Connect with us

National

ഗോവധ നിരോധം രാജ്യവ്യാപകമാക്കാന്‍ നീക്കം

Published

|

Last Updated

ന്യൂഡല്‍ഹി: രാജ്യത്തുടനീളം ഗോവധ നിരോധന നിയമം നടപ്പിലാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം. ഇതു സംബന്ധിച്ച് ഒരു മാതൃകാ ബില്‍ തയ്യാറാക്കുന്നതിന് നിയമമന്ത്രാലയത്തിന്റെ അഭിപ്രായം ആരാഞ്ഞ് പ്രധാനമന്ത്രിയുടെ ഓഫീസ് കത്തയച്ചു. ഗോവധ നിരോധനം നിലവിലുള്ള ഗുജറാത്തും ഈയിടെ നിരോധിച്ച മഹാരാഷ്ട്രയും അടക്കമുള്ള സംസ്ഥാനങ്ങളെ മാതൃകയാക്കി നിരോധം കൊണ്ടുവരാനാണ് നീക്കം. മാതൃകാ ബില്‍ എല്ലാ സംസ്ഥാനങ്ങളുടേയും പരിഗണനയ്ക്ക് അയക്കും.

പശുക്കളുടേയും പാല്‍ ഉദ്പാദനത്തിന് ഉപകരിക്കുന്ന മറ്റു മൃഗങ്ങളേയും കൊല്ലുന്നത് തടയാന്‍ ഭരണഘടനാപരമായ നിയമസാധുതയുണ്ടോ എന്ന് പരിശോധിച്ച് ഉപദേശം നല്‍കാനാണ് നിയമമന്ത്രാലയത്തോട് നിര്‍ദേശിച്ചിരിക്കുന്നത്. ഗോവധ നിരോധത്തിന് ഭരണഘടനയുടെ 48ാം വകുപ്പ് പ്രകാരമുള്ള നിയമനിര്‍മ്മാണത്തിന് സാധ്യതയുണ്ടോ എന്നാണ് കേന്ദ്രം ആരായുന്നത്. ഗുജറാത്തില്‍ നേരത്തെ ഏര്‍പ്പെടുത്തിയ നിരോധവും കത്തില്‍ പ്രത്യേകം പരാമര്‍ശിക്കുന്നുണ്ട്. ഗുജറാത്ത് സര്‍ക്കാരിന്റെ തീരുമാനം സുപ്രീംകോടതി 2005ല്‍ ശരിവച്ചതായും കത്തില്‍ എടുത്തുപറയുന്നുണ്ട്. നിരോധ നിയമ മാതൃകയാക്കി സംസ്ഥാനങ്ങള്‍ക്ക് അയക്കും. ബില്ലുകളില്‍ സംസ്ഥാനങ്ങള്‍ക്ക് തീരുമാനമെടുക്കാം. ഇതില്‍ തെറ്റില്ലെന്നും വെള്ളപ്പൊക്ക സാധ്യതാ പ്രദേശ സംരക്ഷണം, ഭൂഗര്‍ഭ ജലസംരക്ഷണം തുടങ്ങിയ വിഷയങ്ങളില്‍ കേന്ദ്ര ജലവിഭവ വകുപ്പ് നേരത്തെ സംസ്ഥാനങ്ങള്‍ക്ക് മാതൃകാ ബില്‍ അയച്ചിട്ടുണ്ടെന്നുമാണ് കേന്ദ്രത്തിന്റെ വിശദീകരണം.

അതേസമയം ഹരിയാന നിയമസഭയില്‍ ഇന്ന് ഗോവധ നിരോധന നിയമം അവതരിപ്പിക്കുമെന്ന് കൃഷിമന്ത്രി ഓം പ്രകാശ് അറിയിച്ചിട്ടുണ്ട്. “ഗോ വംശ സംരക്ഷണ്‍, ഗോ സംവര്‍ധന്‍” ബില്‍ അവതരിപ്പിക്കുമെന്നാണ് മന്ത്രി അറിയിച്ചത്. മൂന്നില്‍ രണ്ട് ഭൂരിപക്ഷമുള്ള നിയമസഭയില്‍ സര്‍ക്കാരിന് നിരോധനിയമം തടസ്സമില്ലാതെ പാസാക്കാനാകും. ഇതോടെ ഹരിയാനയിലും ഗോവധ നിരോധ നിയമം നിലവില്‍ വരും. ഗുജറാത്ത്, ജാര്‍ഖണ്ഡ്, ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര സംസ്ഥാനങ്ങളിലാണ് ഗോവധനിരോധനം നിലവിലുള്ളത്. മഹാരാഷ്ട്രയില്‍ ബിജെപി സര്‍ക്കാര്‍ കഴിഞ്ഞ ആഴ്ചയാണ് ഗോവധ നിരോധനം നടപ്പിലാക്കിയത്. ഫഡ്‌നാവിസ് സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ വലിയ പ്രതിഷേധം ഉയരുന്നതിനിടെയാണ് കേന്ദ്ര സര്‍ക്കാരിന്റെ ഗോവധ നിരോധം രാജ്യവ്യാപകമാക്കാനുള്ള നീക്കം പുറത്തുവന്നിരിക്കുന്നത്.

Latest