Connect with us

National

ചര്‍ച്ച് ആക്രമണം: ഡല്‍ഹിയില്‍ പ്രതിഷേധക്കാരെ പോലീസ് റോഡിലൂടെ വലിച്ചിഴച്ചു

Published

|

Last Updated

ന്യൂഡല്‍ഹി: തുടര്‍ച്ചയായുണ്ടാകുന്ന ചര്‍ച്ച് ആക്രമണത്തില്‍ പ്രതിഷേധിച്ച് പ്രകടനം നടത്തിയവര്‍ക്കെതിരെ ഡല്‍ഹി പോലീസിന്റെ ക്രൂരമര്‍ദനം. പ്രതിഷേധത്തില്‍ പങ്കെടുത്ത പാതിരിമാര്‍, കന്യാസ്ത്രീകള്‍, കുട്ടികള്‍ തുടങ്ങിയവരെ ബസിലേക്ക് വലിച്ചിഴച്ചാണ് പോലീസ് കൊണ്ടുപോയത്. നഗരത്തിന്റെ ഹൃദയഭാഗത്തുള്ള സേക്രഡ് ഹാര്‍ട്ട് കത്തീഡ്രലിന്റെ പുറത്ത് നടന്ന പ്രതിഷേധം നിയമവിരുദ്ധമാണെന്ന് പോലീസ് അറിയിച്ചു.
നിരവധി പ്രതിഷേധകരെ പോലീസ് ബസിലേക്ക് വലിച്ചിഴക്കുകയായിരുന്നു. ബാഗുകളും ചെരുപ്പുകളും മറ്റും റോഡില്‍ ചിതറിക്കിടക്കുന്നുണ്ടായിരുന്നു. ഡല്‍ഹി രൂപതയുടെ വക്താവ് ഫാദര്‍ ഡൊമിനിക് ഇമാനുവേലിനെയും ബസിലേക്ക് ബലം പ്രയോഗിച്ച് കൊണ്ടുപോയി. എന്ത് നീതിയാണ് ഇത്? പോലീസിനെ കുറിച്ച് ലജ്ജ തോന്നുന്നു. എല്ലാ കാര്യങ്ങളെ സംബന്ധിച്ചും പ്രധാനമന്ത്രി അഭിപ്രായം പറയുന്നു. എന്തുകൊണ്ട് ഇക്കാര്യത്തില്‍ മൗനം പാലിക്കുന്നു? സമാധാനപരമായ പ്രതിഷേധത്തിനെതിരെ സ്വീകരിച്ച നടപടിയില്‍ ക്ഷുഭിതനായി ഒരു പുരോഹിതന്‍ ചോദിച്ചു. റോഡില്‍ കിടന്ന പ്രായം ചെന്ന സാമൂഹിക പ്രവര്‍ത്തകയെ വനിതാ പോലീസുകാര്‍ പൊക്കിയെടുത്ത് ബസിലേക്ക് എറിയുകയായിരുന്നു.
വലിയ വിഭാഗം പ്രതിഷേധകരെ നേരിടാന്‍ വന്‍ പോലീസ് സന്നാഹമുണ്ടായിരുന്നു. തടഞ്ഞതിനെ തുടര്‍ന്നുണ്ടായ ബഹളം കാരണം തിരക്കേറിയ വാണിജ്യ മേഖലയില്‍ ഗതാഗത തടസ്സമുണ്ടായി. സര്‍ക്കാര്‍ ഓഫീസുകള്‍ക്കും പാര്‍ലിമെന്റ് മന്ദിരത്തിനും അടുത്താണിത്. ഈയടുത്ത് ചര്‍ച്ചുകള്‍ക്ക് നേരെയുണ്ടായ ആക്രമണത്തെ പോലീസ് ഗൗരവമായി കാണുന്നില്ലെന്നും നടപടി സ്വീകരിക്കുന്നില്ലെന്നും ചൂണ്ടിക്കാട്ടി മൗനജാഥയാണ് ക്രിസ്ത്യന്‍ സംഘടനകള്‍ നടത്തിയത്. കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗിന്റെ വസതിയിലേക്ക് ആയിരുന്നു ജാഥ. തങ്ങള്‍ പ്രതിഷേധക്കാരെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇവിടെ റോഡില്‍ പ്രതിഷേധിക്കാന്‍ ആര്‍ക്കും അവകാശമില്ല. ആഭ്യന്തര മന്ത്രിയുടെ വസതിയിലേക്ക് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിക്കാന്‍ ആരെയും അനുവദിക്കില്ല. വി ഐ പികളുടെ വസതികള്‍ സംരക്ഷിക്കേണ്ടതുണ്ട്. മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ മുകേഷ് കുമാര്‍ മീണ പറഞ്ഞു. ഇവിടെ നിരോധനാജ്ഞ ഇല്ലെന്നും തിരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ സുരക്ഷ ശക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.