Connect with us

National

എണ്ണക്കമ്പനികള്‍ക്ക് അമേരിക്കയുടെ ഉപരോധം

Published

|

Last Updated

ന്യൂഡല്‍ഹി: ഇറാനുമായി ഇറക്കുമതി ബന്ധം തുടരുന്ന ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍, ഓയില്‍ നാച്ചുറല്‍ ഗ്യാസ് കോര്‍പറേഷന്‍, ഓയില്‍ ഇന്ത്യാ ലിമിറ്റഡ് എന്നീ പൊതു മേഖലാ സ്ഥാപനങ്ങള്‍ക്കെതിരെ അമേരിക്കന്‍ ഉപരോധം വരും. ഐ ഒ സി, ഒ എന്‍ ജി സി, ഒ ഐ എല്‍ എന്നിവയടക്കം അഞ്ച് ആഗോള കമ്പനികളെ യു എസ് ഭരണകൂടം ഉപരോധ പട്ടികയില്‍ ഉള്‍പ്പെടുത്തി. ചൈനയിലെ സി എന്‍ പി സി, സിനോപെക് എന്നീ കമ്പനികളാണ് അമേരിക്കന്‍ ഉപരോധത്തിനിരയാകുന്ന മറ്റ് കമ്പനികള്‍. 2013 നവംബര്‍ എട്ട് മുതല്‍ 2014 ഡിസംബര്‍ ഒന്ന് വരെയുള്ള കാലയളവില്‍ ഇറാനുമായി വാണിജ്യബന്ധം പുലര്‍ത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് യു എസ് ഭരണകൂടം ഈ കമ്പനികളെ ഉപരോധ പട്ടികയില്‍ ചേര്‍ത്തത്.
ആണവ പരിപാടിയുടെ പേരില്‍ ഇറാനെ ഒറ്റപ്പെടുത്തുന്നതിന്റെ ഭാഗമായാണ് അമേരിക്ക ആഗോള ഉപരോധം പ്രഖ്യാപിച്ചിരുന്നത്. യു എസ് ഇറാന്‍ ഉപരോധ ആക്ട് പ്രകാരം 12 മാസക്കാലയളവില്‍ ഇറാന്റെ ഊര്‍ജ മേഖലയില്‍ 20 മില്യണ്‍ ഡോളര്‍ മുതല്‍ മുടക്കുന്ന കമ്പനിക്കെതിരെ ഉപരോധം പ്രഖ്യാപിക്കാമെന്ന് വ്യവസ്ഥയുണ്ട്. എന്നാല്‍ ഈ തീട്ടൂരം മറികടന്ന് ഇന്ത്യയുടെയും ചൈനയുടെയും കമ്പനികള്‍ ഇറാനില്‍ മുതല്‍ മുടക്കുകയായിരുന്നു. ഫാര്‍സി എണ്ണപ്പാടത്തില്‍ നിന്നുള്ള എണ്ണ ശുദ്ധീകരണത്തിലാണ് ഇന്ത്യ പ്രധാനമായും മുതല്‍ മുടക്കിയത്. ഒ എന്‍ ജി സിയുടെ വിദേശ വിഭാഗമായ ഒ എന്‍ ജി സി വിദേശ് ലിമിറ്റഡ,് ഫാര്‍സിയുടെ 40 ശതമാനം ഓഹരികള്‍ കൈവശം വെക്കുന്നുണ്ടെന്ന് അമേരിക്കന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ 2009ല്‍ ഇറാനുമായുള്ള കരാര്‍ അവസാനിച്ചതാണെന്നും 2008ന് ശേഷം അവിടെ യാതൊരു പ്രവര്‍ത്തനത്തിലും ഏര്‍പ്പെട്ടിട്ടില്ലെന്നും ഇന്ത്യന്‍ കമ്പനികള്‍ പ്രതികരിച്ചു.
അമേരിക്കന്‍ ഉപരോധം ഇന്ത്യന്‍ കമ്പനികളുടെ മറ്റ് രാജ്യങ്ങളിലെ പ്രവര്‍ത്തനത്തെയും കയറ്റുമതിയെയും ബാധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.