Connect with us

Gulf

വായന മലയാളിയെ വ്യതിരിക്തനാക്കി

Published

|

Last Updated

കേരളത്തില്‍ ഇന്ന് വായനാ ദിനം. കേരളത്തിന് പുറത്ത് ജീവിക്കുന്ന മലയാളികള്‍ക്കും ആഘോഷമാകാം. കാരണം, കടല്‍ കടന്നാലും വായനയോടുള്ള പ്രിയം മലയാളികള്‍ക്ക് അന്യമാകാറില്ല. ലോക ഭാഷകളെ അസൂയാലുക്കളാക്കുന്ന മലയാള സാന്നിധ്യം ഗള്‍ഫ്, യൂറോപ്യന്‍ നഗരങ്ങളില്‍ പോലുമുണ്ട്. ദുബൈയില്‍, ഒരു പടികൂടി കടന്ന് നിരവധി പത്രങ്ങളും ചാനലുകളും റേഡിയോകളും പ്രവര്‍ത്തിക്കുന്നു. മലയാളം അക്ഷരങ്ങളായും വാക്കുകളായും നിറഞ്ഞൊഴുകുന്നു. വിശുദ്ധ ഖുര്‍ആന്‍ അവതീര്‍ണമായ മാസത്തിന്റെ തുടക്കത്തിലാണ് വായനാദിനം എന്നത് മറ്റൊരു സവിശേഷത. “വായിക്കുക, നിന്റെ നാഥന്റെ നാമത്തില്‍” എന്ന് ഖുര്‍ആന്‍ ഉദ്‌ഘോഷിക്കുന്നു. പലരും ഖുര്‍ആന്‍ പാരായണത്തില്‍ നിഗമഗ്നരാണ്. ഖുര്‍ആന്റെ പുതിയ അര്‍ഥതലങ്ങള്‍ കണ്ടെത്തുന്നു.
മലയാളിയെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെത്തിച്ചത്, വായന തന്നെ. സഹ്യപര്‍വതത്തിനും അറേബ്യന്‍ സമുദ്രത്തിനുമിടയിലെ കൊച്ചു പ്രദേശത്തിനപ്പുറം വിശാലമായ ലോകമുണ്ടെന്ന അറിവ് മലയാളിക്ക് ഏറെക്കുറെ നല്‍കിയത് വാറോലകളും പുസ്തകങ്ങളുമാണ്. അവ, മലയാളിയെ സാഹസികനാക്കി. അക്ഷരാഭ്യാസമുള്ള ജനത കേരളീയ സമ്പദ് ഘടനക്ക് നട്ടെല്ലായി. അവര്‍, ലോകത്തിന്റെ പല ഭാഗങ്ങളിലും വെന്നിക്കൊടി നാട്ടി. അക്ഷരജ്ഞാനം കൈമുതലായി ഉള്ളത് കൊണ്ട്, മറ്റു സമൂഹങ്ങളേക്കാള്‍ മുന്നിലെത്തി.
ലോകത്ത് 99 ശതമാനം സാക്ഷരതയുള്ള അപൂര്‍വം പ്രദേശങ്ങളിലൊന്നായി കേരളം മാറിയിട്ടുണ്ട്. അതിനനുസരിച്ച് പത്ര മാധ്യമങ്ങള്‍ വളര്‍ച്ച നേടി. ഇന്ന്, സാമൂഹികമാധ്യമങ്ങള്‍ വഴിയും മലയാളീ വായന ഏറെ മുന്നോട്ടുപോയി.
വായനാ ദിനത്തില്‍ പ്രധാനമായും സ്മരിക്കപ്പെടുന്നത് പി എന്‍ പണിക്കരാണ്. സമ്പൂര്‍ണ സാക്ഷരതക്കുവേണ്ടി അദ്ദേഹം കേരളത്തില്‍ അക്ഷീണം യത്‌നിച്ചു. 1995 ജൂണ്‍ 19നാണ് പി എന്‍ പണിക്കര്‍ നിര്യാതനായത്. അത്‌കൊണ്ടാണ് കേരളത്തില്‍ എല്ലാ വര്‍ഷവും ജൂണ്‍ 19ന് വായനാദിനമായത്. മിക്ക ജില്ലാ ആസ്ഥാനങ്ങളിലും ഒരാഴ്ച നീണ്ടു നില്‍ക്കുന്ന പരിപാടികളാണ്. വായന എന്നാല്‍ മാതൃ ഭാഷാ വായനയില്‍ മാത്രം ഒതുങ്ങുന്നില്ല. മികച്ച കൃതികള്‍ ഏത് ഭാഷയിലുള്ളതായാലും വായിക്കാന്‍ വായനാദിനം പ്രേരിപ്പിക്കുന്നുണ്ട്. ഇംഗ്ലീഷിലും അറബിയിലും മറ്റുമുള്ള കൃതികളും കേരളത്തില്‍ വ്യാപകമായി വായിക്കപ്പെടുന്നു. നോവലുകളും കഥകളും ചരിത്ര പുസ്തകങ്ങളും ആത്മ കഥകളും കേരളത്തില്‍ വന്‍തോതില്‍ വിറ്റഴിക്കപ്പെടുന്നു. ഗള്‍ഫില്‍ വിലക്കൂടുതലുള്ളതിനാല്‍ നാട്ടില്‍ നിന്ന് പെട്ടി നിറയെ പുസ്തകങ്ങളുമായി എത്തുന്നവരെയും കാണാനാകും.
മലയാളിയുടെ വായനാശീലമാണ് ഷാര്‍ജ രാജ്യാന്തര പുസ്തകമേള വന്‍ വിജയത്തിലായതിന്റെ ഘടകങ്ങളിലൊന്ന്. ഷാര്‍ജയില്‍ അറബികളും മലയാളികളും വന്‍തോതില്‍ പുസ്തകങ്ങള്‍ വാങ്ങുന്നു. അതിനനുസരിച്ച് മലയാളത്തിന് പ്രാധാന്യം നല്‍കാന്‍ ഷാര്‍ജ ഭരണകൂടം തയ്യാറായി.
ഇത്തവണ അബുദാബി രാജ്യാന്തര പുസ്തകമേളയിലും മലയാളം ശ്രദ്ധിക്കപ്പെട്ടു. മോശമല്ലാത്ത രീതിയില്‍ ഇവിടെ പുസ്തകങ്ങള്‍ വിറ്റുപോയി. ഷാര്‍ജയില്‍ ഈ വര്‍ഷം നവംബര്‍ നാലിനാണ് തുടങ്ങുക. നിരവധി പ്രമുഖര്‍ എത്തും.
പുസ്തകങ്ങളില്ലാത്ത മുറി ആത്മാവില്ലാത്ത ശരീരം പോലെയാണെന്ന് റോമന്‍ ദാര്‍ശനികന്‍ സിസറോ. സാമൂഹിക മാധ്യമങ്ങള്‍ അരങ്ങുതകര്‍ക്കുമ്പോഴും പുസ്തകങ്ങള്‍ വേറിട്ട അനുഭവമായി തന്നെ നില്‍ക്കുന്നു.

Latest