Connect with us

Ongoing News

സുധീരനെതിരെ ഉമ്മന്‍ ചാണ്ടിയും രമേശും

Published

|

Last Updated

തിരുവനന്തപുരം: പാര്‍ട്ടിയില്‍ നിന്ന് മുമ്പത്തെ പോലെ സര്‍ക്കാറിന് സഹകരണം ലഭിക്കുന്നില്ലെന്ന് ഉമ്മന്‍ ചാണ്ടിക്കും രമേശ് ചെന്നിത്തലക്കും പരാതി. പാര്‍ട്ടി നിലപാട് അടിച്ചേല്‍പ്പിക്കുന്ന സാഹചര്യമുണ്ടെന്നും കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ ഇരുവരും പരാതിപ്പെട്ടു.

ലോക്‌സഭാ തിരെഞ്ഞെടുപ്പിനെ ഒറ്റക്കെട്ടായാണ് നേരിട്ടതെന്നും ഇതിന്റെ ഗുണം പാര്‍ട്ടിക്ക് ലഭിച്ചെന്നും ഇപ്പോള്‍ സാഹചര്യം മാറിയെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. മുന്നണിയുടെ കെട്ടുറപ്പിനെപോലും ബാധിക്കും വിധം അനാവശ്യ ഇടപെടലുകള്‍ നടക്കുകയാണ്. പാര്‍ട്ടിയും സര്‍ക്കാറും രണ്ടുവഴിക്കാണെന്ന സന്ദേശമാണ് ജനങ്ങള്‍ക്ക് ലഭിക്കുന്നത്. ഇതിന് പരിഹാരമുണ്ടായില്ലെങ്കില്‍ വരും തിരഞ്ഞെടുപ്പുകളില്‍ തിരിച്ചടി നേരിടുമെന്നും ഇരുനേതാക്കളും മുന്നറിയിപ്പ് നല്‍കി. മന്ത്രിമാരായ കെ സി ജോസഫും ആര്യാടന്‍ മുഹമ്മദും സമാന നിലപാട് തന്നെ രാഹുലിന് മുന്നില്‍ അവതരിപ്പിച്ചു. തീരുമാനങ്ങള്‍ അടിച്ചേല്‍പ്പിക്കാനാണ് പാര്‍ട്ടി ശ്രമിക്കുന്നത്. ഇത് മുന്നണി സംവിധാനത്തിന് ദോഷകരമാണ്. പാര്‍ട്ടിയില്‍ നിന്ന് കിട്ടേണ്ട പിന്തുണ സര്‍ക്കാറിന് ലഭിക്കുന്നില്ലെന്ന പരാതിയും അവര്‍ ഉന്നയിച്ചതായാണ് സൂചന. മറ്റ് കോണ്‍ഗ്രസ് മന്ത്രിമാരും ഒറ്റക്കൊറ്റക്ക് രാഹുലുമായി കൂടിക്കാഴ്ച നടത്തി.
അതേസമയം, ഘടക കക്ഷികളെ കേന്ദ്രീകരിച്ച് അഴിമതി ആരോപണങ്ങള്‍ ഉയരുന്നത് ദോഷകരമാണെന്ന് യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ അറിയിച്ചു. സര്‍ക്കാര്‍ നിരവധി ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ട്. എന്നാല്‍ ഘടകകക്ഷികളെ കേന്ദ്രീകരിച്ച് അഴിമതി ആരോപണങ്ങള്‍ ഉയരുന്നത് കാരണം രണ്ടാം യു പി എ സര്‍ക്കാറിന് സംഭവിച്ച അപകടം ഇവിടെയും ഉണ്ടായേക്കാമെന്നും ഡീന്‍ കുര്യാക്കോസ്, സി ആര്‍ മഹേഷ്, മാത്യൂ കുഴല്‍നാടന്‍ എന്നിവരടങ്ങിയ യൂത്ത്‌കോണ്‍ഗ്രസ് സംഘം അറിയിച്ചു. പാര്‍ട്ടിയും സര്‍ക്കാറും യോജിച്ചുപോകാന്‍ നടപടിവേണമെന്നും മുന്‍ യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് അര്‍ഹമായ സ്ഥാനം പാര്‍ട്ടിയില്‍ ഉറപ്പാക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. സര്‍ക്കാറിന്റ മദ്യനയവും ഫഌകസ് നിരോധവും തൊഴിലാളി വിരുദ്ധനടപടികളാണെന്നും തിരുത്താന്‍ നിര്‍ദേശിക്കണമെന്നും രാഹുലിനെ സന്ദര്‍ശിച്ച് ഐ എന്‍ ടി യു സി സംസ്ഥാന പ്രസിഡന്റ് ആര്‍ ചന്ദ്രശേഖരന്‍ ആവശ്യപ്പെട്ടു. സര്‍ക്കാര്‍ പ്രഖ്യാപിച്ച മദ്യനയത്തില്‍ നിന്ന് പിന്നാക്കം പോകരുതെന്നായിരുന്നു മഹിളാ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ ബിന്ദു കൃഷ്ണയുടെ നിലപാട്.
രാഹുല്‍ഗാന്ധിയുടെ ഇത്തവണത്തെ സന്ദര്‍ശനത്തിനിടെ ഗ്രൂപ്പുതിരിഞ്ഞ് ആര്‍ക്കെങ്കിലും എതിരെ പരാതി പറയാന്‍ യാതൊരു ശ്രമവും ഉണ്ടായില്ല. എന്നാല്‍, സര്‍ക്കാറും പാര്‍ട്ടിയും കൂടുതല്‍ യോജിച്ചുപോകണമെന്ന വികാരം പൊതുവെ ഉയര്‍ന്നു. മുന്നണിക്കുള്ളില്‍ കൂടുതല്‍ ഏകോപനം ഉണ്ടാകണമെന്ന് കഴിഞ്ഞ ദിവസം അദ്ദേഹത്തെ സന്ദര്‍ശിച്ച് ഘടകകക്ഷിനേതാക്കളും ആവശ്യപ്പെട്ടിരുന്നു. സംസ്ഥാനത്ത് പാര്‍ട്ടിയില്‍ ചെറിയ ചില പ്രശ്‌നങ്ങള്‍ ഉണ്ടെന്നും അത് ഉടന്‍ പരിഹരിക്കുമെന്നും നേതാക്കളുമായുള്ള കൂടിക്കാഴ്ചകള്‍ക്ക് ശേഷം രാഹുല്‍ ഗാന്ധി വ്യക്തമാക്കി. അതേസമയം, കെ പി സി സി പ്രസിഡന്റിനെതിരെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും ആഭ്യന്തരവകുപ്പ് മന്ത്രി രമേശ് ചെന്നിത്തലയും രാഹുല്‍ ഗാന്ധിക്ക് പരാതി നല്‍കിയെന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്നും ആരോ മനഃപൂര്‍വം കെട്ടിച്ചമച്ചതാണെന്നും കോണ്‍ഗ്രസ് വക്താവ് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു. ഇത്തരമൊരു വാര്‍ത്ത വന്ന വിവരം വിമാനത്താവളത്തില്‍ വെച്ച് രാഹുല്‍ ഗാന്ധിയുടെ ശ്രദ്ധയില്‍ പെടുത്തിയപ്പോള്‍ അദ്ദേഹത്തെ യാത്ര അയക്കാന്‍ വന്ന കോണ്‍ഗ്രസ് നേതാക്കന്മാരുടെ സാന്നിധ്യത്തില്‍ വെച്ച് രാഹുല്‍ ഗാന്ധി അത് പരസ്യമായി നിഷേധിച്ചു.