Connect with us

Malappuram

ബദര്‍ മസ്ജിദ് നിറയുന്നു, ബദര്‍ സ്മൃതികളില്‍

Published

|

Last Updated

മലപ്പുറം: ഇസ്‌ലാമിക ചരിത്രത്തിലെ സംഭവ ബഹുലമായ ഓര്‍മപ്പെടുത്തലാണ് റമസാന്‍ പതിനേഴ്. അധര്‍മ്മത്തിനെതിരെ പോരാടി രക്തസാക്ഷിത്വം വഹിച്ച ബദ്‌രീങ്ങളെ ലോകമെങ്ങും സ്മരിക്കാനിരിക്കുന്ന ദിനമാണത്. വിശുദ്ധ മതത്തിന്റെ നിലനില്‍പിനായി പോരാടിയ പ്രവാചക അനുചരന്‍മാരുടെ ധീരോദാത്തമായ കഥകള്‍ വിശ്വാസികള്‍ക്ക് എന്നും കരുത്തു പകരുന്നതാണ്. അവരുടെ നാമങ്ങള്‍ ഉരുവിടുന്നത് പോലും ഏറെ പ്രതിഫലാര്‍ഹമായിട്ടാണ് വിശ്വാസികള്‍ കാണുന്നത്.
ഇതിനായി നാടെങ്ങും ബദ്ര്‍മൗലിദുകളും അനുസ്മരങ്ങളും സംഘടിപ്പിക്കപ്പെടുന്നത് പതിവാണ്. വേങ്ങരക്കടുത്ത ഊരകം കരിമ്പിലി ബദര്‍ മസ്ജിദില്‍ വര്‍ഷങ്ങളായി എല്ലാ വെള്ളിയാഴ്ചയും സുബ്ഹി നിസ്‌കാര ശേഷം നടക്കുന്ന ബദര്‍ മൗലിദ് മജ്‌ലിസില്‍ നാടിന്റെ നാനാഭാഗങ്ങളില്‍ നിന്നെത്തുന്ന ആയിരങ്ങളാണ് സംഗമിക്കാറുള്ളത്.
പണ്ഡിതന്‍മാരും സാധാരണക്കാരും സമൂഹത്തിന്റെ വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവരും വിദ്യാര്‍ഥികളുമെല്ലാം ഇവരിലുണ്ട്. വിദൂര ദിക്കുകളില്‍ നിന്നുള്ളവര്‍ തലേ ദിവസം തന്നെയെത്തി ഇവിടെ അന്തിയുറങ്ങും. മറ്റുള്ളവര്‍ പുലര്‍ച്ചെ വാഹനങ്ങളിലും കാല്‍നടയായും ബദര്‍മൗലിദ് ലക്ഷ്യമാക്കി പുറപ്പെടും. സുബ്ഹി നിസ്‌കാര ശേഷം ആരംഭിക്കുന്ന സദസ് ആത്മീയ നിര്‍വൃതി പകരുന്നതാണെന്ന് വിശ്വാസികള്‍ പറയുന്നു. റമസാനിലെ വെള്ളിയാഴ്ചകളില്‍ വിശ്വാസികളെ ഉള്‍കൊള്ളാനാകാതെ പള്ളിയും പരിസരവും നിറഞ്ഞൊഴുകും. രണ്ട് മണിക്കൂര്‍ സമയം ബദ്‌രീങ്ങളെ പാടിയും പറഞ്ഞും പ്രാര്‍ഥനകളില്‍ മുഴുകുന്ന അവര്‍ ഏറെ സംതൃപ്തിയോടെയാണ് ഇവിടെ നിന്ന് മടങ്ങുന്നത്. സയ്യിദ് ശിഹാബുദ്ദീന്‍ അല്‍ ബുഖാരി കടലുണ്ടിയുടെ നേതൃത്വത്തില്‍ നടക്കുന്ന മജ്‌ലിസില്‍ പങ്കെടുക്കാന്‍ പ്രമുഖ പണ്ഡിതന്‍മാരുമുണ്ടാകും ഓരോ ആഴ്ചയും. നാളെ രാവിലെ നടക്കുന്ന ബദ്ര്‍ മൗലിദ് മജ്‌ലിസിന് വിശാലമായ സൗകര്യമാണ് ഇവിടെ ഏര്‍പെടുത്തിയിട്ടുള്ളത്.

Latest