Connect with us

National

ശമ്പള വര്‍ധന ആവശ്യപ്പെടുന്ന എം പിമാര്‍ക്ക് നിലവില്‍ ലഭിക്കുന്നത് പ്രതിമാസം ഒന്നര ലക്ഷം

Published

|

Last Updated

തിരുവനന്തപുരം: മ്പളവും ആനുകൂല്യവും വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെടുന്ന എം പിമാര്‍ക്ക് നിലവില്‍ പ്രതിമാസം ലഭിക്കുന്ന ആനുകൂല്യം ഒന്നരലക്ഷത്തോളം രൂപ. ഇതിനുപുറമേ മറ്റു നിരവധി അലവന്‍സുകളും ലഭിക്കുന്നുണ്ട്. 50,000 രൂപയാണ് ശമ്പളം. ഇതിനു പുറമെ മണ്ഡലം സന്ദര്‍ശിക്കുന്നതിന് പ്രതിമാസം 45,000 രൂപയാണ് അലവന്‍സ്. കൂടാതെ ഓഫീസ് സാധനങ്ങളും സ്റ്റേഷനറി സാധനങ്ങളും വാങ്ങുന്നതിലേക്കായുള്ള മാസ അലവന്‍സ് 40,000. ഈ മൂന്ന് അലവന്‍സുകളുമാകുമ്പോള്‍ തന്നെ തുക 1,40,000 ആകും.
ലോക്‌സഭ ചേരുന്ന സമയങ്ങളില്‍ സഭയില്‍ പങ്കെടുക്കുന്നതിന് പ്രതിദിന അലവന്‍സായി 2000 രൂപ വീതം ലഭിക്കും. വര്‍ഷത്തില്‍ 60,000 രൂപയാണ് ഫര്‍ണിച്ചറുകള്‍ വാങ്ങാനുള്ള അലവന്‍സ്. ഇവയുടെ മെയിന്റനന്‍സിന് 15,000 രൂപയും അനുവദിക്കുന്നുണ്ട്. കൂടാതെ എം പിയുടെ വസതിയിലെ സോഫ വിരിപ്പ്, കര്‍ട്ടനുകള്‍ എന്നിവ അലക്കുന്നതിന് മൂന്നു മാസം കൂടുമ്പോള്‍ തുക അനുവദിക്കും. അടുക്കളയിലെയോ ബാത്ത് റൂമിലെയോ ടൈലുകള്‍ മാറ്റേണ്ടതായി വരുന്നെങ്കില്‍ അതിനുള്ള അലവന്‍സുവരെ എം പിമാര്‍ക്ക് ലഭിക്കുന്നുണ്ട്.
ഇവര്‍ക്ക് രാജ്യത്തിനകത്ത് 38 വിമാനയാത്രകള്‍ സൗജന്യമായി നടത്താം. ഇതില്‍ ഭാര്യക്കും എം പിയുടെ അസിസ്റ്റന്റിനും എട്ട് യാത്രകള്‍ സൗജന്യമാണ്. അംഗവൈകല്യമുള്ള എം പിയാണെങ്കില്‍ അനുയായിക്കും അത്രയും തന്നെ വിമാനയാത്ര സൗജന്യമായിരിക്കും.
ലോക്‌സഭാ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ എം പി വിമാനത്തിലാണ് പോകുന്നതെങ്കില്‍ എയര്‍പോര്‍ട്ടില്‍നിന്ന് പാര്‍ലിമെന്റിലേക്കുള്ള യാത്രക്കുള്‍പ്പെടെ അലവന്‍സുണ്ട്. മറ്റ് ഔദ്യോഗിക യാത്രകള്‍ക്കും യാത്രാ ബത്തയുണ്ട്.
ബി എസ് എന്‍ എല്‍ നമ്പറിലുള്ള മൂന്ന് ലാന്‍ഡ് ഫോണുകളും ഒരു മൊബൈല്‍ ഫോണും സൗജന്യമാണ്. ഇതില്‍ വര്‍ഷത്തില്‍ 1,50,000 സൗജന്യ കോളുകള്‍ ചെയ്യാം. ബി എസ് എന്‍ എല്‍ ലഭിക്കാത്ത സമയത്ത് മറ്റ് സേവനങ്ങളും ഉപയോഗിക്കാം. ഇതിനും അലവന്‍സ് കിട്ടും. എം പിമാര്‍ക്ക് ഡല്‍ഹിയില്‍ താമസം സൗജന്യമാണ്. 4000 കിലോ ലിറ്റര്‍ വെള്ളവും 50,000 യൂനിറ്റ് വൈദ്യുതിയും വര്‍ഷത്തില്‍ സൗജന്യമായി ഉപയോഗിക്കാം. ലാപ്‌ടോപ്പ്, ഡെസ്‌ക്‌ടോപ്പ്, പാംടോപ്പ് ഇവ വാങ്ങുന്നതിനായി രണ്ട് ലക്ഷം രൂപയുടെ പ്രത്യേക അലവന്‍സുണ്ട്. പര്‍ച്ചേസ് ഓഫ് കണ്‍വേയന്‍സ് എന്ന വകയില്‍ വാഹനം വാങ്ങുന്നത് പോലുള്ള ആവശ്യങ്ങള്‍ക്കായി ഇവര്‍ക്ക് നാല് ലക്ഷം രൂപ വരെ അനുവദിക്കും.
ഈ തുക തീരെ കുറഞ്ഞ പലിശനിരക്കില്‍ ഗഡുക്കളായി തിരിച്ചടച്ചാല്‍ മതിയാകും. ഇതിന് പുറമേ മെഡിക്കല്‍ അലവന്‍സും ഇവര്‍ക്ക് നല്‍കിവരുന്നു. എം പിമാര്‍ക്ക് ലഭിക്കുന്ന അടിസ്ഥാന പെന്‍ഷന്‍തുക 20,000 രൂപയാണ്. ഇത് അഞ്ച് വര്‍ഷത്തേക്കുള്ള അടിസ്ഥാന തുകയാണ്.
ഇതിനു പുറമേ ഓരോ അധികവര്‍ഷത്തിനും 1500 രൂപ വീതം അധികം ലഭിക്കും. ഈ അലവന്‍സുകള്‍ക്കെല്ലാം പുറമേയാണ് കൂടുതല്‍ വര്‍ധനവ് ആവശ്യപ്പെട്ട് പാര്‍ലിമെന്റ് സമിതി കേന്ദ്രത്തിന് ശുപാര്‍ശ നല്‍കിയത്. അതേസമയം 65 ശുപാര്‍ശകളിലെ 33 നിര്‍ദേശങ്ങള്‍ സര്‍ക്കാര്‍ തള്ളി.