Connect with us

Malappuram

കൊണ്ടോട്ടി മുനിസിപ്പാലിറ്റി: സ്ഥാനാര്‍ഥി കുപ്പായം തുന്നിയവര്‍ നിരാശരാവും

Published

|

Last Updated

കൊണ്ടോട്ടി: കൊണ്ടോട്ടി മുനിസിപ്പാലിറ്റിയായി സ്ഥാനകയറ്റം ലഭിച്ചതോടെ മുനിസിപ്പാലിറ്റിയിലേക്ക് മത്സരിക്കാന്‍ കുപ്പായം തുന്നി വെച്ചവര്‍ നിരാശരായി. മൊത്തം 40 ഡിവിഷനുകളുണ്ടാകുന്ന മുനിസിപ്പാലിറ്റിയില്‍ 12 സീറ്റുകള്‍ മാത്രമാണ് ജനറല്‍ സീറ്റുകളായുള്ളത്.
ബാക്കി വരുന്ന സീറ്റുകള്‍ മുഴുവന്‍ സംവരണ സീറ്റായത് രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് തലവേദനയാക്കും. ഈ കുറഞ്ഞ സീറ്റില്‍ എങ്ങിനെ സ്ഥാനാര്‍ഥികളെ നിയോഗിക്കുമെന്ന ആശങ്കയിലാണ് പാര്‍ട്ടികള്‍. വരാന്‍ പോകുന്ന തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പിനായി ഇപ്പോഴെ ചിലര്‍ മത്സരിക്കാന്‍ തയ്യാറായി കഴിഞ്ഞതായാണ് അണിയറയിലെ സംസാരം. കൊണ്ടോട്ടി, നെടിയിരുപ്പ് പഞ്ചായത്തുകള്‍ സംയോജിപ്പിച്ചു രൂപവത്കരിച്ച കൊണ്ടോട്ടി മുനിസിപ്പാലിറ്റി ഭരണ സമിതിയില്‍ കയറിപ്പറ്റാന്‍ രണ്ട് പഞ്ചായത്തുകളില്‍ നിന്നായി ഡസന്‍ കണക്കിന് ഛോട്ടാ, ബഡാ നേതാക്കളാണ് കുപ്പായം തുന്നി വെച്ചിരിക്കുന്നത്.
കോണ്‍ഗ്രസിലും ലീഗിലുമാണ് ഏറ്റവും പേര്‍ സ്ഥാനത്തിനായി കുപ്പായം തുന്നി വെച്ചത്. അതിനിടെ ലീഗിനെ തോല്‍പിക്കാന്‍ കോണ്‍ഗ്രസും സി പി എമ്മും കൂട്ടുകൂടാന്‍ തയ്യാറാകുന്നുവെന്നാണ് അണിയറയില്‍ പറഞ്ഞു കേള്‍ക്കുന്നത്. നിലവില്‍ നെടിയിരുപ്പില്‍ കോണ്‍ഗ്രസും സി പി എമ്മും ചേര്‍ന്നാണ് തിരഞ്ഞെടുപ്പില്‍ മത്സരിച്ചിരുന്നത്. കൊണ്ടോട്ടിയില്‍ കോണ്‍ഗ്രസും ലീഗും ഇപ്പോള്‍ ശത്രുതയിലുമാണ്. കോണ്‍ഗ്രസ് പ്രസിഡന്റിനെ ലീഗ് അവിശ്വാസത്തിലൂടെ പുറത്താക്കിയതാണ് കൊണ്ടോട്ടിയില്‍ ലീഗ് -കോണ്‍ഗ്രസ് ബന്ധം വഷളാകാന്‍ കാരണമായത്. 40 ഡിവിഷനുകളുണ്ടാകുന്ന കൊണ്ടോട്ടി മുനിസിപ്പാലിറ്റിയില്‍ 20 സീറ്റ് വനിതകള്‍ക്കും അഞ്ച് സീറ്റ് പട്ടിക ജാതി സംവരണവും മൂന്ന് സീറ്റ് പട്ടിക ജാതി വനിത സംവരണവുമാണ്.
1 2 സീറ്റുകള്‍ മാത്രമാണ് ജനറല്‍ വിഭാഗത്തില്‍ പെട്ടത്. ഇരു പഞ്ചായത്തുകളിലുമായി 34 വാര്‍ഡുകളാണുള്ളത്. പുതുതായി ആറ് വാര്‍ഡുകള്‍ ഉടന്‍ രൂപവത്കരിക്കും. സംസ്ഥാനത്തെ ഏറ്റവും വലിയ പട്ടിക ജാതി കോളനികളില്‍ ഒന്നായ നെടിയിരുപ്പ് ഹരിജന്‍ കോളനി കൊണ്ടോട്ടി മുനിസിപ്പാലിറ്റിയില്‍ ഉള്‍പ്പെടുന്നതാണ് പട്ടിക ജാതി സീറ്റുകള്‍ ഇത്രയും കൂടാന്‍ കാരണമായത്.