Connect with us

Kerala

ബാര്‍ കോഴ കേസ്: പുനരന്വേഷണമാവശ്യപ്പെട്ട് പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചു

Published

|

Last Updated

തിരുവനന്തപുരം: ബാര്‍ കോഴകേസില്‍ പുനരന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷം നിയമസഭ സ്തംഭിപ്പിച്ചു. പ്രതിപക്ഷ ബഹളത്തെത്തുടര്‍ന്ന് നടപടികള്‍ വേഗത്തിലാക്കി നിയമസഭ നേരത്തെ പിരിഞ്ഞു. രാവിലെ എട്ടരക്ക് ചോദ്യോത്തരവേള ആരംഭിച്ചപ്പോള്‍ത്തന്നെ കെ എം മാണിയുടെ രാജിയാവശ്യപ്പെട്ട് പ്ലക്കാര്‍ഡുകളും ബാനറുകളുമേന്തിയാണ് പ്രതിപക്ഷം സഭയിലെത്തിയത്. തുടര്‍ന്ന് ബാര്‍ കോഴക്കേസ് അന്വേഷിച്ച വിജിലന്‍സ് സംഘം കോടതിക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ ധനമന്ത്രി കെ എം മാണിക്കെതിരെ തെളിവില്ലെന്ന പരാമര്‍ശം ചൂണ്ടിക്കാട്ടി പ്രതിപക്ഷത്തു നിന്ന് സുരേഷ് കുറുപ്പ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി. കോടതിയുടെ പരിഗണനയിലിരിക്കുന്ന വിഷയമായതിനാല്‍ റിപ്പോര്‍ട്ടിനെക്കുറിച്ച് ചര്‍ച്ച ചെയ്യാനാവില്ലെന്നും നിഷ്പക്ഷവും നീതിപൂര്‍വ്വവുമായി അന്വേഷണം നടത്തിയ റിപ്പോര്‍ട്ടാണ് കോടതിയില്‍ വിജിലന്‍സ് സമര്‍പ്പിച്ചതെന്നും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പ്രതിപക്ഷത്തിന് മറുപടി നല്‍കി. മന്ത്രിയുടെ വിശദീകരണത്തിന്റെ അടിസ്ഥാനത്തില്‍ അടിയന്തരപ്രമേയത്തിന് സ്പീക്കര്‍ അനുമതി നിഷേധിച്ചു. തുടര്‍ന്നാണ് കേസില്‍ പുനരന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷം നടുത്തളത്തില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചത്. സഭാ നടപടികള്‍ നടത്തിക്കൊണ്ടു പോകുവാന്‍ സഹകരിക്കണമെന്ന് സ്പീക്കര്‍ അഭ്യര്‍ഥിച്ചെങ്കിലും മുദ്രാവാക്യം മുഴക്കിയും ബാനറുകള്‍ ഉയര്‍ത്തിക്കാട്ടിയും പ്രതിപക്ഷം പ്രതിഷേധിച്ചു. തുടര്‍ന്നാണ് സഭാനടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കി സ്പീക്കര്‍ സഭ പിരിച്ചുവിട്ടത്. ബാര്‍കോഴ ആരോപണം ഉന്നയിച്ച പ്രതിപക്ഷത്തിന് വാദിച്ച് കേസ് തോറ്റു പോയ വക്കീലിന്റെ ഗതിയാണ് ഇപ്പോഴുണ്ടായിരിക്കുന്നതെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പരിഹസിച്ചു. ബാര്‍കോഴ കേസ് അന്വേഷിച്ചാല്‍ മാത്രം പോര, തെളിവുകൂടി സര്‍ക്കാര്‍ ഉണ്ടാക്കി കൊടുക്കണമെന്നാണ് ഇപ്പോള്‍ പ്രതിപക്ഷം പറയുന്നത്.
കേസ് സംബന്ധിച്ച് നിയമത്തിന്റെയും കീഴ്‌വഴക്കത്തിന്റെയും അടിസ്ഥാനത്തില്‍ കോടതി പരിശോധിക്കട്ടെ. തങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവന്ന വാദങ്ങള്‍ പരാജയപ്പെടുമ്പോള്‍ വിജിലന്‍സിനെ കുറ്റം പറയുന്നതില്‍ അര്‍ഥമില്ല. കേസിനെക്കുറിച്ച് കൂടുതല്‍ പറഞ്ഞാല്‍ കോടതിയലക്ഷ്യമാവുമെന്നതിനാല്‍ പറയുന്നില്ല. ഇതുസംബന്ധിച്ച എല്ലാ ചര്‍ച്ചകളും കോടതിയെ സമ്മര്‍ദത്തിലാക്കാനിടയാക്കും. ഏഴ് മാസം നീണ്ടുനിന്ന വിശദമായ സ്വതന്ത്രാന്വേഷണമാണ് വിജിലന്‍സ് കേസില്‍ നടത്തിയത്. നേരിട്ടോ അല്ലാതെയോ ഉള്ള എല്ലാ സാക്ഷികളെയും ചോദ്യം ചെയ്തു. ലഭ്യമായ എല്ലാ ശാസ്ത്രീയ തെളിവുകളും പരിശോധിച്ചു. സമ്പൂര്‍ണമായ അന്വേഷണ പ്രക്രിയ പൂര്‍ത്തിയാക്കിയ ശേഷമാണ് അന്തിമ റിപ്പോര്‍ട്ട് തയാറാക്കിയത്. എല്ലാ കേസിലും നിയമോപദേശം തേടുന്നത് നടപടിക്രമങ്ങളുടെ ഭാഗമാണ്. പ്രതിപക്ഷത്തിന്റെ വാദം അനുസരിച്ചാണെങ്കില്‍ ഇവിടെ സി ബി. ഐയുടെയും വിജിലന്‍സിന്റെയുമൊന്നും ആവശ്യമേയില്ലെന്നും ചെന്നിത്തല പറഞ്ഞു. എസ് പി സുകേഷന്റെ പേരില്‍ ചാനലില്‍ വന്ന വാര്‍ത്തയെക്കുറിച്ച് വിജിലന്‍സ് ഡയറക്ടര്‍ അന്വേഷിച്ചു. എന്നാല്‍, അത്തരമൊരു പരാമര്‍ശത്തെക്കുറിച്ച് അന്വേഷണ ഉദ്യോഗസ്ഥന്‍ പറഞ്ഞിട്ടില്ലെന്നാണ് അറിയിച്ചത്. മാത്രമല്ല, ഇത്തരമൊരു ദുരനുഭവമുണ്ടെന്ന കാര്യം അദ്ദേഹം സര്‍ക്കാറിനെയും അറിയിച്ചിട്ടില്ലെന്ന് ചെന്നിത്തല വ്യക്തമാക്കി. ക്രിമിനല്‍ നടപടിക്രമങ്ങള്‍ക്കാണോ വിജിലന്‍സ് മാനുവലിനാണോ കേസില്‍ കൂടുതല്‍ പ്രസക്തിയെന്ന് അടിയന്തരപ്രമേയ നോട്ടീസ് നല്‍കിയ സുരേഷ്‌കുറുപ്പ് ചോദിച്ചു. കെ എം മാണി കുറ്റം ചെയ്തിട്ടില്ലെങ്കില്‍ പിന്നെയന്തിനാണ് അന്വേഷണ റിപ്പോര്‍ട്ടിന്മേല്‍ നിയമോപദേശം തേടിയത്. പ്രതിയാകേണ്ടയാളുടെ വാക്ക് വിശ്വസിക്കാതെ സാക്ഷിയുടെ വാക്ക് വിശ്വസിക്കുന്നത് എന്തിന്റെയടിസ്ഥാനത്തിലാണ്. കോടതിയില്‍ തങ്ങള്‍ക്ക് വിശ്വാസമാണെന്നും കേസിനെക്കുറിച്ച് കോടതി തീരുമാനിക്കട്ടെയെന്നും സുരേഷ്‌കുറുപ്പ് പറഞ്ഞു. ബാര്‍ കോഴ കേസില്‍ പുനരന്വേഷണം വേണമെന്ന് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ ആവശ്യപ്പെട്ടു. കോടതിയെങ്കില്‍ കോടതി, സമരമെങ്കില്‍ സമരം എന്നതാണ് പ്രതിപക്ഷത്തിന്റെ നിലപാട്. ഈ കേസ് അങ്ങനെയങ്ങ് വിടാന്‍ ഉദ്ദേശിക്കുന്നില്ലെന്നും വി എസ് കൂട്ടിച്ചേര്‍ത്തു. പൊതുജനാരോഗ്യം, കുടുംബക്ഷേമം വകുപ്പുകളുടെ ധനാഭ്യര്‍ഥനകളും സഭ പാസാക്കി. 2015 ലെ കേരള ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡ് ബില്ലും സബ്ജക്ട് കമ്മിറ്റിക്ക് വിട്ടു.