Thrissur
ജിസമോളുടെ ദുരൂഹ മരണം: സി ബി ഐ അന്വേഷണ പരിധിയില്‍ സ്ഥലം എസ് ഐയെയും ഉള്‍പ്പെടുത്തണം
പാവറട്ടി: പാവറട്ടി സാന്‍ജോസ് പാരിപ്പ് ആശുപത്രിയിലെ നേഴ്‌സിംഗ് വിദ്യാര്‍ഥിനിയായിരുന്ന ജിസമോള്‍ പി. ദേവസ്യയുടെ ദുരൂഹ മരണം അന്വേഷിച്ച പാവറട്ടി മുന്‍ എസ് ഐ വിജയകുമാര്‍ പിഴവു കാട്ടിയതായി പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന് കോടതി ഉത്തരവുണ്ടായ സാഹചര്യത്തില്‍ നിലവില്‍ തുടരുന്ന സി ബി ഐ അന്വേഷണ പരിധിയില്‍ വിജയകുമാറിനെയും ഉള്‍പ്പെടുത്തണമെന്നും അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്യണമെന്നും ബന്ധപ്പെട്ടവര്‍ പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
ഒമ്പത് വര്‍ഷം മുമ്പാണ് ജിസമോളെ ആശുപത്രിയിലെ ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. അന്നത്തെ പള്ളിവികാരി ഫാ.പോള്‍ പയ്യപ്പിള്ളി, ആശുപത്രി വാര്‍ഡന്‍ സിസ്റ്റര്‍ എലൈസ, പ്രിന്‍സിപ്പല്‍ മോഡസ്റ്റ, മാട്രണ്‍ എലിസബത്ത്, ട്യട്ടര്‍ ലിന്‍ഡ എന്നിവരെ പ്രതിയാക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ഒമ്പത് വര്‍ഷമായി നടക്കുന്ന നിയമ പോരാട്ടത്തിന്റെ ഭാഗമായി അന്വേഷണം സി ബി ഐ യില്‍ എത്തിച്ചിരിക്കുകയാണ്.
ദുരൂഹ മരണം നടന്ന കാലയളവില്‍ പാവറട്ടി എസ് ഐ ആയിരുന്ന വിജയകുമാര്‍ പ്രതികളെ സംരക്ഷിക്കുന്നതിന് തെളിവുകള്‍ നശിപ്പിക്കാനും തൊണ്ടികള്‍ നശിപ്പിക്കാനും സഹായിച്ചുവെന്ന് കോടതിക്ക് ബോധ്യം വന്നതായും ഇവര്‍ പറയുന്നു. വിജയകുമാറിനോട് ഡിസംബര്‍ 30 ന് കോടതിയില്‍ ഹാജരാകണമെന്ന് ചാവക്കാട് കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇദ്ദേഹത്തിന്റെ നിയമവിരുദ്ധ നടപടികളെക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് മാതാവ് ബിന്നി ദേവസ്യയും മനുഷ്യാവകാശ സംഘടനകളും പോലീസിന് പരാതി നല്‍കിയരുന്നു.
ഇതിനെ തുടര്‍ന്ന് ക്രൈംഡിറ്റാച്ച്‌മെന്റ് ഡി വൈ എസ് പി അന്വേഷിക്കുകയും ഇതിന്റെ അടിസ്ഥാനത്തില്‍ എസ് ഐ വിജയകുമാറിന് തൃശൂര്‍ എസ് പി 2008 ജൂലൈ മാസത്തില്‍ കുറ്റാരോപണ മെമ്മോ നല്‍കിയിരുന്നു.
ഈ മെമ്മോയുടെ അടിസ്ഥാനത്തില്‍ എന്ത് നടപടി സ്വീകരിച്ചുവെന്ന് വിവരാവകാശ നിയമപ്രകാരം ആവശ്യപ്പെട്ടുവെങ്കിലും സാങ്കേതിക തടസ്സങ്ങളുന്നയിച്ച് വ്യക്തമായ മറുപടി നല്‍കാതെ അധികൃതര്‍ ഒഴിഞ്ഞ് മാറുകയാണെന്നും അവര്‍ പറഞ്ഞു. ജിസ മോളുടെ ദുരൂഹ മരണത്തിന് ഈ മാസം അഞ്ചിന് ഒമ്പത് വര്‍ഷം തികയുകയും അന്നേ ദിവസം പാവറട്ടി പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ വാഹന പ്രചാരണ ജാഥയും വൈകീട്ട് പാവറട്ടി സെന്ററില്‍ പൊതു യോഗവും സംഘടിപ്പിക്കും.
ജിസമോളുളെ അമ്മ ബിന്നി ദേവസ്യ, ശ്രീധരന്‍ തേറമ്പില്‍, ആന്റെണി ചിറ്റാട്ടുകര, രവി കണ്ടംകുളത്തി, ഷീജോ വല്ലച്ചിറക്കല്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.