Connect with us

Ongoing News

നാവിന്റെ നോമ്പ്

Published

|

Last Updated

“സൗമ്” എന്ന പദത്തിന് മൗനം എന്നും അര്‍ഥമുണ്ട്. റമസാനിന്റെ പകലില്‍ ഭക്ഷണ പാനീയങ്ങളും, ഭോഗവുമെല്ലാം മാറ്റി വെക്കുമ്പോള്‍ രാവും പകലുമെന്ന വ്യത്യാസമില്ലാതെ അനാവശ്യങ്ങളില്‍ നിന്ന് നാവിനെ നാം മൗനപ്പൂട്ട് വെക്കണം.””മൗനിയായവന്‍ രക്ഷപ്പെട്ടു”” എന്ന തിരുവചനം റമസാനില്‍ കൂടുതല്‍ ശ്രദ്ധിക്കണം. അക്ഷരാര്‍ഥത്തിലുള്ള നോമ്പുണ്ടാവാന്‍ അന്നപാനീയങ്ങളോടൊപ്പം അത്യാവശ്യത്തിനുള്ളതല്ലാത്ത എല്ലാ സംസാരങ്ങളും നിയന്ത്രിക്കണം.
നോമ്പുകാലത്ത് ഔദ്യോഗിക ചുമതലയില്ലാത്തവര്‍ അത്യാവശ്യത്തിനല്ലാത്ത ഭൗതിക കാര്യങ്ങള്‍ ശ്രദ്ധിക്കാതിരിക്കുന്നതാണ് നല്ലത്. പത്ര വായനകളും, ദൃശ്യ മാധ്യമങ്ങളുമെല്ലാം തെറ്റായ ചര്‍ച്ചകളിലേക്കും മറ്റുള്ളവരെ സംബന്ധിച്ചുള്ള വിശകലനങ്ങളിലേക്കും നമ്മേ കൊണ്ടെത്തിക്കും. റമസാനിലെ വായന ഖുര്‍ആന്‍ പാരായണത്തില്‍ ഒതുക്കുകയും അല്ലെങ്കില്‍ നല്ലത് മാത്രം വായിക്കുക. കേള്‍ക്കുന്നത് ഖുര്‍ആന്‍ പാരായണമോ സദുപദേശങ്ങളോ മാത്രമാക്കുകയും ചെയ്താല്‍ നാവിനെ നമുക്ക് നിയന്ത്രിക്കാന്‍ സാധിക്കും.
“”സമ്പത്തില്‍ നിന്ന് ആവശ്യമുള്ളത് കഴിച്ച് ബാക്കി ചെലവഴിക്കുകയും അത്യാവശ്യത്തിനു മാത്രം സംസാരിച്ച് ബാക്കി തടഞ്ഞു വെക്കുകയും ചെയ്യുന്നവനാണ് ശുഭവാര്‍ത്തകളത്രയും”” എന്ന നബി വചനം ചിന്തനീയമാണ്. ആവശ്യമുള്ളിടത്ത് പണമിറക്കാന്‍ മടി കാണിക്കുകയും അസ്ഥാനത്ത് കയറി വാചക കസര്‍ത്ത് നടത്തുകയും ചെയ്യുന്നത് പലര്‍ക്കും ഒരു ഹോബിയാണ്.
നോമ്പുക്കാരന്റെ നാവിന് കടുത്ത നിയന്ത്രണമേര്‍പ്പെടുത്തണം “”നിന്നോട് ആരെങ്കിലും തര്‍ക്കത്തിന് വന്നാല്‍ ഞാന്‍ നോമ്പുകാരനാണെന്നു പറഞ്ഞ് നീ ഒഴിഞ്ഞു മാറണം”” എന്നാണ് തിരുദൂതരുടെ ഉപദേശം.””അനാവശ്യ വാക്കുകളും അത്തരം പ്രവര്‍ത്തനങ്ങളും ഒരാള്‍ ഉപേക്ഷിക്കുന്നില്ലെങ്കില്‍ അവന്‍ ഭക്ഷണ പാനീയങ്ങള്‍ ഉപേക്ഷിക്കുന്നതില്‍ അല്ലാഹുവിന് യാതൊരു താത്പര്യവുമില്ല””(തിര്‍മുദി) എന്ന ഹദീസ് നമ്മുടെ ഓര്‍മയിലുണ്ടാവണം.
നോമ്പ് നോറ്റവന് നാവു കൊണ്ട് നേടാവുന്ന ഏറ്റവും വലിയ പുണ്യകര്‍മം ഖുര്‍ആന്‍ പാരായണമാണ്. ഖുര്‍ആന്‍ അവതരണത്തിന്റെ വാര്‍ഷികാഘോഷം കൂടിയാണ് റമസാന്‍. ഏതു തിരക്കുള്ളവനും മൂന്ന് തവണയെങ്കിലും ഖുര്‍ആന്‍ ഓതി തീര്‍ക്കാന്‍ കഴിയും. അതിന് ഒരു ടൈംടേബിള്‍ തയ്യാറാക്കണമെന്ന് മാത്രം.
ഒരു ഖത്തം എന്നത് മുപ്പത് ജുസുഅ് കൂടിയതാണ്. സാവകാശം ഓതുന്ന ഒരാള്‍ക്ക് കൂടിയാല്‍ 25 മിനിറ്റ് കൊണ്ട് ഒരു ജുസുഅ് ഓതിത്തീര്‍ക്കാം. ഇങ്ങനെ മൂന്ന് ഘട്ടങ്ങളിലായി ഒന്നേകാല്‍ മണിക്കൂര്‍ സമയം ദിവസവും ഓത്തിനു വേണ്ടി മാറ്റിവെക്കുക. അത്താഴ സമയമാണ് രാത്രിയില്‍ ഖുര്‍ആന്‍ പരായണത്തിന് ഏറ്റവും ഉത്തമ സമയം. സുബ്ഹിക്ക് മുമ്പായി ഒരു ജുസുഅ് ഓതിത്തീര്‍ക്കുക. സുബ്ഹിക്ക് ശേഷം ഓതുന്നതാണ് പകലില്‍ ഏറ്റവും ഉത്തമം. ഒരു ജുസുഅ് സുബ്ഹിക്ക് ശേഷവും , മൂന്നാമത്തേത് പതിനൊന്ന് മണിക്കെങ്കിലും പള്ളിയില്‍ എത്തിച്ചേര്‍ന്ന് ളുഹാ നിസ്‌കാരത്തിനു ശേഷം ഓതിത്തീര്‍ക്കുക. ഓര്‍ക്കുക കൃത്യനിഷ്ഠതയാണ് പ്രധാനം. പ്ലാനിംഗ് ഇല്ലെങ്കില്‍ റമസാന്‍ കഴിഞ്ഞ് തിരിഞ്ഞു നോക്കുമ്പോള്‍ നമ്മുടെ കൈ ശൂന്യമായിരിക്കും. വല്ലതും ചെയ്തിട്ടുണ്ടെങ്കില്‍ തന്നെ അത് നാം ഏഷണിയും പരദൂഷണവും പറഞ്ഞ് തന്നെ കൊടുക്കാന്‍ തികയാതെ വരും. സൂക്ഷിച്ചാല്‍ ദു:ഖിക്കേണ്ടി വരില്ല. നാവും നോമ്പെടുക്കട്ടെ.

 

Latest