Connect with us

Kerala

ഹജ്ജ് യാത്ര: എല്ലാവര്‍ഷവും കൊച്ചി വഴിയാക്കാനുള്ള നീക്കം സജീവം

Published

|

Last Updated

hajj>>കോഴിക്കോട്ട് വലിയ വിമാനങ്ങള്‍ ഇറക്കാന്‍ അസൗകര്യം

നെടുമ്പാശ്ശേരി : സംസ്ഥാനത്തുനിന്നുള്ള ഹജ്ജ് യാത്ര എല്ലാ വര്‍ഷവും കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം വഴി തന്നെയാക്കുവാന്‍ സാധ്യത. കോഴിക്കോട് വിമാനത്താവളത്തിന്റെ റണ്‍വേ റീ കാര്‍പെറ്റിംഗ് പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ വേണ്ടി റണ്‍വേ അടച്ചിട്ടതുമൂലം ഈ വര്‍ഷത്തെ ഹജ്ജ് യാത്ര നടത്തുന്നതിന് വേണ്ടി താത്കാലികമായിയാണ് കൊച്ചിയിലേക്ക് ഹജ്ജ് ക്യാമ്പ് മാറ്റിയതെന്ന് പറയുന്നുണ്ടെങ്കിലും വലിയ വിമാനങ്ങള്‍ ഇറങ്ങുവാന്‍ കോഴിക്കോട് ഉള്ള അസൗകര്യങ്ങള്‍ കണക്കിലെടുത്താണ് ഹജ്ജ് ക്യാമ്പ് പൂര്‍ണമായും എല്ലാ വര്‍ഷവും കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം വഴി തുടരുവാന്‍ അധികൃതര്‍ ആലോചിക്കുന്നത്.
സാധാരണ കോഴിക്കോട് വിമാനത്താവളത്തില്‍ ഹജ്ജിന് പോകുന്നവര്‍ക്കായി ഒരുക്കുന്ന സൗകര്യങ്ങളെക്കാള്‍ കൂടുതല്‍ സൗകര്യങ്ങള്‍ കൊച്ചി വിമാനത്താവളത്തില്‍ അധിക ചെലവുകളില്ലാതെ ഒരുക്കാന്‍ കഴിയുമെന്നതും ഹജ്ജ് ക്യാമ്പ് കോഴിക്കോട് നിന്ന് കൊച്ചിയിലേക്ക് മാറ്റുന്നതിന് കാരണമാകുന്നുണ്ട്. കേരളത്തിലെ മധ്യഭാഗത്ത് സ്ഥിതി ചെയ്യുന്ന കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം വഴി ഹജ്ജിന് പോകുന്നവര്‍ക്ക് എളുപ്പത്തില്‍ എത്താന്‍ കഴിയുമെന്നതും ഹജ്ജ് ക്യാമ്പ് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ആക്കുന്നതിന് സാധ്യതയേറുന്നു. പ്രധാനമായും കോഴിക്കോട് റണ്‍വേയില്‍ വലിയ വിമാങ്ങള്‍ ഇറക്കുന്നതിന് ആവശ്യമായ സൗകര്യങ്ങള്‍ ഇല്ലാത്തതാണ് ഹജ്ജ് യാത്ര കോഴിക്കോട്ട് നിന്നും കൊച്ചിയിലേക്ക് മാറ്റുന്നതിന് ആലോചിക്കുന്നത്.
കഴിഞ്ഞ മെയ് 1ന് റണ്‍വേ പുനര്‍നിര്‍മാണത്തിന് വേണ്ടി അടച്ച കോഴിക്കോട് വിമാനത്താവളത്തിലെ റണ്‍വേയുടെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ സെപ്തംബര്‍ ആദ്യവാരത്തോടെ മാത്രമേ ആരംഭിക്കാന്‍ കഴിയുകയുള്ളൂ. ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ സാങ്കേതിക വിഭാഗത്തിന്റെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി നിര്‍ദേശിച്ചിട്ടുള്ള റണ്‍വേ പുനര്‍നിര്‍മാണം മാത്രമാണ് നിലവിലുള്ള സ്ഥലത്ത് നടത്തുന്നത്.
ഇത് ആറ് മാസം കൊണ്ട് തീര്‍ത്ത് വലിയ വിമാനങ്ങള്‍ ഇറക്കുന്നതിനാണ് കോഴിക്കോട് വിമാനത്താവള അധികൃതര്‍ ശ്രമിക്കുന്നതെങ്കിലും ഏകദേശം പതിനെട്ട് മാസമെങ്കിലും പുതിയ റണ്‍വേയുടെ പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീയാക്കുവാന്‍ വേണ്ടിവരും. നിലവിലുള്ള 9000 അടി റണ്‍വേയുടെ പുനര്‍നിര്‍മാണപ്രവര്‍ത്തനങ്ങളാണ് ഇപ്പോള്‍ കോഴിക്കോട് വിമാനത്താവളത്തില്‍ നടക്കുന്നത്.
ഡറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്റെ മാനദണ്ഡങ്ങള്‍ അനുസരിച്ച് 10500 അടിയില്‍ കൂടുതല്‍ റണ്‍വേ നിര്‍മിച്ചാല്‍ മാത്രമേ വലിയ വിമാനങ്ങള്‍ കോഴിക്കോട് വിമാനത്താവളത്തില്‍ സുരക്ഷിതമായി ഇറങ്ങാന്‍ കഴിയുകയുള്ളൂ. 9000 അടിയുള്ള റണ്‍വേ ഉടന്‍ സിവില്‍ ഏവിയേഷന്റെ മാനദണ്ഡങ്ങള്‍ അനുസരിച്ച് പണികഴിപ്പിച്ചുകൊള്ളാമെന്ന ധാരണയിലാണ് തുടക്കത്തില്‍ വലിയ വിമാനങ്ങള്‍ക്ക് കോഴിക്കോട് ഇറങ്ങാന്‍ അന്ന് അനുമതി നല്‍കിയത്. മാനദണ്ഡങ്ങള്‍ അനുസരിച്ച് കോഴിക്കോട് വിമാനത്താവളത്തിന്റെ റണ്‍വേ 1500 അടി കൂട്ടിപണിയണമെങ്കില്‍ 136 ഏക്കര്‍ സ്ഥലം കൂടി ഏറ്റെടുക്കേണ്ടതുണ്ട്. കോഴിക്കോട് വിമാനത്താവളത്തിന്റെ റണ്‍വേ ഉള്‍പ്പെടെയുള്ള വികസനപ്രവര്‍ത്തനങ്ങള്‍ക്കായി 156 ഏക്കര്‍ സ്ഥലം ഏറ്റെടുക്കുന്നതിനായി വിജ്ഞാപനം ഇറക്കിയെങ്കിലും നാട്ടുകാരുടെ എതിര്‍പ്പ് മൂലം സ്ഥലം ഏറ്റെടുത്ത് റണ്‍വേയുടെ പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുവാന്‍ പറ്റാത്ത അവസ്ഥയാണ് നിലവിലുള്ളത്. റണ്‍വേ വികസനത്തിന് 136 ഏക്കര്‍ സ്ഥലം മതിയെങ്കിലും സ്ഥലം ഏറ്റെടുത്തവരുടെ പുനരിവാസത്തിനുവേണ്ടികൂടിയാണ് 156 ഏക്കര്‍ സ്ഥലം ഏറ്റെടുത്തത്. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സ്ഥലം പോയവര്‍ക്ക് ലഭിച്ചതുപോലെ തൊഴില്‍ ലഭിക്കണമെന്ന സ്ഥലം ഉടമകളുടെ വാദമാണ് റണ്‍വേ പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സമായത്.
ഇത് പിന്നീട് ചര്‍ച്ചയില്‍ ധാരണയായെങ്കിലും തുടര്‍ പ്രവര്‍ത്തനങ്ങള്‍ വൈകുന്നതിന്റെ കാരണം ഇപ്പോഴും അജ്ഞാതമാണ്. സ്വകാര്യ മേഖലയുടെ സഹായത്തോടെ പണികഴിപ്പിച്ച നെടുമ്പാശ്ശേരി, കണ്ണൂര്‍ ലോബികളുടെ കളികളാണ് കോഴിക്കോട് വിമാനത്താവളത്തിന്റെ റണ്‍വേയുടെ പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടാന്‍ കാരണമെന്ന് ആക്ഷേപമുയര്‍ന്നിട്ടുണ്ട്.