Connect with us

National

ലളിത് മോദിക്ക് ബിജെപി സഹായം; കൂടുതല്‍ രേഖകള്‍ പുറത്ത്

Published

|

Last Updated

വസുന്ധര രാജെ സിന്ധ്യയും ലളിത് മോദിയും (ഫയല്‍ ചിത്രം)

ന്യൂഡല്‍ഹി: ലളിത് മോദിക്ക് ബി ജെ പി വഴിവിട്ട് സഹായം ചെയ്തുവെന്നതിന് കൂടുതല്‍ തെളിവുകള്‍. ഇതു സംബന്ധിച്ച പുതിയ രേഖകള്‍ ഒരു ചാനല്‍ പുറത്തുവിട്ടു. ലളിത് മോദിയുടെ ഭാര്യയെ ചികിത്സിച്ച പോര്‍ച്ചുഗലിലെ ആശുപത്രിക്ക് രാജസ്ഥാനിലെ ബി ജെ പി സര്‍ക്കാര്‍ ഭൂമി അനുവദിച്ചതിന്റെ തെളിവുകളാണ് എന്‍ ഡി ടി വി പുറത്തുവിട്ടത്.
പോര്‍ച്ചുഗലിലെ ആശുപത്രിക്ക് 35,000 ചതുരശ്രയടി ഭൂമി നല്‍കാനുള്ള ധാരണാപത്രത്തില്‍ വസുന്ധര രാജെ സിന്ധ്യ സര്‍ക്കാറാണ് ഒപ്പിട്ടത്. വസുന്ധര രാജെയുടെ സാന്നിധ്യത്തില്‍ 2014 ഒക്ടോബര്‍ രണ്ടിനാണ് ലിസ്ബണ്‍ ആസ്ഥാനമായ ചംബാലിമൗഡ് ഫൗണ്ടേഷനുമായി സര്‍ക്കാര്‍ ധാരണാപത്രം ഒപ്പുവെച്ചത്. ലളിത് മോദിയുടെ ഭാര്യയുടെ ചികിത്സ കഴിഞ്ഞ് രണ്ട് മാസത്തിന് ശേഷമായിരുന്നു ഇത്.
ലളിത് മോദിക്ക് യാത്രാരേഖകള്‍ ലഭിക്കുന്നതിനായി രാജസ്ഥാന്‍ മുഖ്യമന്ത്രി വസുന്ധരാ രാജെ സിന്ധ്യ ഇടപെട്ടതിന്റെ തെളിവുകളും പുറത്തായിട്ടുണ്ട്. ഇന്ത്യക്കാര്‍ അറിയരുതെന്ന ഉറപ്പിന്‍മേല്‍ വസുന്ധരാ രാജെ, ലളിത് മോദിയുടെ ഭാര്യയുടെ ചികിത്സാ ആവശ്യം സംബന്ധിച്ച് ലണ്ടനിലെ ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ക്ക് അയച്ച സാക്ഷ്യപത്രമാണ് പുറത്തുവന്നത്.
2011 ആഗസ്റ്റില്‍ വസുന്ധര രാജെ രഹസ്യമായി അയച്ച മൂന്ന് പേജ് വരുന്ന സാക്ഷ്യപത്രത്തിന്റെ പകര്‍പ്പുകള്‍ ലളിത് മോദിയുടെ അഭിഭാഷകന്‍ മെഹ്മൂദ് അബ്ദിയാണ് മുംബൈയില്‍ നടത്തിയ പത്രസമ്മേളനത്തില്‍ ഇന്നലെ രാവിലെ പുറത്തുവിട്ടത്. എന്നാല്‍, ഇതേക്കുറിച്ച് പ്രതികരിക്കാന്‍ വസുന്ധര രാജെ ഇതുവരെ തയ്യാറായിട്ടില്ല. അതേസമയം, ഈ തെളിവുകള്‍ കെട്ടിച്ചമച്ചതാണെന്നാണ് അവരുമായി അടുപ്പമുള്ളവര്‍ പ്രതികരിച്ചത്.
അതിനിടെ, ബി ജെ പി നേതൃത്വം കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമാ സ്വരാജിന് ഉറച്ച പിന്തുണ നല്‍കിക്കൊണ്ട് വാര്‍ത്താസമ്മേളനം നടത്തി. ഡല്‍ഹിയില്‍ നടന്ന വാര്‍ത്താ സമ്മേളനത്തി ല്‍ കേന്ദ്ര മന്ത്രിമാരായ അരുണ്‍ ജെയ്റ്റിലിയും രാജ്‌നാഥ് സിംഗും ഇക്കാര്യം ആവര്‍ത്തിച്ച് വ്യക്തമാക്കി. സദുദ്ദേശ്യത്തോടെയാണ് ലളിത് മോദിയുടെ കാര്യത്തില്‍ സുഷമാ സ്വരാജ് ചെയ്തതെന്നും ഇക്കാര്യത്തില്‍ അവര്‍ക്കൊപ്പം പാര്‍ട്ടി ഉറച്ചുനില്‍ക്കുകയാണെന്നും ജെയ്റ്റിലി പറഞ്ഞു. മന്ത്രിമാരെല്ലാം തീരുമാനമെടുക്കാന്‍ പ്രാപ്തിയുള്ളവരാണ്. അവരെന്ത് തീരുമാനമെടുത്താലും സര്‍ക്കാര്‍ അര്‍ക്കൊപ്പം നില്‍ക്കുമെന്നും അരുണ്‍ ജെയ്റ്റിലി പറഞ്ഞു.
അതേസമയം, നിരാശരായ പ്രതിപക്ഷം അനാവശ്യ വിവാദങ്ങള്‍ ഉണ്ടാക്കുകയാണെന്ന് പരിസ്ഥിതി മന്ത്രി പ്രകാശ് ജാവേദ്കര്‍ പറഞ്ഞു. ലളിത് മോദിയും നരേന്ദ്ര മോദിയും അമിത് ഷായും ഒരുമിച്ചുള്ള ഫോട്ടോ കോ ണ്‍ഗ്രസ് പുറത്തുവിട്ടത് സംബന്ധിച്ചും ജാവേദ്കര്‍ പ്രതികരിച്ചു. ആ ഫോട്ടോ അഞ്ച് വര്‍ഷം പഴക്കമുള്ളതാണെന്നും അന്ന് നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിയും സംസ്ഥാന ക്രിക്കറ്റ് അസോസിയേഷന്‍ മേധാവിയുമായിരുന്നെന്നും അദ്ദേഹം പറഞ്ഞു.
കോണ്‍ഗ്രസ് ഉന്നയിക്കുന്നത് അടിസ്ഥാനരഹിതമായ ആരോപണങ്ങളാണ്. അവര്‍ക്ക് ആശയങ്ങള്‍ നഷ്ടപ്പെട്ടിരിക്കുന്നു. ആവശ്യമില്ലാത്ത പ്രശ്‌നങ്ങളാണ് അവര്‍ ഉയര്‍ത്തിക്കൊണ്ടുവരുന്നതെല്ലാം. കോണ്‍ഗ്രസ് പൂര്‍ണമായും ആശയ പാപ്പരത്വം നേരിടുകയാണെന്നും ജാവേദ്കര്‍ കുറ്റപ്പെടുത്തി. സര്‍ക്കാറിന് ജനങ്ങളുടെ പിന്തുണയുണ്ട്. കോ ണ്‍ഗ്രസിന് അത് മനസ്സിലാകുന്നില്ല. സുഷമാ സ്വരാജ് വിശദീകരണം നല്‍കിയതിലൂടെ വിവാദം തന്നെ അവസാനിച്ചതാണെന്നും ജാവേദ്കര്‍ വ്യക്തമാക്കി.
അതിനിടെ, സുഷമാ സ്വരാജിന് പിന്തുണയുമായി സേനയുടെ മുഖപത്രമായ സാമ്‌നയും രംഗത്തുവന്നു. സുഷമക്കെതിരെയുള്ള ആരോപണം വിദേശ കാര്യ മന്ത്രാലയത്തെ അസ്ഥിരപ്പെടുത്താനാണെന്ന് മുഖപ്രസംഗത്തില്‍ പറയുന്നു. സര്‍ക്കാറിന്റെ ആത്മവീര്യം കെടുത്താനാണ് ചിലര്‍ ശ്രമിക്കുന്നതെന്നും സാമ്‌ന ആരോപിച്ചു.
സുഷമാ സ്വരാജിന്റെ പ്രതിഛായ തകര്‍ക്കാന്‍ ശ്രമിക്കുന്നത് ആരാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി കണ്ടെത്തണം. വിവേകമുള്ള മന്ത്രിമാര്‍ക്കെതിരെ ഇത്തരം ആരോപണങ്ങള്‍ ഉയര്‍ന്നുവരാം. നിതിന്‍ ഗഡ്കരി, രാജ്‌നാഥ് സിംഗ് എന്നിവര്‍ക്കെതിരെ മുമ്പ് ഉയര്‍ന്ന ആരോപണങ്ങള്‍ ഇതിന് ഉദാഹരണമാണെന്നും സാമ്‌ന ചൂണ്ടിക്കാട്ടുന്നു.

Latest