Connect with us

Ongoing News

രണ്ടാം മദീന, അഥവാ ഹസ്‌റത്ത്ബാല്‍ മസ്ജിദ്

Published

|

Last Updated

ലോകത്ത് പലരാജ്യങ്ങളിലായി അന്ത്യ പ്രവാചകര്‍ മുഹമ്മദ് നബി (സ)യുടെ തിരുശേഷിപ്പുകള്‍ സൂക്ഷിക്കപ്പെടുന്നത് ചരിത്രപരമായി സ്ഥിരീകരിക്കപ്പെടുകയും അംഗീകരിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. ഇത്തരം സ്ഥലങ്ങളിലെല്ലാം വിശ്വാസികളുടെ നിലക്കാത്ത പ്രവാഹവും കണ്ടുവരുന്നുണ്ട്. തിരുശേഷിപ്പുകള്‍ സംരക്ഷിച്ചുപോരുന്നതിനും അതുള്ളിടത്ത് പോയി കണ്ട് അനുഭവിക്കുന്നതിനും പണം ചിലവഴിക്കുന്നതിനും വിശ്വാസികള്‍ ഒരു പിശുക്കും കാണിക്കാറില്ല. അവ സ്വന്തമാക്കുന്നതിലും, കാപട്യമില്ലാത്ത വിശ്വാസികള്‍ക്ക് ഇന്നും മത്സരം തന്നെയാണ്.

സ്വഹാബി പ്രമുഖനും പ്രസിദ്ധ കവിയുമായ കഅ്ബ് ബ്‌നു സുഹൈര്‍ (റ) പ്രവാചക തിരുമേനിയെ പുകഴ്ത്തി കവിത ചൊല്ലിയപ്പോള്‍ തന്റെ കവിതക്ക് അംഗീകാരമായി തിരുനബി (സ) തന്റെ ഷാള്‍ അരുമശിഷ്യന് നല്‍കിയത് ചരിത്ര പ്രസിദ്ധമാണ്. തിരുനബി (സ) നല്‍കിയ ഷാള്‍ കൈവശപ്പെടുത്താന്‍ പ്രമുഖ സ്വഹാബിയും ഉമവിയ്യാ ഭരണാധികാരിയുമായ മുആവിയ (റ) വന്‍ തുക വാഗ്ദാനം നല്‍കി സമീപിച്ചെങ്കിലും, കഅ്ബ് ബ്‌നു സുഹൈര്‍ (റ) തന്റെ മരണം വരെ അത് വിട്ടുകൊടുക്കാന്‍ തയ്യാറായില്ലെന്ന് ചരിത്രം.

കഅ്ബ് ബ്‌നു സുഹൈര്‍ (റ)ന്റെ വിയോഗ ശേഷവും മുആവിയ (റ) തന്റെ ശ്രമം തുടര്‍ന്നുകൊണ്ടിരുന്നു. പിതാവിന്റെ മരണശേഷം തന്റെ മക്കളില്‍ നിന്ന് പതിനായിരം ദിര്‍ഹം നല്‍കിയാണ് മുആവിയ (റ) അത് കൈക്കലാക്കിയത്. സാധാരണ നൂലുകൊണ്ട് നിര്‍മിക്കപ്പെട്ടതാണെങ്കിലും അസാധാരണത്വമുള്ളതാണ് ആ ഷാള്‍ എന്ന തിരിച്ചറിവില്‍ നിന്നാണ് അതിന് ഇത്രയും വലിയ വില നല്‍കാന്‍ സ്വഹാബി പ്രമുഖന്‍ തയ്യാറായത്. കാപട്യം കലരാത്ത വിശ്വാസമുള്ളവര്‍ക്ക് മാത്രമെ ഇത്തരം സാധനങ്ങളുടെ വിലയറിയൂ. അല്ലാത്തവര്‍ക്ക് ഈ ഷാളും കേവലം ഷാള്‍ മാത്രം. പ്രാദേശിക വിപണിയിലുള്ളതിനപ്പുറം അതിന് വില നല്‍കുന്നവന്‍ കഥയില്ലാത്തവനും വ്യക്തി പൂജകനും!

HAZRATH BAL

ഹസ്റത്ത്ബാല്‍ മസ്ജിദില്‍ തിരുകേശ ദര്‍ശനത്തിനെത്തിയ വിശ്വാസികള്‍ (ഫയല്‍ ചിത്രം)

പ്രവാചക തിരുശേഷിപ്പുകള്‍ നൂറ്റാണ്ടുകള്‍ പിന്നിട്ടിട്ടും ഇന്നും പല രാജ്യങ്ങളിലും അത് ഭംഗിയായും അത്യാദരവോടെയും സൂക്ഷിക്കപ്പെടുന്നു. അത്തരമൊരു തിരുശേഷിപ്പ് സംരക്ഷിച്ചുപോരുന്ന ഇന്ത്യയിലെ ഒരു പ്രമുഖ കേന്ദ്രമാണ് ജമ്മു കാശ്മീര്‍ ശ്രീ നഗറിലെ ഹസ്‌റത്ത് ബാല്‍ മസ്ജിദ്. പ്രവാചകരുടെ തിരുദേഹത്തിലെ ഒരു കേശമാണ് ഇവിടെ വലിയ പരിഗണനയോടെ നൂറ്റാണ്ടുകളായി പരിരക്ഷിച്ചുപോരുന്നത്.

ആദരണീയം എന്നര്‍ഥമുള്ള ഹസ്‌റത്, കേശം എന്നര്‍ഥമുള്ള ബാല്‍ എന്നീ ഉര്‍ദു പദങ്ങള്‍ ചേര്‍ത്ത് ഈ പള്ളിയെ വിളിക്കപ്പെടുന്നത് തന്നെ, ഈ കേന്ദ്രം കേവലമൊരു വിനോദ സഞ്ചാരയിടം എന്നതിലപ്പുറം ലോക വിശ്വാസികളുടെ മനസ്സില്‍ ഇടം പിടിച്ച മഹനീയ കേന്ദ്രമാണിതെന്ന് വ്യക്തമാക്കുന്നുണ്ട്. ഹസ്‌റത് ബാല്‍ എന്നതിനുപുറമെ, ആസാറെ ശരീഫ് (തിരു ശേഷിപ്പ്), അല്‍ മദീനത്തു സ്സാനിയ (രണ്ടാം മദീന) എന്നീ പേരുകളിലും ഈ കേന്ദ്രം അറിയപ്പെടുന്നുണ്ട്. ഈ പേരുകളിലൊക്കെയും ഇതിന്റെ ചരിത്രപരമായ ഇടവും മഹത്വവും പ്രകടിപ്പിക്കുന്ന സൂചകങ്ങളുണ്ട്.

ശ്രീനഗറില്‍ ലാല്‍ ചൗക്കില്‍ നിന്ന് ഏതാനും കി.മീറ്റര്‍ അകലെ, ലോക പ്രസിദ്ധമായ കാശ്മീരിന്റെ സ്വന്തം ലാല്‍ തടാകത്തിന്റെ തീരത്ത് സ്ഥിതി ചെയ്യുന്ന ഹസ്‌റത് ബാല്‍ മസ്ജിദ് നര്‍മിക്കപ്പെട്ടത് 17-ാം നൂറ്റാണ്ടിലാണ്. മുകള്‍ ചക്രവര്‍ത്തി ഷാജഹാന്റെ സൈനിക ഉദ്യോഗസ്ഥനായിരുന്ന സ്വാദിഖ് ഖാന്‍ ഇവിടെ 1623ല്‍ ഭംഗിയുള്ള പൂന്തോട്ടവും നടുവില്‍ ഒരു മനോഹരമായ വിശ്രമകേന്ദ്രവും പണിതു. 1634ല്‍ ഇവിടം സന്ദര്‍ശിച്ച ഷാജഹാന്‍ ചക്രവര്‍ത്തി ഇതിനെ മസ്ജിദാക്കി മാറ്റാന്‍ ഉത്തരവിട്ടു.

മുഗള്‍ ചക്രവര്‍ത്തി ഔറംഗസീബിന്റെ കാലത്താണ് ഹസ്രത്ത് ബാലില്‍ സൂക്ഷിച്ച തിരുകേശം കാശ്മീരിലെത്തിയത്. 1635ല്‍ വിശുദ്ധ മദീനയില്‍ നിന്നുവന്ന് ബീജാപൂരില്‍ താമസമാക്കിയ സയ്യിദ് അബ്ദുല്ല (റ)ലൂടെയാണ് ഇത് ഇന്ത്യയിലെത്തിയത്. ഇത് ഷാജഹാന്‍ ചക്രവര്‍ത്തിയുടെ കാലത്തായിരുന്നു. തന്റെ വിയോഗ ശേഷം തന്റെ മകന്‍ സയ്യിദ് ഹാമിദ് ഈ തിരുകേശം കാശ്മീരിലെ അക്കാലത്തെ വ്യാപാരിയും സമ്പന്നനുമായ ഒരാള്‍ക്ക് കൈമാറി. തിരുകേശം കാശ്മീരിലെത്തിയതിങ്ങനെയാണ്.

ഔറംഗസീബിന്റെ കാലത്ത് കാശ്മീരില്‍ എത്തിയ തിരുകേശം ആദ്യം സൂക്ഷിക്കപ്പെട്ടിരുന്നത് നഗരത്തിലെ തന്നെ പ്രമുഖ തീര്‍ഥാടന കേന്ദ്രമായ നഖ്ശബന്ത് സാഹിബ് ദര്‍ഗയിലായിരുന്നു. തിരുകേശം ദര്‍ശിക്കാന്‍ ദിനേന ഒഴുകിയെത്തിയ ജനസഞ്ചയത്തെ ഉള്‍ക്കൊള്ളാന്‍ ഇവിടം കഴിയാതെ വന്നപ്പോള്‍, ലാല്‍ തടാകത്തിനു സമീപം ഷാജഹാന്‍ പണികഴിപ്പിച്ച വിശാലമായ ആരാധനാലയത്തിലേക്ക് തിരുകേശം മാറ്റാന്‍ ഔറംഗസീബ് നിര്‍ദേശിച്ചു. ഇതോടെ കേവലം ഒരു ചെറിയ പ്രദേശത്ത് മാത്രം അറിയപ്പെട്ടിരുന്ന ഒരു ആരാധനാലയം ലോക മുസ്‌ലിംകളുടെ മനസ്സില്‍ ഇടംനേടിയ ഹസ്‌റത് ബാല്‍ മസ്ജിദായി മാറി. ആത്മീയ കേന്ദ്രമെന്നതിനു പുറമെ, പ്രകൃതി സുന്ദരമായ കാശ്മീര്‍ താഴ്‌വരയിലെത്തുന്ന വിനോദ സഞ്ചാരികളുടെ ഏറ്റവും പ്രിയപ്പെട്ട ആകര്‍ഷണ കേന്ദ്രവുമായി മാറി ഈ വെള്ള മാര്‍ബിളില്‍ പണിത ഹസ്‌റത് ബാല്‍ മസ്ജിദ്. 1980 കാലത്ത് കാശ്മീര്‍ മുഖ്യമന്ത്രിയായിരുന്ന ശൈഖ് അബ്ദുല്ല ഹസ്‌റത്ത് ബാല്‍ മനോഹരമായി പുതുക്കിപ്പണിതു. പള്ളിക്ക് ഇന്ന് കാണുന്ന മനോഹാരിത കൈവന്നത് ഇതിനുശേഷമാണ്.

കാശ്മീരിലെ മുഖ്യമായ ഒരാഘോഷമാണ് ഇന്നും തിരുകേശ പ്രദര്‍ശനം. രാജ്യത്തിന്റെയും ലോകത്തിന്റെയും നാനാഭാഗത്ത് നിന്നും വിശ്വാസികള്‍ തിരുകേശ പ്രദര്‍ശനവേളയില്‍ അതിന് സാക്ഷികളാകാന്‍ എത്താറുണ്ട്. വിശേഷ ദിവസങ്ങളിലാണ് പ്രദര്‍ശനം നടക്കുക. അതില്‍ പ്രധാനം മിഅ്‌റാജ് (റജബ് 27)ദിനമാണ്. ഹസ്‌റത് ബാല്‍ മസ്ജിദില്‍ സൂക്ഷിക്കപ്പെടുന്ന തിരുകേശം വിശ്വാസി ഹൃദയങ്ങളില്‍ എന്തുമാത്രം സ്വാധീനിച്ചു എന്നതിന്റെ ഏറ്റവും നല്ല തെളിവാണ് 1963 ഡിസംബറില്‍ കാശ്മീരിലെ പൊതുജനങ്ങള്‍ കൂട്ടത്തോടെ തെരുവിലിറങ്ങിയത്. ഹസ്‌റത് ബാല്‍ മസ്ജിദില്‍ നിന്ന് തിരുകേശം അപ്രത്യക്ഷമായെന്ന വാര്‍ത്ത പരന്നതായിരുന്നു ജനങ്ങളെ ഒന്നടങ്കം പ്രകോപിപ്പിച്ചത്. അവാമി ആക്ഷന്‍ കമ്മിറ്റി എന്ന പേരില്‍ ഒരു സമര സമിതി തന്നെ ഇതിന്റെ പേരില്‍ ഇക്കാലത്ത് രൂപീകരിക്കപ്പെട്ടു.

ഇന്ത്യയുടെ കരുത്തനായ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നഹ്‌റുവിന്റെ ഭരണകാലമായിരുന്നു അന്ന്. പൊതുജന പ്രക്ഷോപം അനിയന്ത്രിതമായി പടരുന്നത് ശ്രദ്ധയില്‍പെട്ട നെഹ്‌റു 1963 ഡിസംബര്‍ 31ന് ഇതുമായി ബന്ധപ്പെട്ട് രാജ്യത്തെ പ്രത്യേകമായി അഭിസംബോധന ചെയ്തു.

എന്തുവിലകൊടുത്തും കാണാതായ തിരുകേശം തിരിച്ചെത്തിക്കുമെന്ന് തന്റെ പ്രസംഗത്തിലൂടെ ഉറപ്പ് നല്‍കിയതോടെയാണ് ജനം ശാന്തമായത്. നിയമപാലകരുടെ ശക്തമായ ഇടപെടലിനും തിരച്ചിലിനുമൊടുവില്‍ 1964 ജനുവരി നാലിന് കാണാതായ തിരുകേശം തിരിച്ചെത്തിച്ചു. ഇന്നും വിശ്വാസികള്‍ക്ക് ആശ്വാസമായി തിരുകേശം ഹസ്‌റത് ബാല്‍ മസ്ജിദില്‍ പ്രദര്‍ശിപ്പിക്കപ്പെടുന്നു.