Connect with us

Ongoing News

ഡാനിയേല്‍ വെട്ടോറി വിരമിച്ചു

Published

|

Last Updated

ഓക്‌ലെന്‍ഡ്: ന്യൂസിലന്‍ഡ് സ്പിന്‍ മാന്ത്രികന്‍ ഡാനിയേല്‍ വെട്ടോറി ക്രിക്കറ്റിനോട് വിടചൊല്ലി. ലോകകപ്പ് ഫൈനല്‍ മത്സരം തന്റെ കരിയറിലെ അവസാന മത്സരമാണെന്ന് വെട്ടോറി പ്രഖ്യാപിച്ചു. ഫൈനലില്‍ പരാജയപ്പെട്ട് നാട്ടിലെത്തിയതിന് പിന്നാലെയാണ് ഇതിഹാസ താരത്തിന്റെ വിരമിക്കല്‍ പ്രഖ്യാപനം. തനിക്ക് എല്ലാവിധ പിന്തുണയും നല്‍കിയ മക്കല്ലം അടക്കമുള്ളര്‍ക്ക് അദ്ദേഹം നന്ദി പറഞ്ഞു. 18 വര്‍ഷം നീണ്ട കരിയറാണ് ലോകകപ്പ് സ്വപ്‌നം ബാക്കിയാക്കി 36കാരനായ വെട്ടോറി അവസാനിപ്പിക്കുന്നത്. ന്യൂസിലന്‍ഡ് ടീമിന്റെ ഔദ്യോഗിക ട്വിറ്ററിലും ഇക്കാര്യം സ്ഥിരീകരിച്ചു.
ന്യൂസിലന്‍ഡ് സ്പിന്‍ ബൗളിങ്ങിന്റെ മുഖമായി കഴിഞ്ഞ ഒന്നര പതിറ്റാണ്ടിലേറെ ടീമില്‍ നിറഞ്ഞുനിന്ന താരമാണ് വെട്ടോറി. പലഘട്ടങ്ങളിലും ബാറ്റിംഗിലും വെട്ടോറി തിളങ്ങി. ന്യൂസിലന്‍ഡിന്റെ എക്കാലത്തേയും മികച്ച താരങ്ങളില്‍ ഒരാളായാണ് അദ്ദേഹത്തെ പരിഗണിക്കുന്നത്.
1997 ഫെബ്രുവരിയിലാണ് ടെസ്റ്റില്‍ വെട്ടോറി അരങ്ങേറിയത്. ഇംഗ്ലണ്ടിനെതിരെയായിരുന്നു മത്സരം. 113 ടെസ്റ്റുകളിലായി 362 വിക്കറ്റും 4531 റണ്‍സും നേടി. 87 റണ്‍സ് വിട്ടുകൊടുത്ത് ഏഴു വിക്കറ്റെടുത്തതാണ് മികച്ച ബൗളിംഗ്. 6 സെഞ്ച്വറിയും 23 അര്‍ധ സെഞ്ച്വറിയും നേടി. 140 റണ്‍സാണ് മികച്ച സ്‌കോര്‍. 4000 റണ്‍സും 300 വിക്കറ്റും നേടിയ അപൂര്‍വം താരങ്ങളില്‍ ഒരാളാണ് വെട്ടോറി.
1997 മാര്‍ച്ചില്‍ ശ്രീലങ്കയ്‌ക്കെതിരെയായിരുന്നു വെട്ടോറിയുടെ ഏകദിന അരങ്ങേറ്റം. 295 ഏകദിനങ്ങളില്‍ നിന്നായി 305 വിക്കറ്റും 2253 റണ്‍സും സ്വന്തമാക്കി.  ഏഴു റണ്‍സ് മാത്രം വിട്ടുനല്‍കി അഞ്ച് വിക്കറ്റ് നേടിയതാണ് മികച്ച ബൗളിംഗ്. നാല് അര്‍ധ സെഞ്ച്വറിയും നേടി. ഈ ലോകകപ്പില്‍ 15 വിക്കറ്റാണ് വെട്ടോറി സ്വന്തമാക്കിയത്. 34 ട്വന്റി-20 മത്സരങ്ങളില്‍ നിന്ന് 38 വിക്കറ്റും 748 നേടി. ഐപിഎല്ലില്‍ ഡല്‍ഹിക്കും ബാംഗ്ലൂരിനുമായി കളിച്ചിട്ടുണ്ട്. വെട്ടോറി. 34 മാച്ചുകളില്‍ നിന്നായി 121 റണ്‍സും 28 വിക്കറ്റും നേടി.