Connect with us

Kerala

കോട്ട വില്‍പ്പനയില്‍ കോടികളുടെ ഇടപാട്; അന്വേഷണം ഇഴയുന്നു

Published

|

Last Updated

കാസര്‍കോട് :പൈതൃക സ്വത്തായ കാസര്‍കോട് കോട്ട സ്വകാര്യവ്യക്തികള്‍ക്ക് വില്‍പ്പന നടത്തിയ സംഭവത്തില്‍ നടന്നത് കോടികളുടെ ഇടപാട്. കോട്ട ഉള്‍പ്പെടുന്ന അഞ്ചരയേക്കര്‍ സ്ഥലം വില്‍പ്പന നടത്തിയതില്‍ 25 കോടിയോളം രൂപയുടെ ഇടപാട് നടന്നിട്ടുണ്ടെന്നാണ് വിവരം. അതേസമയം ഭരണതലത്തിലേയും രാഷ്ട്രീയത്തിലേയും റവന്യൂവകുപ്പിലേയും ഉന്നതര്‍ ഉള്‍പ്പെട്ട സംഭവമായതിനാല്‍ അന്വേഷണം അട്ടിമറിക്കാനും തകൃതിയായ ശ്രമം തുടങ്ങി.
കാസര്‍കോട് കോട്ട കൈയേറിയവര്‍ക്കെതിരെ കര്‍ശനനടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് തുടക്കത്തില്‍ ആവേശത്തോടെ സമരത്തിനിറങ്ങിയ സി പി എം അടക്കമുള്ള രാഷ്ടീയപാര്‍ട്ടികള്‍ ഇപ്പോള്‍ പിന്‍മാറിയിരിക്കുകയാണ്. മുന്‍ കാസര്‍കോട് നഗരസഭാ ചെയര്‍മാനും സി പി എം നേതാവുമായ എസ് ജെ പ്രസാദ്, സി പിഎം പ്രാദേശികനേതാവ് ബെണ്ടിച്ചാലിലെ ഗോപാലന്‍ നായര്‍ എന്നിവര്‍ കോട്ട വാങ്ങിയവരില്‍ ഉള്‍പ്പെട്ടതാണ് സി പി എമ്മിനെ വെട്ടിലാക്കിയത്. രണ്ടുപേരും പാര്‍ട്ടിക്ക് വേണ്ടപ്പെട്ടവരായതിനാല്‍ ഇവരെ തളളിപ്പറയാന്‍ കഴിയാത്ത നിസ്സഹായാവസ്ഥയിലാണ് സി പി എം. ഭൂമി വാങ്ങിയ മറ്റൊരാള്‍ സി പി ഐയുടെ പ്രാദേശിക നേതാവ് തെക്കിലിലെ കൃഷ്ണന്‍ നായരാണ്. കേരള കോണ്‍ഗ്രസ് എമ്മിന്റെ സംസ്ഥാനനേതാവ് സജി സെബാസ്റ്റ്യന്‍ കൂടി സ്ഥലം വാങ്ങിയവരില്‍ ഉണ്ടെങ്കിലും ഇത് ഭരണപക്ഷത്തിനെതിരെ ആയുധമാക്കാന്‍ കഴിയാത്ത ഗതികേടിലാണ് ഇടതുപക്ഷം. മാണിഗ്രൂപ്പിന്റെ നേതാവിനും പങ്കുള്ളതിനാല്‍ യു ഡി എഫിനും ഈ വിഷയത്തില്‍ പ്രതികരിക്കാനാകുന്നില്ല.
രജിസ്‌ട്രേഷന്‍ നടപടികള്‍ കഴിഞ്ഞ ഭരണകാലത്ത് ആയിരുന്നതാണ് ഇടതുമുന്നണിയെ വിഷമിപ്പിക്കുന്ന മറ്റൊരു കാര്യം. സമഗ്രമായ അന്വേഷണമുണ്ടായാല്‍ പ്രതിക്കൂട്ടിലാവുക സി പി എമ്മിന്റെയും സി പി ഐയുടെയും ഉന്നതരായിരിക്കും. മാണിഗ്രൂപ്പിന് ക്ഷീണമുണ്ടാക്കുമെന്നതിനാല്‍ യു ഡി എഫ് സര്‍ക്കാര്‍ അത്തരമൊരു അന്വേഷണത്തിന് മുതിരുകയുമില്ല.

Latest