ്റര്‍ വനഭൂമിയാണ് വെള്ളത്തിനടിയിലായത്. അവിടത്തെ ജൈവ വൈവിധ്യവും, അപൂര്‍വ ഇനം സസ്യ- ജന്തുജാലങ്ങളും നശിക്കുകയാണ്. ഇനിയും ജല നിരപ്പ് ഉയര്‍ത്താനാണ് തമിഴ്‌നാട് ലക്ഷ്യമിടുന്നതെങ്കില്‍ 5.68 ചതുരശ്ര കിലോമീറ്റര്‍ വനപ്രദേശം കൂടി ജലം കയറി നശിക്കും. ആകെ 11.17 ചതുരശ്ര കിലോമീറ്ററിനെ ബാധിക്കുമെന്നാണ് കണക്ക്.
മുല്ലപ്പെരിയാറിലെ ജലനിരപ്പ് ഉയര്‍ന്നതോടെ സംസ്ഥാന വനംവകുപ്പ് ഉദ്യോഗസ്ഥര്‍ വനഭൂമിയിലുണ്ടായ പ്രത്യാഘാതങ്ങളെക്കുറിച്ച് പഠിച്ചു വരികയാണ്. 1972 ലെ വന്യജീവി സംരക്ഷണ നിയമം, 1980 ലെ വനനിയമം, 1988ലെ പരിസ്ഥിതി നിയമം എന്നിവ അനുസരിച്ചും വന്യജീവി സംരക്ഷണ കേന്ദ്രങ്ങളുടെ ആവാസവ്യവസ്ഥയെ തകര്‍ക്കുന്നത് ഗുരുതരമായ കുറ്റമാണ്. ശബരിമല വികസനത്തിനായി വനഭൂമി വിട്ടുകിട്ടാന്‍ പോലും തടസ്സമായത് കേന്ദ്ര നിയമങ്ങളാണ്. പകരം ഭൂമിയും ആറ് കോടിയോളം നഷ്ടപരിഹാരവും നല്‍കിയാണ് ഒടുവില്‍ ശബരിമലക്ക് ഭൂമി ലഭ്യമായത്. നേരത്തെ പേപ്പാറ അണക്കെട്ടിന്റെ ജലനിരപ്പ് ഉയര്‍ത്താന്‍ നാം ശ്രമിച്ചപ്പോള്‍ ഈ നിയമങ്ങളാണ് തടസ്സമായത്. തമിഴ്‌നാട് ഇതൊന്നും പരിഗണിക്കുന്നില്ല. ജലനിരപ്പ് 142 അടിയായി ഉയര്‍ത്താനുളള അനുമതി സൂപ്രിം കോടതി നല്‍കിയതിനാല്‍ നിയമപരമായ സാധ്യത തേടുകയേ പോംവഴിയുള്ളൂ. മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ കാര്യത്തില്‍ കടുത്ത ആശങ്കയാണുളളത്.