Connect with us

Kerala

'ശരിതെറ്റുകള്‍ കാലം തെളിയിക്കട്ടെ' മുനവ്വറലി തങ്ങളുടെ പുതിയ പോസ്റ്റ്

Published

|

Last Updated

മലപ്പുറം: മുസ്‌ലിം ലീഗ് രാജ്യസഭാ സ്ഥാനാര്‍ഥിയെ തിരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട് വിവാദമായ ഫേസ്ബുക്ക് പോസ്റ്റിന് തുടര്‍ച്ചയായി പുതിയ പോസ്റ്റുമായി പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍. നിരവധി വ്യാഖ്യാനങ്ങള്‍ക്ക് ഇടം നല്‍കുന്ന പോസ്റ്റില്‍, തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള നലപാടില്‍ പാരമ്പര്യത്തില്‍ നിന്നുള്ള വ്യതിചലനമുണ്ടായെന്ന് അദ്ദേഹം വ്യക്തമാക്കുന്നുണ്ട്. പാരമ്പര്യത്തില്‍ നിന്നുള്ള വ്യതിചലനമാണ് ഉണ്ടായതെന്നും ഇത്തരത്തിലുള്ള നീക്കങ്ങള്‍ തെറ്റാണെന്നും അതിന്റെ വിധി കാലം തീരുമാനിക്കട്ടെയെന്നും അദ്ദേഹം പറയുന്നു.
രാജ്യസഭാ സീറ്റ് സംബന്ധിച്ച തന്റെ ഫേസ്ബുക്ക് പോസ്റ്റ് ഏതെങ്കിലും വ്യക്തികളെ ലക്ഷ്യം വെച്ചുള്ളതായിരുന്നില്ല. സ്വാഭാവികമായും സമ്മിശ്ര പ്രതികരണങ്ങള്‍ വന്നു. അത്തരത്തില്‍ ഒരു വ്യക്തി നടത്തുന്ന അഭിപ്രായ പ്രകടനം പാര്‍ട്ടി എടുക്കുന്ന കൂട്ടായ തീരുമാനത്തിന്റെ പ്രസക്തിയെ ഒട്ടും ബാധിക്കുന്നില്ല. താന്‍ ഇട്ട പോസ്റ്റിന്റെ എല്ലാ ഉത്തരവാദിത്വവും എനിക്കു മാത്രമാണ്. പാര്‍ട്ടി നിലപാട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ അത്തരം വ്യക്തിപരമായ അഭിപ്രായങ്ങള്‍ക്ക് പ്രസക്തിയില്ല. പാര്‍ട്ടിയുടെ ഒറ്റക്കെട്ടായ തീരുമാനത്തെ മാനിക്കുന്നു. രാജ്യസഭാ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ച പി വി അബ്ദുല്‍ വഹാബിന് ആശംസകള്‍ അര്‍പിക്കുന്നുവെന്നും മുനവ്വറലി തങ്ങള്‍ ഇംഗ്ലീഷിലുള്ള പുതിയ പോസ്റ്റില്‍ പറഞ്ഞു.
കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി നിരവധി വിഷയങ്ങളില്‍ വ്യത്യസ്ത വീക്ഷണങ്ങള്‍ അറിയാന്‍ സോഷ്യല്‍ മീഡിയ വളരെയധികം സഹായിച്ചിട്ടുണ്ട്. സജീവമായി ഇതില്‍ പങ്കാളിത്തം വഹിക്കാറുള്ള ഞാന്‍ പല നിരീക്ഷണങ്ങളും വിശകലനങ്ങളും പങ്കുവെക്കാനുള്ള പഌറ്റ്‌ഫോം ആയി ഇതിനെ കാണുന്നു. തെറ്റു മനസ്സിലാക്കുകയും വൈകാതെ തിരുത്തുകയും ചെയ്യുമ്പോഴാണ് പുരോഗമനവും വിജയവുമുണ്ടാകുന്നത്. തുറന്ന സമീപനവും കാലാനുസൃതമായ മാറ്റങ്ങളും സുസ്ഥിരമായ വിജയത്തിനു പ്രധാനമാണ്. തുറന്ന സമീപനം, സുസ്ഥിരത, അനുഭവങ്ങളില്‍ നിന്ന് പാഠം ഉള്‍ക്കൊള്ളല്‍, തെറ്റുതിരുത്തല്‍ എന്നിവയുടെ ആവശ്യകതയില്‍ തങ്ങള്‍ കുടുംബം സദാ വിശ്വസിക്കുന്നു. നിലവിലുള്ള സംവിധാനങ്ങള്‍ തകര്‍ക്കാതെ വ്യക്തമായ കാഴ്ചപ്പാടോടും ക്ഷമയോടുംകൂടി അവയെ പരിഷ്‌കരിച്ചെടുക്കുന്നതിലാണ് താനും കുടുംബവും വിശ്വസിക്കുന്നത്. മൂല്യാധിഷ്ഠിത പുരോഗമനാത്മക സമൂഹത്തിനു വേണ്ടിയായിരിക്കും ഞങ്ങള്‍ എക്കാലത്തും ശബ്ദമുയര്‍ത്തുകയെന്നു ഞാന്‍ ഉറപ്പുതരുന്നു എന്ന വരിയോടെയാണ് പോസ്റ്റ് അവസാനിക്കുന്നത്. അതിനിടെ, പോസ്റ്റ് വാര്‍ത്തയായതോടെ ഇന്‍ മൈ പാര്‍ട്ട്, മൈ ആക്ഷന്‍ തുടങ്ങിയ പദങ്ങള്‍ ചേര്‍ത്ത് അദ്ദേഹം പോസ്റ്റ് എഡിറ്റ് ചെയ്തു.
മുമ്പ് ഒരു മുതലാളിക്ക് രാജ്യസഭാ സീറ്റ് നല്‍കിയതിന് പാര്‍ട്ടി വലിയ വില നല്‍കേണ്ടി വന്നിട്ടുണ്ടെന്നും മുന്‍ സംസ്ഥാന അധ്യക്ഷനും തന്റെ പിതാവുമായ മുഹമ്മദലി ശിഹാബ് തങ്ങളെ അത് ഏറെ വിഷമിപ്പിച്ചിരുന്നെന്നുമുള്ള മുനവ്വറലി തങ്ങളുടെ പോസ്റ്റ് ഏറെ വിവാദമായിരുന്നു. ലീഗ് നേതൃത്വത്തിന്റെ അഭ്യര്‍ഥനയെ തുടര്‍ന്ന് പോസ്റ്റ് ഉടനെ പിന്‍വലിച്ചു.
പിന്നീട് പാര്‍ട്ടി സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ച പി വി അബ്ദുല്‍ വഹാബിനെതിരാണ് മുനവ്വറലി തങ്ങളുടെ പോസ്റ്റ് എന്ന് വിലയിരുത്തപ്പെടുകയും ചെയ്തിരുന്നു. രാജ്യസഭാ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചതിന് ശേഷം മാധ്യമപ്രവര്‍ത്തകരെ കണ്ട പി വി അബ്ദുല്‍ വഹാബ് പണമുണ്ടായത് ഒരു ക്രിമിനല്‍ കുറ്റമല്ലല്ലോ എന്ന് പറഞ്ഞ് മുനവ്വറലി തങ്ങള്‍ക്കെതിരെ ഒളിയമ്പ് എയ്യുകയും ചെയ്തിരുന്നു.

Latest