Connect with us

Malappuram

ആസൂത്രണ മികവില്‍ സമസ്്ത പൊതുപരീക്ഷാ മൂല്യനിര്‍ണയ ക്യാമ്പ്

Published

|

Last Updated

മലപ്പുറം മഅ്ദിന്‍ അക്കാദമിയില്‍ നടക്കുന്ന സമസ്ത മദ്രസ പൊതുപരീക്ഷാ കേന്ദ്രീകൃത മൂല്യനിര്‍ണയ ക്യാമ്പ്

മലപ്പുറം: അടുക്കും ചിട്ടയോടെയുമുള്ള മൂല്യനിര്‍ണയം, കേന്ദ്രീകൃതവും സമയബന്ധിതവുമായ വാല്വേഷന്‍, സമസ്ത കേരള സുന്നി വിദ്യാഭ്യാസ ബോര്‍ഡിന്റെ മദ്‌റസാ പൊതുപരീക്ഷാ മൂല്യനിര്‍ണയ ക്യാമ്പ് സംഘാടന, ആസൂത്രണ മികവിലും അച്ചടക്കത്തിലും വേറിട്ട് നില്‍ക്കുന്നു.
മലപ്പുറം മഅ്ദിന്‍ ക്യാമ്പസിലെ ദേശീയ പാതയോട് ചേര്‍ന്ന് പ്രത്യേകം സജ്ജമാക്കിയ വിശാലമായ പന്തലിലാണ് അഞ്ച്, ഏഴ്, പത്ത്, പ്ലസ്ടു ക്ലാസുകളിലെ മദ്‌റസാ പൊതുപരീക്ഷയുടെ സംസ്ഥാന തല കേന്ദ്രീകൃത മൂല്യ നിര്‍ണയ ക്യാമ്പ് നടക്കുന്നത്. ഞായറാഴ്ചയാണ് ക്യാമ്പ് ആരംഭിച്ചത്. രണ്ടാം ദിനമായ ഇന്നലെ രാവിലെ ഏഴിന് ആരംഭിച്ച് വൈകുന്നേരം ആറിന് സമാപിച്ചു. ക്യാമ്പ് ഇന്നും തുടരും.
കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട 650 അധ്യാപകരാണ് മഅ്ദിനില്‍ ക്യാമ്പ് ചെയ്ത് സേവനം അനുഷ്ഠിക്കുന്നത്. വിദ്യാഭ്യാസ ബോര്‍ഡ് ഉദ്യോഗസ്ഥന്‍മാരുടെയും സമസ്ത മുഫത്തിശുമാരുടെയും മേല്‍നോട്ടത്തിലാണ് ക്യാമ്പ് നടന്നു വരുന്നത്.
മൂല്യനിര്‍ണയം പൂര്‍ത്തിയാക്കിയ ഉത്തരപ്പേപ്പറുകളുടെ മാര്‍ക്കുകള്‍ ഓണ്‍ലൈന്‍ ഡാറ്റ എന്‍ട്രിക്ക് ശേഷം സീല്‍ ചെയ്ത് സുന്നി വിദ്യാഭ്യാസ ബോര്‍ഡ് ഓഫീസിലേക്ക് അയച്ചു തുടങ്ങി. അടുത്ത മാസം ആദ്യവാരം ഫലപ്രഖ്യാപനം നടത്തുന്ന രൂപത്തിലാണ് മൂല്യനിര്‍ണയ ക്യാമ്പും അനുബന്ധ നടപടി ക്രമങ്ങളും ക്രമീകരിച്ചതെന്ന് ക്യാമ്പ് കോ-ഓര്‍ഡിനേറ്റര്‍ സി എച്ച് അബ്ദുല്‍ കരീം ഹാജി പറഞ്ഞു.
എസ് എം എ സംസ്ഥാന പ്രസിഡന്റ് സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീലുല്‍ ബുഖാരി, മുഹമ്മദ് അബ്ദുല്ല, അസ്‌കര്‍ മലേഷ്യ, എസ് ജെ എം സംസ്ഥാന സെക്രട്ടറി അബൂഹനീഫല്‍ ഫൈസി തെന്നല, പ്രൊഫ. എ കെ അബ്ദുല്‍ ഹമീദ്, വി എം കോയ മാസ്റ്റര്‍, അബ്ദുല്‍ ജലീല്‍ സഖാഫി കടലുണ്ടി മൂല്യനിര്‍ണയ ക്യാമ്പ് സന്ദര്‍ശിച്ചു.

Latest