Connect with us

Editorial

സ്വാഗതാര്‍ഹമായ തിരിച്ചറിവ്

Published

|

Last Updated

“വിജിലന്‍സിന് ശരിയായ രീതിയിലും സ്വതന്ത്രമായും പ്രവര്‍ത്തിക്കാന്‍ സാധിക്കാത്തതിനാല്‍ സാധാരണക്കാരന് നീതിലഭിക്കുന്നില്ലെ”ന്ന കേരള ഹൈക്കോടതിയുടെ നിരീക്ഷണം ഗൗരവമുള്ളതാണ്. വിജിലന്‍സ് സംവിധാനത്തെ സ്വതന്ത്രാധികാരത്തോടെ പരിഷ്‌കരിക്കാനുള്ള നിര്‍ദേശവും ശ്രദ്ധേയമാണ്. സംസ്ഥാനത്ത് 600ലേറെ അഴിമതിക്കേസുകള്‍ കോടതികളുടെ പരിഗണനയിലാണ്. എന്നാല്‍ വിജിലന്‍സ് കോടതികളുടെ എണ്ണം വിരലിലെണ്ണാവുന്നത് മാത്രം. വിജിലന്‍സ് പരിഗണിക്കേണ്ട കേസുകള്‍, ഇപ്പോള്‍ പ്രത്യേക കോടതികളാണ് കേള്‍ക്കുന്നത്. വിജിലന്‍സിന് ശരിയായ രീതിയിലും സ്വതന്ത്രമായും പ്രവര്‍ത്തിക്കാന്‍ സാധിക്കാത്തതിനാല്‍ സാധരണക്കാര്‍ക്ക് നീതിലഭിക്കുന്നില്ലെന്ന പരാതി വ്യാപകമാണ്. പല അന്വേഷണങ്ങളും ശരിയായ രീതിയിലല്ലെന്നും ഹൈക്കോടതി നിരീക്ഷിച്ചു. വിജിലന്‍സ് സംവിധാനത്തെ സ്വതന്ത്രാധികാരത്തോടെ പരിഷ്‌കരിക്കാന്‍ ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസ് ഉത്തരവിട്ടതും അത്‌കൊണ്ട്തന്നെയാകണം.
ഈ ദിശയിലേക്കുള്ള മാറ്റങ്ങള്‍ക്കായി രണ്ടംഗ അമിക്കസ്‌ക്യൂറിയെ നിയോഗിച്ചിട്ടുണ്ട്. വിജിലന്‍സിന് സ്വയംഭരണവും പ്രവര്‍ത്തന സ്വാതന്ത്ര്യവും നല്‍കുന്നത് സംബന്ധിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കാനും, വിജിലന്‍സ് സംവിധാനത്തിന്റെ കാലോചിത പരിഷ്‌കാരം സംബന്ധിച്ച് അഭിപ്രായങ്ങളും ശിപാര്‍ശകളും സമയബന്ധിതമായി സമര്‍പ്പിക്കാനുമാണ് അമിക്കസ്‌ക്യൂറിക്ക് നല്‍കിയ നിര്‍ദേശം. സംസ്ഥാനത്ത് ഇപ്പോള്‍ സജീവ ചര്‍ച്ചാവിഷയമായ ബാര്‍കോഴ സംബന്ധിച്ച കേസന്വേഷണം ഹൈക്കോടതിയുടെ മേല്‍നോട്ടത്തിലാകണമെന്ന ആവശ്യം ശക്തമാണ്. വിജിലന്‍സ് സംവിധാനത്തിന് ശരിയായ രീതിയിലും സ്വതന്ത്രമായും പ്രവര്‍ത്തിക്കാന്‍ സാധിക്കാത്തതിനാല്‍ സാധാരണക്കാരന് നീതിലഭിക്കുന്നില്ലെന്ന ആക്ഷേപം നിലവിലുണ്ട്, സി ബി ഐക്ക് നിഷ്പക്ഷമായി പ്രവര്‍ത്തിക്കാന്‍ സാധിക്കുന്നു എന്ന വിശ്വാസം ജനങ്ങള്‍ക്കുണ്ട്. അതുകൊണ്ടാണ് അന്വേഷണ ഏജന്‍സിയെന്ന നിലയില്‍ സി ബി ഐയെ പൊതുജനങ്ങള്‍ സ്വാഗതം ചെയ്യുന്നത്.
അന്വേഷണ ഏജന്‍സി, ബാഹ്യ ഇടപെടലുകളില്‍ നിന്ന് സ്വതന്ത്രമായാലേ അന്വേഷണം കാര്യക്ഷമമാകുകയുള്ളൂവെന്ന് ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസ് വിലയിരുത്തിയത് ശ്രദ്ധേയമാണ്. വിജിലന്‍സിന്റെ കാലോചിത പരിഷ്‌കരണത്തിനാവശ്യമായ അഭിപ്രായങ്ങളും ശിപാര്‍ശകളും മൂന്നാഴ്ചക്കകം സമര്‍പ്പിക്കാന്‍ വിജിലന്‍സ് ഡയറക്ടര്‍ക്ക് ഹൈക്കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്. ആള്‍ കേരള ആന്റി കറപ്ഷന്‍ ആന്‍ഡ് ഹ്യൂമണ്‍ റൈറ്റ്‌സ് പ്രൊട്ടക്ഷന്‍ കൗണ്‍സില്‍ പ്രസിഡന്റ് ഐസക് വര്‍ഗീസും, നിയമസാധുതയില്ലാത്ത അന്വേഷണ സംഘമാണ് വിജിലന്‍സ് എന്നും ക്രിമിനല്‍ നടപടിക്രമങ്ങളുടെ ഭാഗമായല്ല ഇവയുടെ രൂപവത്കരണമെന്നും ചൂണ്ടിക്കാട്ടി ഇടുക്കി സ്വദേശി കെ ടി മോഹനനും സമര്‍പ്പിച്ച ഹരജികള്‍ പരിശോധിക്കുമ്പോഴായിരുന്നു ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസിന്റെ ഉത്തരവ്. വിജിലന്‍സ് സംവിധാനത്തിന്റെ സ്വയം ഭരണാധികാരവും പ്രവര്‍ത്തന സ്വാതന്ത്ര്യവും സംബന്ധിച്ച് സുപ്രിംകോടതിയും, ഹൈക്കോടതിയും പുറപ്പെടുവിച്ച വിധികളുടെ വിശദാംശങ്ങള്‍ സമര്‍പ്പിക്കാനും ഹൈക്കോടതി നിര്‍ദേശിച്ചിട്ടുണ്ട്. ഏതെങ്കിലുമൊരു പ്രത്യേക കേസിന്റെ അടിസ്ഥാനത്തിലല്ല വിജിലന്‍സിന്റെ ഘടനയിലെ മാറ്റത്തിന്റെ കാര്യം പരിഗണിക്കുന്നതെന്ന് ഹൈക്കാടതി വ്യക്തമാക്കിയിട്ടുണ്ട്. വിജിലന്‍സിന്റെ പ്രവര്‍ത്തനത്തെ പൊതുവായി കണ്ടാണ് വിജിലന്‍സ് സംവിധാനം ഉടച്ചുവാര്‍ക്കുന്നതിനെ കുറിച്ച് അഭിപ്രായം തേടുന്നതെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.
വിജിലന്‍സിന് മുന്നിലെത്തുന്ന കേസുകളില്‍ പിഴവറ്റ അന്വേഷണവും കോടതി നടപടികളും ഉണ്ടാകുന്നുവെന്ന് പൊതുജനത്തെ ബോധ്യപ്പെടുത്താനാകാത്ത സാഹചര്യമാണ് നിലവിലുള്ളത്. സര്‍ക്കാറിന് കീഴിലെ ഒരു സംവിധാനമെന്ന് പറയാവുന്ന വിജിലന്‍സിന് സി ബി ഐക്ക് സമാനമായ സ്വയംഭരണാധികാരവും പ്രവര്‍ത്തന സ്വാതന്ത്ര്യവും അനിവാര്യമാണ്. ഇതെല്ലാമുള്ള വിജിലന്‍സ് സംവിധാനമാണ് ജനം ആഗ്രഹിക്കുന്നത്. ബാഹ്യ ഇടപെടലുകളില്‍ നിന്നും വിജിലന്‍സ് മുക്തമാകണം. ബാര്‍കോഴക്കേസില്‍ വിജിലന്‍സിന്റെ നിസ്സഹായത നാം അനുഭവിച്ചറിഞ്ഞതാണ്. ഇത്തരമൊരു സംവിധാനം നീതിന്യായവ്യവസ്ഥക്ക് നാണക്കേടാണ്. വിജിലന്‍സ് എന്ന് പേരിട്ട് നാം കൊണ്ടുനടക്കുന്ന “പുലി”വെറും കടലാസ് പുലിയാണെന്ന് കേരള ഹൈക്കോടതി തന്നെ തിരിച്ചറിഞ്ഞിരിക്കുന്നു എന്നത് ശുഭോദര്‍ക്കമാണ്.

Latest