Connect with us

National

കള്ളപ്പണം: നികുതി വെട്ടിപ്പിന് തെളിവ് വേണമെന്ന് സ്വിറ്റ്‌സര്‍ലാന്‍ഡ്

Published

|

Last Updated

ന്യൂഡല്‍ഹി: വിദേശ ബേങ്കുകളിലെ കള്ളപ്പണ നിക്ഷേപത്തെ കുറിച്ച് ഇന്ത്യയിലെ ഏജന്‍സികള്‍ സ്വതന്ത്ര അന്വേഷണം നടത്തണമെന്നും അല്ലാത്തപക്ഷം അക്കൗണ്ട് ഉടമകളുടെ പേരുവിവരങ്ങള്‍ ചോദിക്കാന്‍ അധികൃതര്‍ക്ക് അവകാശമില്ലെന്നും സ്വിറ്റ്‌സര്‍ലാന്‍ഡ്. വിദേശ രാജ്യങ്ങളിലെ കള്ളപ്പണം തിരികെയെത്തിക്കാനുള്ള ശ്രമങ്ങള്‍ തുടരുന്നതിനിടെയാണ് സ്വിറ്റ്‌സര്‍ലാന്‍ഡ് നിലപാട് വ്യക്തമാക്കിയത്. കള്ളപ്പണം തിരികെയെത്തിക്കാനുള്ള ഇന്ത്യയുടെ ശ്രമങ്ങള്‍ക്ക് എല്ലാവിധ പിന്തുണയും നല്‍കാന്‍ തയ്യാറാണ്. എന്നാല്‍, നികുതി വെട്ടിച്ച് വിദേശത്ത് നിക്ഷേപിച്ചിരിക്കുന്ന പണത്തെക്കുറിച്ച് തെളിവ് നല്‍കണമെന്ന് ഇന്ത്യയിലെ സ്വിസ് അംബാസിഡര്‍ ലിനസ് വോണ്‍ കാസ്റ്റല്‍മര്‍ പറഞ്ഞു. ഇരുട്ടില്‍ തപ്പിയിട്ട് കാര്യമില്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സ്വിറ്റ്‌സര്‍ലാന്‍ഡിലെ വിവിധ ബേങ്കുകളിലായി വിവിധ രാജ്യക്കാര്‍ നിക്ഷേപിച്ച പണം മുഴുവനും നികുതി നല്‍കിയ ശേഷമുള്ള പണമാണെന്ന് കരുതുന്നില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. വിവിധ ഉറവിടങ്ങളില്‍ നിന്നായി ദശാബ്ദങ്ങളായി സ്വിറ്റ്‌സര്‍ലാന്‍ഡിലേക്ക് പണം ഒഴുകാറുണ്ട്. ചോര്‍ത്തിയ അക്കൗണ്ട് വിവരങ്ങളുടെ അടിസ്ഥാനത്തില്‍ കള്ളപ്പണ അന്വേഷണവുമായി സഹകരിക്കാനാകില്ല. വിദേശ ബേങ്കുകളിലെ കള്ളപ്പണവുമായി ബന്ധപ്പെട്ട് ഇന്ത്യയിലെ ഏജന്‍സികള്‍ സ്വതന്ത്ര അന്വേഷണം നടത്തണമെന്നും നികുതി വെട്ടിപ്പ് നടന്നുവെന്ന് പ്രഥമദൃഷ്ട്യാ ബോധ്യപ്പെടണമെന്നും ലിനസ് വോണ്‍ പറഞ്ഞു.
വിദേശ രാജ്യങ്ങളില്‍ സൂക്ഷിച്ചിട്ടുള്ള കള്ളപ്പണം തിരികെ എത്തിക്കുന്ന കാര്യത്തില്‍ നിരവധി വര്‍ഷങ്ങളായി ചര്‍ച്ച നടക്കുകയാണ്. അധികാരത്തിലെത്തിയാല്‍ നൂറ് ദിവസത്തിനുള്ളില്‍ കള്ളപ്പണം മുഴുവന്‍ തിരികെ എത്തിക്കുമെന്ന് ബി ജെ പി അവകാശപ്പെട്ടിരുന്നു. ഇക്കാര്യം ഉയര്‍ത്തി കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ പാര്‍ലിമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ ബഹളം തുടരുന്നതിനിടെയാണ് തെളിവ് വേണമെന്ന നിലപാടുമായി സ്വിസ് അംബാസിഡര്‍ രംഗത്തെത്തിയത്. കള്ളപ്പണം തിരികെ എത്തിക്കുന്നതിന് സുപ്രീം കോടതിയുടെ മേല്‍നോട്ടത്തില്‍ പ്രത്യേക സംഘം അന്വേഷണം നടത്തുന്നുണ്ട്.

Latest