Connect with us

Kerala

സമവായവുമായി സ്പീക്കര്‍: ഒത്തുതീര്‍പ്പിന് തിരക്കിട്ട ശ്രമം

Published

|

Last Updated

തിരുവനന്തപുരം: നിയമസഭയിലുണ്ടായ സംഘര്‍ഷത്തിന്റെ തുടര്‍ച്ചയായി ഇരുപക്ഷത്തും രൂപപ്പെട്ട അകല്‍ച്ച ഒഴിവാക്കാന്‍ തിരക്കിട്ട നീക്കം. ഏറ്റുമുട്ടലിന്റെ പാത ഒഴിവാക്കണമെന്ന് മുതിര്‍ന്ന നേതാക്കളില്‍ നിന്ന് ഉയര്‍ന്ന വികാരവും കെ എം മാണിക്കെതിരെ യു ഡി എഫില്‍ നിന്ന് തന്നെ എതിര്‍പ്പുയരുകയും ചെയ്യുന്ന പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ സമവായ സാധ്യത തേടുന്നത്. നിയമസഭയിലെ പ്രശ്‌നപരിഹാരത്തിന് സ്പീക്കര്‍ എന്‍ ശക്തന്‍ തന്നെയാണ് മുന്‍കൈയെടുത്തിരിക്കുന്നത്. സസ്‌പെന്‍ഷന്‍ നടപടി പിന്‍വലിക്കുക, ക്രിമിനല്‍ കേസില്‍ തുടര്‍നടപടി ഒഴിവാക്കുക എന്നീ നിര്‍ദേശങ്ങളാണ് സ്പീക്കര്‍ മുന്നോട്ടുവെക്കുന്നത്. പ്രതിപക്ഷം ഉന്നയിക്കുന്ന പരാതികളില്‍ നിന്ന് അവര്‍ പിന്മാറണമെന്ന ഉപാധിയോടെയാണ് ഈ നിര്‍ദേശങ്ങള്‍. എന്നാല്‍, ഇതിനോട് വഴങ്ങില്ലെന്നാണ് പ്രതിപക്ഷ നിലപാട്.

സമവായ സാധ്യതകള്‍ തേടണമെന്ന് കെ പി സി സി പ്രസിഡന്റ് വി എം സുധീരനും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുമടക്കം സ്പീക്കറോട് ആവശ്യപ്പെട്ടുകഴിഞ്ഞു. ഒത്തുതീര്‍പ്പിന്റെ ഭാഗമായി വിവിധ നിര്‍ദേശങ്ങള്‍ പരിഗണിക്കുന്നുണ്ട്. അഞ്ച് എം എല്‍ എമാരെ സസ്‌പെന്‍ഡ് ചെയ്ത നടപടി പിന്‍വലിക്കാമെന്നതാണ് പ്രധാന നിര്‍ദേശങ്ങളിലൊന്ന്. ലഡു വിതരണം മുന്‍നിര്‍ത്തി ഭരണപക്ഷത്തെ ഏതാനും എം എല്‍ എമാരെ താക്കീത് ചെയ്യാമെന്നും സ്പീക്കര്‍ പ്രതിപക്ഷത്തെ അനൗപചാരികമായി അറിയിച്ചു കഴിഞ്ഞു. നടപടി ഏകപക്ഷീയമായെന്ന പരാതിയുടെ കൂടി പശ്ചാത്തലത്തിലാണ് ഈ നിര്‍ദേശം. ഇ പി ജയരാജന്‍, കെ അജിത്ത്, വി ശിവന്‍കുട്ടി, ഡോ. കെ ടി ജലീല്‍, കുഞ്ഞമ്മദ് മാസ്റ്റര്‍ എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. ഈ നടപടി റദ്ദാക്കാമെന്നാണ് സ്പീക്കര്‍ മുന്നോട്ടുവെച്ച നിര്‍ദേശം. കടുത്ത വിമര്‍ശം ഏറ്റുവാങ്ങിയ സാഹചര്യത്തില്‍ ചെറുതായെങ്കിലും തന്റെ നിഷ്പക്ഷത സ്പീക്കര്‍ക്ക് ബോധ്യപ്പെടുത്തേണ്ടതുമുണ്ട്. ഇതിനായി ഭരണപക്ഷത്തെ ഏതാനും പേരെ താക്കീത് ചെയ്യാനും അദ്ദേഹം സന്നദ്ധനാകും.
ഇതിനകം സ്വീകരിച്ച അച്ചടക്ക നടപടിയില്‍ ഇങ്ങനെയൊരു ഒത്തുതീര്‍പ്പുണ്ടാക്കിയാല്‍ തന്നെ സങ്കീര്‍ണമായ പ്രശ്‌നം വനിതാ എം എല്‍ എമാരുടെ പരാതിയാണ്. സമവായത്തിന് സ്പീക്കറെ പ്രേരിപ്പിക്കുന്ന പ്രധാന ഘടകവും ഇതുതന്നെ. ലൈംഗിക ചുവയോടെ പീഡിപ്പിച്ചെന്നതുള്‍പ്പെടെയുള്ള വനിതാ എം എല്‍ എമാരുടെ പരാതിയില്‍ ഇതുവരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. ഉടന്‍ ഇത് പോലീസിന് കൈമാറണമെന്ന് പരാതിക്കാരും പ്രതിപക്ഷ നേതാവും ആവശ്യപ്പെട്ടുകഴിഞ്ഞു. ദേശീയ വനിതാ കമ്മീഷന് പരാതി നല്‍കിയതിലൂടെ ഇതിനൊരു ദേശീയമാനം കൈവരുത്താനുള്ള ശ്രമവും നടക്കുന്നു.
ഈ സാഹചര്യത്തില്‍ ഉപകരണങ്ങള്‍ നശിപ്പിച്ചതിന്റെ പേരില്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത ക്രിമിനല്‍ കേസില്‍ തുടര്‍നടപടി ഒഴിവാക്കാമെന്നും വനിതാ എം എല്‍ എമാര്‍ നല്‍കിയ പരാതിയില്‍ നിന്ന് അവരും പിന്മാറണമെന്ന നിര്‍ദേശം സ്പീക്കര്‍ മുന്നോട്ടുവെച്ചെന്നാണ് വിവരം. വനിതാ എം എല്‍ എമാരുടെ പരാതി ഗൗരവമുള്ളതാണെന്നും അവര്‍ക്കെതിരായ നീക്കം ഒഴിവാക്കേണ്ടതായിരുന്നുവെന്നുമുള്ള ഒരു പ്രത്യേക പരാമര്‍ശം സഭയില്‍ നടത്താമെന്ന നിര്‍ദേശവും മുന്നോട്ടുവെച്ചിട്ടുണ്ടെന്നാണ് വിവരം.
തിങ്കളാഴ്ചയാണ് ഇനി സഭ ചേരുന്നത്. അന്നൊരു തുടര്‍നടപടിയുണ്ടായില്ലെങ്കില്‍ പോലീസിനെയും ഗവര്‍ണറെയും സമീപിക്കാനാണ് വനിതാ എം എല്‍ എമാരുടെ തീരുമാനം. പോലീസില്‍ നേരിട്ട് പരാതി നല്‍കിയാല്‍ തന്നെ സ്പീക്കറുടെ അനുമതിയോടെ മാത്രമേ ആരോപണവിധേയരായ എം എല്‍ എമാര്‍ക്കെതിരെ എന്തെങ്കിലും നടപടി സ്വീകരിക്കാന്‍ കഴിയൂ. നേരിട്ട് പരാതി ലഭിച്ചാല്‍ സ്പീക്കര്‍ക്ക് കൈമാറുകയാകും പോലീസ് ചെയ്യുക. എം എല്‍ എമാര്‍ക്കെതിരെ കേസെടുക്കുന്നതിനെതിരെ നിയമസഭയുടെ സവിശേഷ അധികാരം ചൂണ്ടിക്കാട്ടി നിയമസഭാ സെക്രട്ടറിക്കോ ആരോപണവിധേയര്‍ക്കോ കോടതിയെ സമീപിക്കാനും കഴിയും. അങ്ങനെ വന്നാല്‍, സവിശേഷ അധികാരം ഉപകരണങ്ങള്‍ നശിപ്പിച്ച കേസില്‍ എന്തുകൊണ്ട് ഉപയോഗപ്പെടുത്തുന്നില്ലെന്ന വിമര്‍ശം സ്പീക്കര്‍ക്ക് നേരിടേണ്ടി വരും.