Connect with us

International

ഇറാനെതിരെയുള്ള ആയുധ ഉപരോധം അവസാനിപ്പിക്കണം: റഷ്യ

Published

|

Last Updated

സിയോള്‍: ഇറാനിനെതിരെയുള്ള ആയുധ ഉപരോധം അവസാനിപ്പിക്കണമെന്ന് യു എന്നിനോട് റഷ്യ. തീവ്രവാദത്തിനെതിരെ പോരാടാന്‍ ഇറാനെ സഹായിക്കുന്നതായിരിക്കും ഈ നടപടിയെന്ന വാദമുന്നയിച്ചാണ് ഈ ആവശ്യം റഷ്യ മുന്നോട്ടുവെച്ചത്. ടെഹ്‌റാനിലെ ആണവ പദ്ധതിയെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ സാമ്പത്തിക ഉപരോധം പിന്‍വലിക്കുന്നതുമായി ബന്ധപ്പെട്ട് റഷ്യ ഉള്‍പ്പെടെയുള്ള ആറ് വന്‍കിട രാഷ്ട്രങ്ങള്‍ ഇറാനുമായി വിയന്നയില്‍ വെച്ച് നടത്തുന്ന ചര്‍ച്ചക്ക് ഇത് വലിയ തടസ്സമായിരിക്കുകയാണ്.
“ഇറാനിന്റെ മേല്‍ ചുമത്തപ്പെട്ട ഉപരോധം സാധ്യമായ രീതിയില്‍ എത്രയും പെട്ടെന്ന് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെടുന്നു. ഇറാനിലെ കൂടിയാലോചനാ സമിതി കൈകൊള്ളുന്ന തീരുമാനത്തെ ഞങ്ങള്‍ പിന്തുണക്കുകയും ചെയ്യും” -റഷ്യയില്‍ നടക്കുന്ന ബ്രിക്‌സ് ഉച്ചകോടിയില്‍ വെച്ച് റഷ്യന്‍ വിദേശ കാര്യമന്ത്രി സെര്‍ഗെയ് ലവ്‌റോവ് പറഞ്ഞു. ഇസില്‍ തീവ്രവാദികള്‍ക്കെതിരെ അടിയുറച്ച് പോരാടാന്‍ പിന്‍ബലം നല്‍കുന്ന ഒരു രാജ്യമാണ് ഇറാന്‍. ആയുധ ഉപരോധം പിന്‍വലിക്കുന്നതോടെ ഭീകരവാദത്തിനെതിരെ പോരാടാനുള്ള കാര്യക്ഷമത വര്‍ധിപ്പിക്കാന്‍ ഇറാന് സാധിക്കും അദ്ദേഹം വ്യക്തമാക്കി.
അതേസമം, വിയന്നയില്‍ തുടരുന്ന ചര്‍ച്ചയില്‍ ഇറാനെതിരെയുള്ള ആയുധ ഉപരോധത്തില്‍ റഷ്യയുടെ ഭാഗത്തു നിന്ന് പുതിയ നിലപാടുകളൊന്നും ഉണ്ടായിട്ടില്ലെന്ന് ഒരു മുതിര്‍ന്ന പാശ്ചാത്യന്‍ നയതന്ത്രജ്ഞന്‍ വ്യക്തമാക്കി. ഈ സങ്കീര്‍ണ പ്രശ്‌നം കൈകാര്യം ചെയ്യാന്‍ തങ്ങള്‍ ഒന്നിച്ച് മുന്നേറുകയാണെന്നും അദ്ദേഹം പറഞ്ഞു. ദിവസങ്ങളായി തുടരുന്ന ചര്‍ച്ച ഒരു അന്തിമ തീരുമാനം കൈക്കൊള്ളാനാകാത്തതിനാല്‍ ഇന്ന് വരെ ദീര്‍ഘിപ്പിച്ചിരിക്കുകയാണ്. പക്ഷേ ചര്‍ച്ച ഞങ്ങളുടെ ഏറ്റവും സങ്കീര്‍ണ ഘട്ടത്തിലെത്തിയിരിക്കുന്നുവെന്ന് റഷ്യന്‍ വിദേശകാര്യ സഹ മന്ത്രി സെര്‍ജെയ് റ്യാബോക്കോവ് പറഞ്ഞു. പ്രസിഡന്റ് വഌദിമിര്‍ പുടിന്‍ ഇന്നലെ ഇറാനിയന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനിയുമായി ഉഫയില്‍ വെച്ച് കൂടിക്കാഴ്ച നടത്തിയിരുന്നു.

Latest