Connect with us

Kannur

മോദിയുടെ വര്‍ഗീയ അജന്‍ഡകള്‍ക്കെതിരെ ജാഗ്രത വേണം: പ്രശാന്ത് ഭൂഷണ്‍

Published

|

Last Updated

കണ്ണൂര്‍: മുഖ്യമന്ത്രി സ്ഥാനത്തിനായി ബി ജെ പിയിലേക്ക് ചേക്കേറിയ കിരണ്‍ ബേദിയുടേത് അവസരവാദ രാഷ്ട്രീയമാണെന്നും തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലിറങ്ങുമ്പോള്‍ ചില സംഘടനകളും വിട്ടുവീഴ്ചയ്ക്കു തയ്യാറാകുന്നുവെന്നും ആം ആദ്മി പാര്‍ട്ടി കേന്ദ്രകമ്മിറ്റി അംഗവും അഴിമതി വിരുദ്ധ പ്രസ്ഥാന പ്രവര്‍ത്തകനുമായ പ്രശാന്ത് ഭൂഷണ്‍. എന്നാല്‍ ആം ആദ്മി പാര്‍ട്ടി ഇതുപോലുള്ള വിട്ടുവീഴ്ച നിലപാടുകള്‍ക്ക് നില്‍ക്കരുതെന്നും നേരത്തെയുള്ള നിലപാടുകളില്‍ ഉറച്ച് നില്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂര്‍ പ്രസ്സ് ക്ലബില്‍ മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആം ആദ്മി പാര്‍ട്ടി രൂപവത്കൃതമാകുന്നതു തന്നെ അഴിമതി വിരുദ്ധ ജനകീയ പോരാട്ടത്തില്‍ നിന്നാണ്. അഴിമതിക്കെതിരേയുള്ള വികാരം ജനങ്ങള്‍ക്കിടയില്‍ മറ്റൊരു രാഷ്ട്രീയപാര്‍ട്ടിക്കും കഴിയാത്ത വിധത്തില്‍ ഉയര്‍ത്തിക്കൊണ്ടുവരാന്‍ കഴിഞ്ഞ പ്രസ്ഥാനമാണ് ഈ പാര്‍ട്ടിയെന്നും അദ്ദേഹം പറഞ്ഞു. അഴിമതി തടയുന്നതിനുള്ള ജന്‍ലോക്പാല്‍ ബില്ലിനു വേണ്ടി നടന്ന പോരാട്ടത്തില്‍ കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള മുഖ്യധാരാ പാര്‍ട്ടികള്‍ വിട്ടുനില്‍ക്കുകയായിരുന്നു. കുത്തകളില്‍ നിന്നും കള്ളപ്പണക്കാരില്‍ നിന്നും ഫണ്ട് സ്വീകരിക്കുന്നതില്‍ എല്ലാ മുഖ്യധാരാ രാഷ്ട്രീയപാര്‍ട്ടികളും മുന്നിലാണ്. അതുകൊണ്ടു തന്നെയാണ് ഇവര്‍ കള്ളപ്പണക്കാര്‍ക്കെതിരേ ശബ്ദമുയര്‍ത്താന്‍ മടിക്കുന്നത്.
രാജ്യത്തെ നൂറ് വര്‍ഷം പിറകിലേക്ക് നയിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും കേന്ദ്രസര്‍ക്കാരിന്റെയും വര്‍ഗീയ അജന്‍ഡകള്‍ക്കെതിരെ രാജ്യം കരുതിയിരിക്കണം. ഫാസിസ്റ്റ് ശക്തികള്‍ക്ക് പിടിമുറുക്കാന്‍ മോദി സഹായം നല്‍കുകയാണ്. അഴിമതി തടയാന്‍ മോദിക്കു കഴിയുന്നില്ല. പങ്കാളിത്തകരാറിലൂടെയും വിദേശത്തു രജിസ്റ്റര്‍ ചെയ്ത കമ്പനികളിലൂടയും കള്ളപ്പണം ഇന്ത്യന്‍ ഓഹരി വിപണിയിലെത്തുന്നുണ്ട്. രണ്ടിലും നിക്ഷേപകരാരാണെന്നു വ്യക്തമാകില്ല. ഇതിന്റെ വ്യക്തമായ തെളിവുകള്‍ നേരത്തെ തന്നെ കേന്ദ്രസര്‍ക്കാറിനു നല്‍കിയതാണെങ്കിലും തടയാന്‍ ഇതുവരെ നടപടിയുണ്ടായിട്ടില്ലെന്നും പ്രശാന്ത് ഭൂഷണ്‍ പറഞ്ഞു.

---- facebook comment plugin here -----

Latest