Connect with us

Sports

വെല്‍ഡണ്‍ സാനിയ

Published

|

Last Updated

ലണ്ടന്‍: വിംബിള്‍ഡണ്‍ വനിതാ ഡബിള്‍ഡ് കിരീടം നേടിയ സാനിയ മിര്‍സ- മാര്‍ട്ടിന ഹിംഗിസ് സഖ്യത്തിന് അഭിനന്ദന പ്രവാഹം. ചരിത്രജയം നേടിയ സാനിയയെ രാഷ്ട്രപതി പ്രണാബ് കുമാര്‍ മുഖര്‍ജി, പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര സ്‌പോര്‍ട്‌സ് മന്ത്രി സര്‍ബാനന്ദ സോനവാള്‍, ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെന്‍ഡുല്‍ക്കര്‍, ടെന്നിസ് ഇതിഹാസം റോജര്‍ ഫെഡറര്‍ തുടങ്ങിയവര്‍ ട്വിറ്ററിലൂടെ അഭിനന്ദിച്ചു. സാനിയയുടെ വിജയം ഇന്ത്യന്‍ യുവതക്ക് പ്രചോദനമാണെന്ന് രാഷ്ട്രപതി വ്യക്തമാക്കി. “ഇതിഹാസ വനിതകള്‍” എന്നായിരുന്നു ഫെഡററുടെ വിശേഷണം.
അത്യന്തം വാശിയേറിയ കലാശപ്പോരില്‍ റഷ്യയുടെ എകാത്തറീന മകറോവ- എലേന വെസ്‌നിന ജോഡിയെ പരാജയപ്പെടുത്തിയാണ് ഇന്തോ-സ്വിസ് ജോഡി കിരീടം സ്വന്തമാക്കിയത്. സ്‌കോര്‍: 5- 7, 7-6, 7-5.
ആദ്യമായാണ് ഗ്രാന്‍സ്ലാം ടൂര്‍ണമെന്റുകളില്‍ സാനിയ വനിതാ ഡബിള്‍സ് കിരീടം നേടുന്നത്. നേരത്തെ മൂന്ന് തവണ മിക്‌സഡ് ഡബിള്‍സ് കിരീടം നേടിയിട്ടുണ്ട്. സെന്റര്‍ കോര്‍ട്ടില്‍ ത്രസിപ്പിക്കുന്ന പോരാട്ടത്തിനൊടുവിലാണ് വനിതാ ഡബിള്‍സ് ഒന്നാം സീഡുകളായ സാനിയ-ഹിംഗിസ് സഖ്യം ജയം സ്വന്തമാക്കിയത്. ആദ്യ സെറ്റ് നഷ്ടപ്പെട്ട് ശേഷം ഇവര്‍ തകര്‍പ്പന്‍ തിരിച്ചുവരവു നടത്തുകയായിരുന്നു. ആദ്യ സെറ്റ് 5- 7നാണ് വെസ്‌നിന- മകറോവ സഖ്യം സ്വന്തമാക്കിയത്. രണ്ടാം സെറ്റില്‍ നന്നായി തുടങ്ങിയെങ്കിലും വെസ്‌നിന- മക്കറോവ സഖ്യം ഇഞ്ചോടിഞ്ച് പൊരുതി. ഒടുവില്‍ ടൈബ്രേക്കറിലാണ് സാനിയ- ഹിംഗിസ് സഖ്യം രണ്ടാം സെറ്റ് നേടിയെടുത്തത്. മൂന്നാം സെറ്റില്‍ തുടര്‍ച്ചയായി അഞ്ച് ഗെയിമുകള്‍ സ്വന്തമാക്കിയാണ് സാനിയയും ഹിന്‍ജിസും കിരീടത്തിലേക്കെത്തിയത്.
സാനിയയുടെ കരിയറിലെ നാലാം ഗ്രാന്‍സ്ലാം കിരീടമാണിത്. ഇതിന് മുന്‍പ് മൂന്ന് തവണയും മിക്‌സഡ് ഡബിള്‍സിലായിരുന്നു സാനിയയുടെ കിരീട നേട്ടങ്ങള്‍. ഓസ്‌ട്രേലിയന്‍ ഓപണ്‍ (2009), ഫ്രഞ്ച് ഓപണ്‍ (2012), യു എസ് ഓപ്പണ്‍ (2014) എന്നിവയിലായിരുന്നു ഈ കിരീടങ്ങള്‍. ഗ്രാന്‍സ്ലാം ടൂര്‍ണമെന്റുകളില്‍ വനിതാ ഡബിള്‍സില്‍ സാനിയ ഉള്‍പ്പെട്ട സഖ്യം കിരീടം നേടുന്നതും ഇതാദ്യമായാണ്. 2011ലെ ഫ്രഞ്ച് ഓപണ്‍ വനിതാ ഡബിള്‍സില്‍ റഷ്യന്‍ പങ്കാളി എലേന വെസ്‌നിന്‌ക്കൊപ്പം ഫൈനലില്‍ കടന്നിരുന്നെങ്കിലും തോല്‍ക്കുകയായിരുന്നു.
മാര്‍ട്ടിന ഹിംഗിസ് മൂന്നാം തവണയാണ് വിംബിള്‍ഡണ്‍ ഡബിള്‍സ് കിരീടം സ്വന്തമാക്കുന്നത്. രണ്ടാമത്തെ ഗ്രാന്‍സ്ലാം ഡബിള്‍സ് കിരീടവും. തന്റെ കരിയറിലെ ഏറ്റവും മികച്ച കളിയാണ് വിംബിള്‍ഡണ്‍ ഫൈനലിലേതെന്ന് സാനിയ മിര്‍സ മത്സര ശേഷം പറഞ്ഞു. ഈ വിജയം ഇന്ത്യയിലെ പെണ്‍കുട്ടികള്‍ക്ക് പ്രചോദനമേകുമെന്ന് കരുതുന്നു. സമര്‍ദ ഘട്ടത്തില്‍ പ്രചോദനമേകുന്ന മികച്ച പങ്കാളിയെയാണ് ലഭിച്ചത്. അതിനാല്‍ മൂന്നാം സെറ്റില്‍ മികച്ച രീതിയില്‍ മുന്നേറാനുള്ള കരുത്ത് ലഭിച്ചു -സാനിയ കൂട്ടിച്ചേത്തു.

Latest