Connect with us

Kozhikode

ന്യൂനപക്ഷ വിദ്യാഭ്യാസത്തിന് കേരളത്തെ മാതൃകയാക്കണം: കാന്തപുരം

Published

|

Last Updated

തേഞ്ഞിപ്പലം: ന്യൂനപക്ഷ വിദ്യാസ രംഗത്തെ പുരോഗതിക്ക് കേരളത്തെ മാതൃകയാക്കണമെന്ന് അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ പറഞ്ഞു. മുസ്‌ലിംപണ്ഡിതന്‍മാരുടെ നിരന്തരമായ ശ്രമങ്ങളുടെ ഫലമായിട്ടാണ് വിദ്യാഭ്യാസ മേഖലയില്‍ കേരളത്തിലെ മുസ്‌ലിംന്യൂനപക്ഷം പുരോഗതിയിലെത്തിയത്. മത-ഭൗതിക സമന്വയ വിദ്യാഭ്യാസമാണ് രാജ്യത്തിന് ആവശ്യമായിട്ടുള്ളത്. എന്നാല്‍ സര്‍ക്കാറില്‍ നിന്ന് ഇത്തരം സ്ഥാപനങ്ങള്‍ക്ക് വേണ്ടത്ര പരിഗണന ലഭിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
ന്യൂനപക്ഷ വിദ്യാഭ്യാസം , കേരളീയ മാതൃകയുടെ സാധ്യതകളും വെല്ലുവിളികളും എന്ന വിഷയത്തില്‍ കാലിക്കറ്റ് സര്‍വകലാശാല ടാഗോര്‍ നികേതന്‍ഹാളില്‍ നടന്ന സെമിനാറില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. മതവിദ്യാഭ്യാസത്തെ എല്ലാ കാലത്തും സര്‍ക്കാറുകള്‍ രണ്ടാംതരമായിട്ടാണ് പരിഗണിക്കുന്നത്. ഇത് ദു:ഖകരമാണ്. വിദ്യാഭ്യാസ പുരോഗതി ധാര്‍മികതയുടെ കൂടി ഭാഗമാണ്. ഇതിനാലാണ് സമന്വയ വിദ്യാഭ്യാസത്തെ പ്രോത്സാഹിപ്പിക്കുകയും അതിന് വേണ്ടി പ്രവര്‍ത്തിക്കുകയും ചെയ്യുന്നത്. രണ്ട് വിദ്യാഭ്യാസവും ലഭിക്കുമ്പോഴാണ് സമൂഹം ശക്തി പ്രാപിക്കുകയും പുരോഗതി കൈവരിക്കുകയും ചെയ്യുക. എല്ലാവര്‍ക്കും തൊഴില്‍ ലഭ്യമാക്കണമെങ്കില്‍ തൊഴിലധിഷ്ഠിത വിദ്യാഭ്യാസം നല്‍കുന്ന സ്ഥാപനങ്ങള്‍ ഇനിയും ഉയര്‍ന്ന് വരേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. സര്‍വകലാശാലകള്‍ ഇപ്പോഴും രാഷ്ട്രീയവത്കരണത്തിന്റെ പിടിയിലാണെന്നും സമ്പന്നര്‍ക്ക് മാത്രം വിദ്യാഭ്യാസം നല്‍കുന്ന സ്ഥാപനമായി മാറിയിരിക്കുകയാണെന്നും സെമിനാറില്‍ പ്രസംഗിച്ച ചരിത്രകാരന്‍ ഡോ. കെ കെ എന്‍ കുറുപ്പ് അഭിപ്രായപ്പെട്ടു. വിദ്യാഭ്യാസം നിഷേധിക്കപ്പെട്ട വലിയൊരു വിഭാഗം സമൂഹത്തിലുള്ളപ്പോഴാണ് സര്‍വകലാശാലകള്‍ ഒരു വിഭാഗത്തിന്റേത് മാത്രമാകുന്നതെന്നും അദ്ദേഹം പറഞ്ഞു. കാലിക്കറ്റ് യൂനിവേഴ്‌സിറ്റി വൈസ് ചാന്‍സിലര്‍ ഡോ. എം അബ്ദുസ്സലാം സെമിനാര്‍ ഉദ്ഘാടനം ചെയ്തു. മര്‍കസ് നോളജ് സിറ്റി സി ഇ ഒ. ഡോ. പി എം അബ്ദുസ്സലാം അധ്യക്ഷത വഹിച്ചു. ഡോ. ഹുസൈന്‍ രണ്ടത്താണി വിഷയാവതരണം നടത്തി. പ്രൊഫ. കെ ഇ എന്‍ കുഞ്ഞഹമ്മദ്, കെ എ നുഐമാന്‍, ഡോ. എ ബി മൊയ്തീന്‍കുട്ടി, ഡോ. അബൂബക്കര്‍ പത്തംകുളം, അഡ്വ. സമദ് പുലിക്കാട്, കെ കലാം മാവൂര്‍ പ്രസംഗിച്ചു.