Articles
തബ്‌ലീഗ് ജമാഅത്ത്: ചെന്നായ പുറത്തു വരുന്നു
അഹ്‌ലെ ഹദീസിലെ പ്രഗത്ഭ പണ്ഡിതനായ ജനാബ് നവാബ് സിദ്ദീഖ് ഹസന്‍ഖാന്‍ സാഹിബ് വ്യത്യസ്ത ഗ്രന്ഥങ്ങളിലൂടെ വഹാബിസത്തെ തള്ളിപ്പറഞ്ഞു. ബിദ്അത്ത് ഖുറാഫാത്തുകള്‍ക്കെതിരെ നിലകൊള്ളുന്ന ദേവ്ബന്ദി (തബ്‌ലീഗ് ജമാഅത്ത്) പണ്ഡിതര്‍ തന്നെയും ഇബ്‌നു അബ്ദുല്‍ വഹാബിനെതിരെ എഴുതി. (തബ്‌ലീഗ് നേതാക്കളായ) റഷീദ് അഹ്മദ് ഗംഗോഹി, ഹുസൈന്‍ അഹ്മദ് മദനി, ഖലീല്‍ അഹ്മദ് സഹാറന്‍പൂരി തുടങ്ങിയവര്‍ ആദ്യ കാലത്ത് മുഹമ്മദ് ബ്‌നു അബ്ദുല്‍ വഹാബിനെ തള്ളിപ്പറഞ്ഞ് മറുപടി കൊടുത്തത് രേഖപ്പെടുത്തപ്പെട്ടതാണ്. ഇങ്ങനെയെല്ലാം അവരില്‍ സംഭവിക്കാനുള്ള കാരണം മുഹമ്മദ് ബ്‌നു അബ്ദുല്‍ വഹാബിന്റെ യഥാര്‍ഥ മസ്‌ലക് (മാര്‍ഗം) പഠിക്കാന്‍ അവസരം ലഭിക്കാത്തതായിരുന്നു. പ്രചരിപ്പിക്കപ്പെട്ട നുണകളില്‍ നിന്നു മാത്രം കേട്ടറിവുള്ളവര്‍ എഴുതാന്‍ തുടങ്ങി. (ബലാഗ് മാസിക സ്‌പെഷ്യല്‍ പതിപ്പ് പേ: 251 തബ്‌ലീഗ് ജമാഅത്ത് മുഖപത്രം).
ആട്ടിന്‍ തോല്‍ വാരിചുറ്റിയുള്ള ആ നടത്തവും ഇരുത്തവും ഏറെ പ്രയാസകരമായിരുന്നു തബ്‌ലീഗുകാര്‍ക്ക്. നജ്ദിയന്‍ ചാണകം മാറാപ്പില്‍ പേറുമ്പോഴും എന്ത് തന്‍മയ ഭാവത്തോടെയായിരുന്നു അഭിനയം. ഭാണ്ഡത്തില്‍ വഹാബിസമാണെന്ന് നിസ്വാര്‍ഥമതികള്‍ മുമ്പേ ചൂണ്ടിക്കാണിച്ചിരുന്നു. വേഷഭൂഷാദികളുടെ വെളുപ്പിലും”ദസ്ബിയുടെ നീളത്തിലും ആരും അതത്ര കാര്യമാക്കിയില്ല. ഇപ്പോള്‍ ചെന്നായ മാറാപ്പ് പൊട്ടിച്ച് പുറത്ത് ചാടിയിരിക്കുന്നു. ആട്ടിന്‍തോല്‍ ഊരിയെറിഞ്ഞ് രൗദ്ര ഭാവത്തോടെ അത് ഓരിയിടുകയും പല്ലിളിച്ചു കാട്ടുകയും ചെയ്യുമ്പോള്‍ വിശ്വാസികള്‍ തിരിച്ചറിയുന്നു. ഈ മാറാപ്പില്‍ പണ്ടേ നജ്ദിയന്‍ ചാണകമായിരുന്നു.
ശൈഖുല്‍ ഹദീസ് നെല്ലിക്കുത്ത് ഇസ്മാഈല്‍ മുസ്‌ലിയാര്‍ പറയുമായിരുന്നു.”മുജാഹിദിന് രണ്ട് കോപ്പിയുണ്ട്. ഒന്ന് തലേക്കെട്ടുള്ളത് രണ്ട് തലേക്കെട്ടില്ലാത്തത്. ഒന്നാമത്തെതാണ് തബ്‌ലീഗ് ജമാഅത്ത്. മുജാഹിദിന്റെ എല്ലാ പിഴച്ച ആശയങ്ങളും തബ്‌ലീഗ് ജമാഅത്തിനുമുണ്ട്. തബ്‌ലീഗികള്‍ ഇതങ്ങനെ സമ്മതിച്ചു തരുമായിരുന്നില്ല. തങ്ങള്‍ സുന്നികളാണെന്ന നാട്യമായിരുന്നു ഇവര്‍ക്ക്. അകത്തുള്ള നജ്ദിയന്‍ വിഴുപ്പ് സമര്‍ഥമായി ഒളിപ്പിക്കുന്ന തരത്തിലായിരുന്നു നടപ്പും ഇരുപ്പുമെല്ലാം. വെളുപ്പില്‍ മുക്കിയ വേഷം, തലപ്പാവും താടിയും, നീണ്ട”ദസ്ബിയുമാകുമ്പോള്‍ സാധാരണ ജനങ്ങളെ വഞ്ചിക്കാനുള്ള കോപ്പുകളായി. ചതി തന്നെയായിരുന്നു ലക്ഷ്യം. കാപട്യമായിരുന്നു മാര്‍ഗം. പള്ളിയിലേക്കെന്നു പറഞ്ഞ് ജനങ്ങളുടെ പിറകെ നടക്കുമ്പോഴും മുതുകില്‍ തൂങ്ങിക്കിടക്കുന്ന വീര്‍ത്ത സഞ്ചികളില്‍ നജ്ദിയന്‍ ചാണകം തന്നെയായിരുന്നു. ആ ചാണകം കൊണ്ടാണിപ്പോള്‍ തബ്‌ലീഗുകാര്‍ അഭിഷേകം ചെയ്തു നില്‍ക്കുന്നത്. ഒട്ടും ഒളിച്ചുവെപ്പുകളില്ലാത്ത വിധം തങ്ങള്‍ മുജാഹിദുകള്‍ തന്നെയെന്ന് തബ്‌ലീഗ് ജമാഅത്ത് വ്യക്തമാക്കിയിരിക്കുന്നു.
തബ്‌ലീഗ് ജമാഅത്തിന്റെ ചെന്നായ പുറത്ത് വരാന്‍ കാരണമുണ്ട്. പിളര്‍പ്പാഘോഷങ്ങള്‍ക്ക് ശേഷം മുജാഹിദുകള്‍ തളര്‍ന്ന് കിടപ്പാണെല്ലോ. പുലര്‍ച്ചെ പുറത്തിറങ്ങി നോക്കുമ്പോള്‍ തൗഹീദ് ജിന്ന് കട്ട് കൊണ്ടു പോകുന്ന സ്ഥിതി ആലോചിച്ച് നോക്കൂ. ദുരന്തം. ജിന്നും പിശാചുമങ്ങനെ മുജാഹിദുകളെ തൃഫലാദികള്‍ സമാസമം ചേര്‍ത്ത് അരച്ച് പാകമാക്കി വരുമ്പോഴാണ് തബ്‌ലീഗ് ജമാഅത്തുകാര്‍ ഒരു കലക്ക് വെള്ളത്തിന്റെ സാധ്യതകള്‍ തിരിച്ചറിയുന്നത്. മൃതപ്രായമെങ്കിലും കുറേ മീനുകള്‍ നിശ്വാസവായുവിനായി മലക്കം മറിയുന്നു. നജ്ദിയന്‍ തൗഹീദില്‍ സകറാത്തിന്റെ ഞെരക്കം. തബ്‌ലീഗ് മൗലാനമാര്‍ക്ക് സ്വപ്‌ന വഹ്‌യ്. ഇതാണ് അവസരം. മീനുകള്‍ നഷ്ടപ്പെടരുത്. കുട്ട മലര്‍ത്തി, ചൂണ്ട ഒരുക്കി, ആട്ടിന്‍ തോല്‍ ഊരി എറിഞ്ഞ് തബ്‌ലീഗ് ചെന്നായ ഇപ്പോള്‍ തന്നെ പുറത്ത് ചാടാന്‍ ഇതാണ് കാരണം.
മുജാഹിദിന്റെത് ആഗോളതലത്തില്‍ തിരസ്‌കരിക്കപ്പെട്ട ആശയമാണ്. ഇസ്‌ലാമിന്റെ പേരില്‍ കെട്ടിയിറക്കിയ വിഷമായിരുന്നു അതെന്ന് ഇപ്പോള്‍ എല്ലാവര്‍ക്കുമറിയാം. തിരശ്ശീലക്കു പിന്നില്‍ സാമ്രാജ്യത്വ ശക്തികളായിരുന്നു എന്നതും ഏറെക്കുറെ തെളിയിക്കപ്പെട്ടിരിക്കുന്നു. ഇസ്‌ലാം തീവ്രവാദമോ ഭീകരവാദമോ ആണെന്ന ധാരണ ആഗോളതലത്തില്‍ തന്നെ പരക്കാന്‍ കാരണമായതും ഈ ആശയത്തിന്റെ സാന്നിധ്യമായിരുന്നു. പുണ്യ നഗരങ്ങളായ മക്കയും മദീനയും കേന്ദ്രമാക്കി നടന്ന രക്തവിപ്ലവം പുരാതനമായ മത ചിഹ്നങ്ങളേയും മഹിതമായ സംസ്‌കാരത്തേയും തകര്‍ത്തു കളഞ്ഞത് ആ രാജ്യത്തെ ഭരണാധികാരികള്‍ ഇപ്പോള്‍ തിരിച്ചറിഞ്ഞു കഴിഞ്ഞിരിക്കുന്നു. ചരിത്രശേഷിപ്പുകള്‍ തിരഞ്ഞു പിടിച്ച് സംരക്ഷിക്കാനുള്ള ഔത്സുക്യം ഇപ്പോള്‍ അവര്‍ കാണിച്ചു തുടങ്ങിയിരിക്കുന്നു. നെറ്റിയില്‍ പതിഞ്ഞ് കിടക്കുന്ന ആ തിലകക്കുറി പരിഷ്‌കൃത ലോകത്ത് രാജ്യം -അപമാനിക്കപ്പെടാന്‍ ഇടയാകുമെന്നും ഇപ്പോള്‍ അവര്‍ക്കറിയാം. ആത്മീയവും ഭയഭക്തി സാന്ദ്രവുമായ ഇസ്‌ലാമിക തനിമയെ ഇല്ലായ്മ ചെയ്ത് ഒരു വരണ്ട ഇസ്‌ലാമിനെ രൂപപ്പെടുത്തി എന്നതാണ് മുജാഹിദുകളുടെ സംഭാവന. ഇതിനു വേണ്ടി തലമുറകളില്‍ മതഭ്രഷ്ട് ആരോപിക്കാനും വേരുകളെ അറുത്തു മാറ്റാനും ഇവര്‍ തയ്യാറായി. തടസ്സം നിന്ന പണ്ഡിതന്മാരേയും വിശ്വാസിലക്ഷങ്ങളേയും കൊന്നൊടുക്കി. മക്കയും മദീനയും കൊള്ളയടിച്ചും ഇസ്‌ലാമിക ചിഹ്നങ്ങളെ തകര്‍ത്തെറിഞ്ഞും രക്തവിപ്ലവം വിജയിപ്പിച്ചെടുത്തു (അല്‍ഇത്തിഹാദ് മാസിക). സ്രഷ്ടാവായ അല്ലാഹുവിനെ ജഡവത്കരിച്ച് അവതരിപ്പിക്കുക, ഏകദൈവ വിശ്വാസത്തെ വക്രീകരിക്കുക, പ്രവാചകത്വ സവിശേഷതകളെ നിഷേധിക്കുക, വ്യക്തിത്വ മഹിമയെ ഇകഴ്ത്തുക, പ്രവാചകാനുചരന്മാരെ തള്ളിപ്പറയുക തുടങ്ങി മുജാഹിദ് വിഭാഗം ഉയര്‍ത്തിക്കൊണ്ടുവന്ന നിലപാടുകളൊക്കെയും പ്രമാണ വിരുദ്ധങ്ങളായിരുന്നു. പണ്ഡിത ലോകം നേരത്തെ വ്യക്തമാക്കിയ ഈ യാഥാര്‍ഥ്യം ആഗോള മുസ്‌ലിം ഉമ്മത്തും മുസ്‌ലിം ഭരണാധികാരികളും വരെ ഇപ്പോള്‍ തിരിച്ചറിഞ്ഞു തുടങ്ങിയിരിക്കുന്നു. കൗതുകം ഇതാണ്. ഈ സാഹചര്യത്തിലാണ് തബ്‌ലീഗ് ജമാഅത്തുകാര്‍ തങ്ങളുടെ ആട്ടിന്‍തോല്‍ ഊരി എറിഞ്ഞ് സാക്ഷാല്‍ ചെന്നായ മുഖം തെളിയിച്ചു കാണിക്കുന്നത്. ജിന്ന് പിശാചുക്കളൊരുക്കിയ കലക്കു വെള്ളത്തില്‍ നിന്ന് ഏതാനും മീനുകള്‍. അതായിരുന്നു ലക്ഷ്യം. ആളുകള്‍ക്കിടയില്‍ വെച്ച് ലജ്ജാ ഭാരത്താല്‍ ഉടുവസ്ത്രമുയര്‍ത്തി മുഖം പൊത്തിയ പെണ്ണിന്റെ കഥ ഓര്‍ക്കുന്നു. ഈ കഥയിലെ നായികയുടെ സ്ഥിതിയാണിപ്പോള്‍ തബ്‌ലീഗ് ജമാഅത്തിന് വന്നു ചേര്‍ന്നിരിക്കുന്നത്. മീനുകളെ ആകര്‍ഷിക്കാന്‍ ആട്ടിന്‍തോല്‍ ഉയര്‍ത്തിയപ്പോള്‍ പുറത്തു വന്നത് നജ്ദിയന്‍ ചെന്നായ. മുസ്‌ലിം പൊതുജനങ്ങള്‍ക്ക് മുമ്പില്‍ തബ്‌ലീഗ് ജമാഅത്തുകാര്‍ ചെന്നായയെ പുറത്തിറക്കി നിര്‍ത്തുന്നത് ബലാഗ് മാസികയില്‍ ഇങ്ങനെ വായിക്കാം.”എന്നാല്‍ യാത്രാ സൗകര്യങ്ങള്‍ വര്‍ധിക്കുകയും ഇന്ത്യയില്‍ നിന്നും ധാരാളം ആളുകള്‍ സഊദി ഭരണകൂടവുമായി അടുത്തിടപഴകുകയും ചെയ്യുന്ന ഇക്കാലത്ത് മുഹമ്മദ്ബിനു അബ്ദുല്‍ വഹാബിനേയും അദ്ദേഹത്തിന്റെ ഗ്രന്‍ഥങ്ങളേയും വായിച്ചറിയാന്‍ കഴിഞ്ഞിട്ടും പഴയ വിവരക്കേട് തിരുത്താതെ മുന്നോട്ട് പോവുന്നുവെങ്കില്‍ പരലോക വിചാരണയേക്കാള്‍ ഈ പണ്ഡിതര്‍ ഭയക്കുന്നത് കൂടെ നിര്‍ത്തിയ അനുയായികളെയാണ്. (ബലാഗ് മാസിക സ്‌പെഷ്യല്‍ പതിപ്പ് പേജ്: 253)
ഉപദേശം തബ്‌ലീഗ് ജമാഅത്ത് മൗലാനമാരോടായിരിക്കണം അവരാണല്ലോ യത്രാസൗകര്യമില്ലാത്തതിനാല്‍ മുജാഹിദ് ആശയങ്ങളെ തള്ളിപ്പറഞ്ഞ് കൊണ്ടിരുന്നത്. യാത്രാ സൗകര്യങ്ങള്‍ വര്‍ധിച്ച ഇക്കാലത്ത് മൗലാനമാര്‍ വായിച്ചറിഞ്ഞ വിവരക്കേടുകള്‍ എന്തെല്ലാമായിരിക്കും? സ്രഷ്ടാവായ അല്ലാഹുവിന് സൃഷ്ടികളുടെ ഗുണങ്ങള്‍ ചേര്‍ത്ത് പറഞ്ഞതായിരിക്കുമോ? അല്ലാഹുവിന് മുഖവും കൈകാലുകളും സ്ഥിരപ്പെടുത്തിയത്?, അവന് ഇടതും വലതും കൈകളുണ്ടെന്നും ആകാശം വലത്തേ കൈയിലും ഭൂമി ഇടത്തേ കൈയിലുമാണെന്ന് പറഞ്ഞത്?, അതുമല്ലങ്കില്‍ അവന്റെ രണ്ട് കൈകളും വലത് ഭാഗത്താണെന്നും അവന് ഇടത് കൈ ഇല്ലെന്നും പറഞ്ഞതായിരിക്കുമോ? എന്തെല്ലാം വിവരക്കേടുകളാണിപ്പോള്‍ തബ്‌ലീഗ് ജമാഅത്തുകാര്‍ തിരുത്തിയത് ?
നിസ്‌കാര വേളയില്‍ നബി(സ)യെ സംബോധന ചെയ്യുന്നത് കുറ്റകരമാണ് എന്ന വാദം? സത്യത്തിന്റെ മാനദണ്ഡങ്ങളെന്ന് നബിചര്യയില്‍ വിശേഷിപ്പിക്കപ്പെട്ട പ്രവാചകാനുചരന്‍മാര്‍ തറാവീഹ് ഇരുപത് നിസ്‌കരിച്ചതിന്റെ പേരില്‍, ജുമുഅ വേളയില്‍ രണ്ട് ബാങ്ക് വിളിച്ചതിന്റെ പേരില്‍, ഖുതുബ അറബിയില്‍ നിര്‍വഹിച്ചതിന്റെ പേരില്‍ അനാചാരികളായെന്ന് പറയുന്ന മുജാഹിദ് വിവരക്കേടുകളാണോ തിരുത്തേണ്ടത് ? .
ഇസ്തിഗാസ, തവസ്സുല്‍, സിയാറത്ത്, മൗലിദ് പാരായണം…… അനേകം പുണ്യ കര്‍മങ്ങള്‍ വര്‍ജ്യമാണെന്ന നിലപാട് സ്വീകരിക്കുന്ന നജിദിയന്‍ വിവരക്കേടുകളാണോ തിരുത്തപ്പെടേണ്ടവ ? . എന്തെല്ലാം വിവരക്കേടുകള്‍ തിരുത്തിയായിരിക്കും തബ്‌ലീഗ് ജമാഅത്ത് അതിന്റെ ചെന്നായയെ പുറത്തെടുത്തിരിക്കുക ?. തങ്ങള്‍ മുജാഹിദുകള്‍ തന്നെയെന്ന് തുറന്നു പറഞ്ഞ സ്ഥിതിക്ക് ഈ കാര്യങ്ങള്‍ കൂടി വ്യക്തമാക്കാവുന്നതാണ്.
കേരളത്തിലെ ഗ്രാമങ്ങളിലും പട്ടണങ്ങളിലും ഊരു ചുറ്റി തലപ്പാവും നീളക്കുപ്പായവും കാണിച്ച് മുജാഹിദാശയം വില്‍ക്കുന്ന തബ്‌ലീഗ് കാപട്യം ഇതിനകം മുസ്‌ലിം സമുദായം തിരസ്‌കരിച്ചു കഴിഞ്ഞതാണ്. കേരളത്തില്‍ വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടു വന്ന തബ്‌ലീഗ് ആശയങ്ങള്‍ സമസ്ത ഇടപെട്ടതോടെ പൊടുന്നനെ നിലച്ചു പോയതായി കാഞ്ഞാര്‍ മൂസ മൗലാന പരിഭവിക്കുന്നുണ്ട് (ബലാഗ് മാസിക പേ: 602). തങ്ങളുടെ മാറാപ്പില്‍ നിന്ന് നജ്ദിയന്‍ ചാണകം പുറത്തു ചാടിയതിന്റെ ജാള്യത മറച്ചു വെക്കാതെ അദ്ദേഹം പ്രകടിപ്പിക്കുന്നു. സമസ്തയുടെ ഫലപ്രദമായ ഇടപെടല്‍ ഇല്ലായിരുന്നുവെങ്കില്‍ മുജാഹിദിന്റെ ഈ”തലേക്കെട്ട് പതിപ്പ് കേരളത്തില്‍ വേരുറപ്പിക്കുമായിരുന്നു. എന്തായിരുന്നു സമസ്തയുടെ എതിര്‍പ്പിന് കാരണം?. തബ്‌ലീഗ് ജമാഅത്തിലെ ചെന്നായ പുറത്ത് വന്ന സ്ഥിതിക്ക് ആ കാരണങ്ങള്‍ കൂടുതല്‍ പ്രസക്തങ്ങളായിത്തീര്‍ന്നിരിക്കുന്നു.