Connect with us

National

യാത്രാ തീവണ്ടികളുടെ നടത്തിപ്പ് സ്വകാര്യ മേഖലയിലേക്ക്‌

Published

|

Last Updated

ന്യൂഡല്‍ഹി: യാത്രാ തീവണ്ടികളുടെ നടത്തിപ്പ് സ്വകാര്യമേഖലയിലേക്ക് പോകുന്നതിന്റെ ശക്തമായ സൂചനകള്‍ നല്‍കി ഇന്ത്യന്‍ റെയില്‍വേയുടെ പുനരുദ്ധാരണത്തെ കുറിച്ച് പഠിക്കാന്‍ നിയോഗിച്ച ബിബേക് ദെബ്‌റോയ് കമ്മിറ്റി ശിപാര്‍ശ. ചരക്ക് ഗതാഗതം സ്വകാര്യ മേഖലക്ക് വിട്ടുകൊടുക്കാനുള്ള ശ്രമങ്ങള്‍ക്കിടെയാണ് യാത്രാ തീവണ്ടികളുടെ നടത്തിപ്പിന് സ്വകാര്യ കമ്പനികളെ അനുവദിക്കണമെന്ന് കമ്മിറ്റി ശിപാര്‍ശ ചെയ്തിരിക്കുന്നത്. എന്നാല്‍ റെയില്‍വേ സമ്പൂര്‍ണമായി സ്വകാര്യവത്കരിക്കണമെന്ന് കമ്മിറ്റി ആവശ്യപ്പെട്ടിട്ടില്ലെങ്കിലും ശിപാര്‍ശകള്‍ സര്‍ക്കാര്‍ അംഗീകരിച്ച് നടപ്പാക്കാന്‍ തീരുമാനിച്ചാല്‍ റെയില്‍വേ മേഖല സമഗ്രമായ അഴിച്ചുപണിക്ക് വിധേയമാകും.
ട്രെയിന്‍ സര്‍വീസുകള്‍ കൂടാതെ റെയില്‍വേയുടേതായി പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍, ആശുപത്രികള്‍, കാറ്ററിംഗ് തുടങ്ങിയ സേവനങ്ങള്‍ റെയില്‍വേയില്‍ നിന്ന് മാറ്റുകയോ നിര്‍ത്തലാക്കുകയോ ചെയ്യണം. റെയില്‍വേ സംരക്ഷണ സേനയെ ഒഴിവാക്കി സ്വകാര്യ കമ്പനികളെ സുരക്ഷ ഏല്‍പ്പിക്കണം. റെയില്‍വേയെ വിവിധ ബിസിനസ് യൂനിറ്റുകളായി വിഭജിക്കണമെന്നതാണ് മറ്റൊരു ശിപാര്‍ശ. റെയില്‍വേക്ക് വേണ്ടി ഒരു പ്രത്യേക ബജറ്റ് ആവശ്യമില്ല. റെയില്‍വേ റെഗുലേറ്ററി അതോറ്റി രൂപവത്കരിച്ച് സ്വതന്ത്ര അധികാരമുള്ള സംവിധാനം കൊണ്ടുവരണം. ലൈസന്‍സ് ഫീ ചുമത്തി പ്രാദേശിക റെസ്‌റ്റോറന്റുകളെ ഉള്‍പ്പെടുത്തി കാറ്ററിംഗ് ക്രമീകരിക്കുക
ട്രെയിനുകളുടെ സുരക്ഷ ഒരുക്കേണ്ട ബാധ്യത മുഴുവന്‍ അതാത് സംസ്ഥാനങ്ങള്‍ നടപ്പാക്കണം. റെയില്‍വേ ജീവനക്കാരുടെ മക്കളുടെ പഠനത്തിനായി തുടങ്ങിയ സ്‌കൂളുകള്‍ നിര്‍ത്തലാക്കി കേന്ദ്രീയവിദ്യാലയത്തിലേക്കോ സ്വകാര്യ സ്‌കൂളുകളിലേക്കോ കുട്ടികളെ മാറ്റി ചേര്‍ക്കണം. ആര്‍ പി എഫ് വേണോ സ്വകാര്യ സുരക്ഷാ ഏജന്‍സി വേണോ എന്ന് അതാത് സംസ്ഥാനങ്ങള്‍ക്ക് തീരുമാനിക്കാം. നീതി ആയോഗിലെ അംഗമായ ബിബേക് ദെബ്രോയ് അധ്യക്ഷനായ സമിതിയാണ് ഒട്ടേറെ പരിഷ്‌കാരങ്ങള്‍ നിര്‍ദേശിച്ചിരിക്കുന്നത്.
മുന്‍ ക്യാബിനറ്റ് സെക്രട്ടറി കെ എം ചന്ദ്രശേഖര്‍, പ്രോക്ടര്‍ ആന്‍ഡ് ഗാംബിള്‍ മുന്‍ എം.ഡി ഗുര്‍ചരണ്‍ദാസ്, എന്‍ എസ് ഇ മുന്‍ മേധാവി രവി നാരായണ്‍ എന്നിവരാണ് സമിതിയിലെ മറ്റ് അംഗങ്ങള്‍.

Latest