Connect with us

Kerala

കോട്ടക്കല്‍ പീഡനം: മാതാപിതാക്കളടക്കം 12 പേര്‍ അറസ്റ്റില്‍

Published

|

Last Updated

കോട്ടക്കല്‍: പ്രായപൂര്‍ത്തിയാകാത്ത മകളെ കാഴ്ചവെച്ച സംഭവത്തില്‍ മാതാപിതാക്കള്‍ ഉള്‍പ്പെടെ 12 പേരെ പോലീസ് അറസ്റ്റ് ചെയ്തു. കോട്ടക്കല്‍ പുലിക്കോട് ക്വാര്‍ട്ടേഴ്‌സ് കേന്ദ്രീകരിച്ച്മകളെ ഉപയോഗിച്ച് മാതാവും പിതാവും ലൈംഗിക കച്ചവടം നടത്തിയെന്ന കേസിലാണ് അറസ്റ്റ്. തിരൂര്‍ സി ഐ മുഹമ്മദ് ഹനീഫയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്. പിതാവ് കോഴിക്കോട് കൊയിലാണ്ടി കൊല്ലം വൈപ്പിന്‍ക്കാട് ഹമീദ്(48), മാതാവ് വെള്ളയില്‍ നാടോടിപ്പറമ്പ് സൗദ(40), സൂപ്പിബസാര്‍ കല്ലന്‍കുന്നന്‍ സൈതലവി (60), പറപ്പൂര്‍ ചവിടികുന്നന്‍ അലവിക്കുട്ടി (55), ഇന്ത്യനൂര്‍ വിഷ്ണുഭവന്‍ രാജീവ് (36), മലപ്പുറം തറയില്‍ മുജീബ് (43), കാവതികളം അരീക്കാടന്‍ മുസ്തഫ (28), പണിക്കര്‍കുണ്ട് കടവണ്ടി സല്‍മാന്‍ (23), വില്ലൂര്‍ പള്ളിത്തൊടി മുജീബ് റഹ്മാന്‍ (22), പുഴക്കാട്ടിരി തൈക്കുണ്ടില്‍ മുഹമ്മദ് റിഷാദ് ശാ (25), അരിച്ചോള്‍ പുതുക്കിടി ശഫീഖലി (24), കുറുപ്പുംപടി വരിയന്‍കുണ്ടന്‍ അബ്ദുല്‍ മുനീര്‍ (28) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. സംഭവത്തില്‍ നാല് പേര്‍ക്കായി പോലീസ് അന്വേഷണം ആരംഭിച്ചു. ഒരാള്‍ വിദേശത്തേക്ക് കടന്നതായാണ് വിവരം. പുലിക്കോട് ക്വാര്‍ട്ടേഴ്‌സ് കേന്ദ്രീകരിച്ച് പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ ഉപയോഗിച്ച് ലൈംഗിക കച്ചവടം നടക്കുന്നതായി പോലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് വിവരം ചൈല്‍ഡ് ലൈനിന് കൈമാറുകയായിരുന്നു. തുടര്‍ന്ന് ചൈല്‍ഡ് ലൈന്‍ നടത്തിയ അന്വേഷണത്തിലാണ് സംഭവം പുറത്തു വന്നത്. രണ്ട് വര്‍ഷമായി പ്രദേശത്ത് കുട്ടിയെ ഉപയോഗിച്ച് കച്ചവടം നടത്തിവരുന്നുണ്ട്. രണ്ടു പേരാണ് ഇതിന് ഇടനിലക്കാരായി പ്രവര്‍ത്തിച്ചിരുന്നത്. കോട്ടക്കല്‍ ബസ്സ്റ്റാന്‍ഡ് കേന്ദ്രീകരിച്ചായിരുന്നു മുഖ്യമായും ഇരകളെ കണ്ടെത്തിയിരുന്നത്. രണ്ട് ദിവസം മുമ്പ് പോലീസ് കസ്റ്റഡിയിലായ പ്രതികളെ ഇന്നലെ മലപ്പുറം കോടതിയില്‍ ഹാജരാക്കി. കുട്ടിയെ മുള്ളന്‍പാറ നിര്‍ഭയ ഭവനിലെത്തിച്ചിട്ടുണ്ട്. എ എസ് ഐ വത്സരാജ്, സുധീര്‍, സി ഡിമാരായ പ്രമോദ്, അനീസ്, സാജു, സരത്ത് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

 

കുട്ടിയെ ലൈംഗിക പീഡനത്തിന് ഉപയോഗിച്ച് തുടങ്ങിയിട്ട് രണ്ട് വര്‍ഷം
കോട്ടക്കല്‍: പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ വെച്ച് പുലിക്കോട് ക്വാര്‍ട്ടേഴ്‌സില്‍ ലൈംഗിക കച്ചവടം തുടങ്ങിയിട്ട് രണ്ട് വര്‍ഷം. ഇതിനിടെ കുട്ടിയെ നിരവധി തവണ അറസ്റ്റിലായവര്‍ പീഡിപ്പിച്ചു. 18 പേരാണ് പോലീസിന്റെ ലിസ്റ്റിലുള്ളത്. ഇവര്‍ തന്നെ നൂറോളം തവണ കുട്ടിയെ ഉപയോഗിച്ചെന്നാണ് വെളിപ്പെടുത്തല്‍. വാടക ക്വാര്‍ട്ടേഴ്‌സ് കേന്ദ്രീകരിച്ച് നടത്തിവന്ന കച്ചവടത്തിന് കോട്ടക്കല്‍ ബസ് സ്റ്റാന്‍ഡ് കേന്ദ്രീകരിച്ചാണ് ആവശ്യക്കാരെ കണ്ടെത്തിയിരുന്നത്. മുവായിരം രൂപയാണ് ആവശ്യക്കാരില്‍ നിന്നും ഈടാക്കിയിരുന്നത്.
ഇതില്‍ 500 രൂപയാണ് ഇടനിലക്കാര്‍ പറ്റിയിരുന്നത്. 500രൂപ മാതാവും കൈപ്പറ്റി. ബസ്സ്റ്റാന്‍ഡില്‍ അലഞ്ഞ് നടക്കുന്നവരെയും മറ്റും ഇടനിലക്കാരായ രണ്ട് പേര്‍ ക്വാര്‍ട്ടേഴ്‌സില്‍ എത്തിക്കുകയായിരുന്നു. 60 വയസ്സുകാരനായ വയോധികനും 22 വയസുള്ള ബാര്‍ബര്‍ തൊഴിലാളിയുമാണ് ഇടനിലക്കാരായി പ്രവര്‍ത്തിച്ചിരുന്നത്. സമീപവാസികളായ ആളുകളാണ് ആവശ്യക്കാരായി എത്തിയിരുന്നത്.
മാതാവും ഇതേ തൊഴില്‍ സ്വീകരിച്ചിരുന്നതായി പോലീസ് പറയുന്നു. ആവശ്യക്കാര്‍ക്ക് ഇവരെയും ഇടനിലക്കാര്‍ തരപ്പെടുത്തി ക്കൊടുക്കുകയായിരുന്നു. ജില്ലക്ക് പുറത്ത് കച്ചവടം നടന്നിട്ടില്ല. കരിപ്പൂരില്‍ ഒരു തവണ കുട്ടിയെ എത്തിച്ചതായി വിവരമുണ്ട്. എട്ട് പേരാണ് മുഖ്യമായും ഇതിനായി പ്രവര്‍ത്തിച്ചത്.
മാതാവും പിതാവും സൗകര്യങ്ങള്‍ ഒരുക്കി ക്കൊടുക്കുകയായിരുന്നു. നാട്ടുകാരുടെ സഹകരണമാണ് സംഭവം പുറത്ത് വരുന്നതിനും പ്രതികളെ പിടികൂടുന്നതിനും സാഹചര്യമൊരുക്കിയത്. കുട്ടിയുടെ രക്ഷിതാക്കള്‍ക്ക് ഈ കുട്ടി ഉള്‍പ്പെടെ ഏഴ് പേരുണ്ട്. സംഭവത്തെ തുടര്‍ന്ന് കുട്ടികളെ ചൈല്‍ഡ് ലൈന്‍ ഏറ്റെടുത്ത് റെസ്‌ക്യു ഹോമിലേക്ക് മാറ്റി. ചൈല്‍ഡ് ലൈന്‍ മലപ്പുറം കോ-ഓര്‍ഡിനേറ്റര്‍ അന്‍വര്‍ കാരക്കാടന്‍, മുഹ്‌സിന്‍ പരി, രജീഷ് ബാബു, റാശിദ്, റൂബിരാജ് നേതൃത്വം നല്‍കി.
കോഴിക്കോട് വെള്ളയില്‍ സ്വദേശിനിയായ മാതാവ് നേരത്തെയും ഇത്തരം ഇടപാടുകള്‍ നടത്തിവന്നിരുന്നതായി പോലീസ് പറഞ്ഞു. പാരമ്പര്യമായി തന്നെ ഇത്തരം കൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവരാണ് ഇവരെന്നും പോലീസ് പറയുന്നു. കോഴിക്കോട് കേന്ദ്രീകരിച്ചും തൊഴില്‍ സ്വീകരിച്ചിരുന്നതായി പോലീസിന്റെ ചോദ്യം ചെയ്യലില്‍ വെളിപ്പെടുത്തിയിട്ടുണ്ട്.