Connect with us

Eranakulam

അഭിഭാഷകയെ അപമാനിച്ചതിന് ചുംബന സമരനായകന്‍ അറസ്റ്റില്‍

Published

|

Last Updated

കൊച്ചി: ഫേസ്ബുക്കിലൂടെ അഭിഭാഷകയെ അപമാനിച്ച കേസില്‍ ചുംബന സമരനായകന്‍ രാഹുല്‍ പശുപാലനെ പോലീസ് അറസ്റ്റ് ചെയ്തു. എറണാകുളം സ്വദേശിനി അഡ്വ. രാജേശ്വരി നല്‍കിയ പരാതിയില്‍ സെന്‍ട്രല്‍ പോലീസ് കേസെടുത്തതിനെ തുടര്‍ന്ന് രാഹുല്‍ പശുപാലന്‍ ഇന്നലെ സ്റ്റേഷനില്‍ ഹാജരാകുകയായിരുന്നു. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം രാഹുലിനെ ജാമ്യത്തില്‍ വിട്ടയച്ചു.
തന്റെ ഫേസ്ബുക്ക് പ്രൊഫൈല്‍ ചിത്രം തന്റെ അനുമതി കൂടാതെ അപകീര്‍ത്തികരമായ വിധത്തില്‍ രാഹുല്‍ പശുപാലന്‍ അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പേജില്‍ ഇട്ടുവെന്നാണ് രാജേശ്വരിയുടെ പരാതി. അനുമതി കൂടാതെ ഒരാളുടെ ചിത്രം അയാളെ അപകീര്‍ത്തിപ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടെ മറ്റൊരാള്‍ പ്രചരിപ്പിക്കുന്നത് കേരള പോലീസ് ആക്ടിന്റെ സെക്ഷന്‍ 118 ഡി പ്രകാരം കുറ്റകരമായതിനാലാണ് രാഹുലിനെതിരെ കേസെടുത്തതെന്ന് പോലീസ് അറിയിച്ചു.
എന്നാല്‍ രാജേശ്വരിക്കെതിരെ ഫേസ്ബുക്കില്‍ എഴുതിയ കാര്യങ്ങളില്‍ ഉറച്ചു നില്‍ക്കുന്നതായി രാഹുല്‍ പശുപാലന്‍ പറഞ്ഞു. രാജേശ്വരി പങ്കാളിയായ മംഗള്‍മൂവീസിന്റെ ബാനറില്‍ ആറ് മാസം മുമ്പ് നിര്‍മിക്കാനിരുന്ന സിനിമയുടെ സംവിധായകനായി നിശ്ചയിച്ചിരുന്നത് രാഹുല്‍ പശുപാലനെയായിരുന്നു. ഫഌറ്റ് വാടകക്കെടുത്ത് രാഹുലും ടീമും ചിത്രത്തിന്റെ തിരക്കഥയും അനുബന്ധ ജോലികളും പൂര്‍ത്തിയാക്കിയെങ്കിലും ഇടക്കുവെച്ച് ചിത്രം മുടങ്ങി. മംഗള്‍ മൂവീസ് എന്ന പേരില്‍ നിര്‍മാണ കമ്പനിയില്ലെന്നും സിനിമാ നിര്‍മാണത്തിന്റെ മറവില്‍ മറ്റ് ചില ലക്ഷ്യങ്ങളാണ് രാജേശ്വരിക്കുണ്ടായിരുന്നതെന്നും ബോധ്യപ്പെട്ടതിനെതുടര്‍ന്ന് ഇക്കാര്യങ്ങള്‍ അഞ്ച് മാസം മുമ്പ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യുകയായിരുന്നുവെന്നാണ് രാഹുല്‍ പറയുന്നത്. നാല് ദിവസം മുമ്പാണ് അഡ്വ. രാജലക്ഷ്മി രാഹുല്‍ പശുപാലനെതിരെ സെന്‍ട്രല്‍ പോലീസില്‍ പരാതി നല്‍കിയത്.
സിനിമയുമായി ബന്ധപ്പെടുത്തി രാഹുല്‍ പശുപാലന്‍ ഉന്നയിക്കുന്ന ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് അഡ്വ. രാജേശ്വരി പറഞ്ഞു. എന്നാല്‍ ആരോപണങ്ങള്‍ കോടതിയെ ബോധ്യപ്പെടുത്തുമെന്ന് രാഹുല്‍ പശുപാലന്‍ വ്യക്തമാക്കി.

Latest