Connect with us

Kerala

പ്രഭാഷണക്കൊള്ള സജീവം; ലക്ഷങ്ങള്‍ ഫീസ്

Published

|

Last Updated

മലപ്പുറം: അനാഥരും അഗതികളുമായ പെണ്‍കുട്ടികളെ വിവാഹം ചെയ്തയക്കുന്നതിന്റെ ഭാഗമായി നടത്തിയ മതപ്രഭാഷണത്തിന് തെക്കന്‍ ജില്ലകളിലെ പ്രാസംഗികന്‍മാര്‍ വാങ്ങിയത് ലക്ഷങ്ങള്‍. കാസര്‍കോട് ജില്ലയിലെ ബേക്കല്‍ ഹദ്ദാദ് നഗറില്‍ ഏപ്രില്‍ അഞ്ചിനായിരുന്നു ഗോള്‍ഡ് ഹില്‍ എന്ന സംഘടന മഹര്‍ 2015 എന്ന പേരില്‍ 17 പെണ്‍കുട്ടികളുടെ സമൂഹ വിവാഹം നടത്തിയത്. ഇതിന് മുന്നോടിയായി ഇരുപത്തിയെട്ട് മുതല്‍ തെക്കന്‍ ജില്ലകളില്‍ നിന്നുള്ള ആറ് പേരുടെ പ്രഭാഷണം സംഘടിപ്പിച്ചിരുന്നു.

നൗഷാദ് ബാഖവി, സിറാജുദ്ദീന്‍ ബാഖവി, മുഹമ്മദ് ഷംനാദ് നിസാമി, സിറാജുദ്ദീന്‍ ഖാസിമി, കബീര്‍ ബാഖവി, ഇ പി അബൂബക്കര്‍ ഖാസിമി എന്നിവരായിരുന്നു പ്രഭാഷകര്‍. പരിപാടിയുടെ വരവ് ചെലവ് കണക്കുകള്‍ സംഘാടകര്‍ പുറത്തുവിട്ടതോടെയാണ് പ്രഭാഷകര്‍ കൈപറ്റിയ തുക കണ്ട് നാട്ടുകാര്‍ ഞെട്ടിയത്. 3,73,000 രൂപയാണ് ഇവര്‍ സംഘാടകരില്‍ നിന്ന് കണക്ക് പറഞ്ഞ് വാങ്ങിയിരിക്കുന്നത്. പ്രഭാഷണക്കൂലി കൂടാതെ യാത്രക്കും മുന്തിയ ഹോട്ടലിലെ താമസത്തിനും ആയിരങ്ങള്‍ വാങ്ങിയിട്ടുണ്ട്.

ഇ പി അബൂബക്കര്‍ ഖാസിമിയാണ് ഏറ്റവും കൂടുതല്‍ തുക കൈപ്പറ്റിയത്. ഒരു ലക്ഷം രൂപ. ഇതു കൂടാതെ 12,000 രൂപ മറ്റ് ചെലവുകള്‍ക്കെന്ന പേരിലും വാങ്ങിയിട്ടുണ്ട്. നൗഷാദ് ബാഖവി വിമാന ടിക്കറ്റ് ഉള്‍പ്പെടെ എഴുപതിനായിരം രൂപ വാങ്ങിയപ്പോള്‍ കബീര്‍ ബാഖവി 66,000 രൂപയാണ് വാങ്ങിയത്. അന്‍പതിനായിരം രൂപ വീതമാണ് ഇരുവര്‍ക്കും പ്രഭാഷണത്തിനായി സംഘാടകര്‍ക്ക് നല്‍കേണ്ടി വന്നത്. ദുബൈയിലുണ്ടായിരുന്ന നൗഷാദ് ബാഖവിക്ക് വിമാന ടിക്കറ്റ് ഇനത്തില്‍ ഇരുപതിനായിരം രൂപയും നല്‍കിയിട്ടുണ്ട്.

mlp-prasanagam varav chelav

കബീര്‍ ബാഖവിയാകട്ടെ വാഹന വാടക, സെക്രട്ടറി എന്നിവക്കായി 19,000വും ഹോട്ടല്‍ ചെലവിന് ഏഴായിരം രൂപയും വാങ്ങി. നൗഷാദ് ബാഖവിയുടെ ക്യാമറ ഉപയോഗിച്ചതിന് 3000 രൂപയും നല്‍കിയിട്ടുണ്ട്. സിറാജുദ്ദീന്‍ ഖാസിമി പ്രഭാഷണത്തിന് അറുപതിനായിരം രൂപയാണ് ഈടാക്കിയത്. മറ്റ് ചെലവുകള്‍ക്കായി 12,000 രൂപയും ഇദ്ദേഹം വാങ്ങിയിട്ടുണ്ട്.
സിറാജുദ്ദീന്‍ ബാഖവിക്കും മുഹമ്മദ് ഷംനാദ് നിസാമിക്കുമാണ് താരതമ്യേന കുറഞ്ഞ തുക നല്‍കേണ്ടി വന്നിട്ടുള്ളത്. ഇരുപതിനായിരം രൂപ വീതമാണ് രണ്ട് പേര്‍ക്കും നല്‍കിയത്. ഇവരെല്ലാം കച്ചവടം ഉറപ്പിച്ചതിന് ശേഷമാണ് പ്രഭാഷണത്തിന് തയ്യാറായതെന്ന് സംഘാടകര്‍ പറഞ്ഞു.
നൗഷാദ് ബാഖവി ഒന്നര ലക്ഷം രൂപയാണത്രെ ആവശ്യപ്പെട്ടത്. പിന്നീട് അന്‍പതിനായിരം രൂപയും ചെലവുകളും വഹിക്കാമെന്ന ഉറപ്പിലാണ് പ്രഭാഷണത്തിനെത്തിയത്. ഇത്രയും തുക കൈപറ്റിയിട്ടും ഇവരില്‍ പലരും ഒരു മണിക്കൂര്‍ സമയം പ്രസംഗിക്കുക പോലും ചെയ്തിട്ടില്ല.
നിക്കാഹ് ചെയ്ത് നല്‍കിയ കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാരും രണ്ട് മാസങ്ങള്‍ക്ക് മുമ്പ് ഗോള്‍ഡ് ഹില്‍ മഹറിന്റെ ഓഫീസ് ഉദ്ഘാടനം ചെയ്ത പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങളുമാണ് പണം കൈപറ്റാത്തവരായുള്ളതെന്ന് ഗോള്‍ഡ് ഹില്‍ ചെയര്‍മാന്‍ ഇഖ്ബാല്‍ അബ്ദുല്‍ ഹമീദ് പറഞ്ഞു. 2012ലാണ് മഹര്‍ പ്രവര്‍ത്തനം തുടങ്ങുന്നത്. ഇത് മൂന്നാം തവണയാണ് സമൂഹ വിവാഹം നടത്തുന്നത്. എന്നാല്‍, ഇതിന് തൊട്ട് മുമ്പ് നടത്തിയ വിവാഹത്തിന്റെ കണക്കുകള്‍ അവതരിപ്പിച്ചിരുന്നില്ല. ഇതേ തുടര്‍ന്ന് അന്ന് ചെയര്‍മാനായിരുന്ന സലീം മുഹമ്മദ് എന്നയാളെ കമ്മിറ്റിയില്‍ നിന്ന് പുറത്താക്കിയിരുന്നു. ഇദ്ദേഹമാണ് ഇത്തവണ തെക്കന്‍ ജില്ലയിലെ പ്രഭാഷകരെ പരിപാടിയിലെത്തിക്കാന്‍ ഏജന്റായി പ്രവര്‍ത്തിക്കുകയും തുക പറഞ്ഞ് ഉറപ്പിക്കുകയും ചെയ്തത്.
തെക്കന്‍ ജില്ലകളില്‍ നിന്നുള്ള മതപ്രഭാഷണ മാഫിയകള്‍ നടത്തുന്ന കൊള്ളയെക്കുറിച്ച് നേരത്തെ തന്നെ വിവാദമായിരുന്നു. ഭീമമായ തുക പിരിച്ച് നല്‍കാമെന്ന ഉറപ്പിലാണ് ഇവരെ മിക്കയിടങ്ങളിലും സംഘാടകര്‍ പരിപാടിക്ക് ക്ഷണിക്കാറുള്ളത്. എന്നാല്‍, കാസര്‍കോട്ട് പിരിവൊന്നും നടത്തേണ്ടെന്ന് സംഘാടകര്‍ നേരത്തെ തീരുമാനിച്ചിരുന്നു. എന്നിട്ടും ഇത്രയും ഭീമമായ തുക വാങ്ങിയത് ഏറെ കോലാഹലങ്ങള്‍ക്കാണ് ഇടയാക്കിയിരിക്കുന്നത്.
വരവ് ചെലവ് കണക്കുകള്‍ സാമൂഹിക മാധ്യമങ്ങളില്‍ വാര്‍ത്തയായതോടെ വാട്‌സ് ആപ്പിലൂടെ നൗഷാദ് ബാഖവി ഇത്രയും പണം താന്‍ വാങ്ങിയിട്ടില്ലെന്ന് പറഞ്ഞ് വോയ്‌സ് മെസേജ് അയച്ച് രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. നേരിട്ട് വന്ന് പണം വാങ്ങിയിട്ടില്ലെന്ന് തെളിയിക്കണമെന്നും സത്യം ചെയ്യണമെന്നുമാണ് ആവശ്യം. 2012ലും ഇത്രയും തുക ഇദ്ദേഹം വാങ്ങിയതായും സംഘാടകര്‍ പറയുന്നു. വിവിധ ജില്ലകളില്‍ ഇവരെ പ്രസംഗത്തിനായി കൊണ്ടുവന്ന പല സംഘാടകരും പരിപാടി നടത്താന്‍ ചെലവായ തുക പോലും ലഭിക്കാതെ കടക്കെണിയിലായ സംഭവങ്ങളും നിരവധിയുണ്ട്. പ്രഭാഷണത്തിന് കണക്ക് പറഞ്ഞ് പണം വാങ്ങുന്ന ഇവരുടെ പൊള്ളത്തരമാണ് ഇതോടെ പുറത്തായിരിക്കുന്നത്.