Connect with us

Articles

പൊക്കുടന്‍ കണ്ടല്‍ സ്‌കൂള്‍ തുടങ്ങുമ്പോള്‍

Published

|

Last Updated

മനുഷ്യരും പക്ഷികളും പലതരം മീനുകളും കൈപ്പാമ്പും കണ്ടല്‍മരങ്ങളുമെല്ലാമടങ്ങുന്ന ആവാസ വ്യവസ്ഥയെക്കുറിച്ച് പഠിക്കാനും ഇനി ഒരു വിദ്യാലയം. പ്രകൃതിയെ പാഠപുസ്തകമാക്കി കോട്ടും സൂട്ടുമൂരിയെറിഞ്ഞ് ചെളിയിലിറങ്ങണം. കൂത്തൂട് കൊണ്ട് മീന്‍ പിടിച്ച് ചെടികളുടെ വേരുകളെ തൊട്ടറിയണം. പിന്നെ ആകാശം കണ്ട് മഴ നനഞ്ഞ് അങ്ങനെയങ്ങനെയൊരു പഠനം. പാഠ്യപദ്ധതിയെക്കുറിച്ചും സ്‌കൂളിനെക്കുറിച്ചും ആദ്യം കേട്ടവര്‍ കേട്ടവര്‍ മൂക്കത്ത് വിരല്‍ വെച്ചു. ലോകത്ത് ഇങ്ങനെയൊരു പാഠശാലയോ? അതെ അങ്ങനെയൊരു പാഠശാല തുടങ്ങുന്നു. വൈവിധ്യമാര്‍ന്ന കണ്ടലുകളുടെ സമൃദ്ധമാര്‍ന്ന തീരമുള്ള കേരളത്തിലാണ് കണ്ടലിനെക്കുറിച്ച് ആളുകള്‍ക്ക് പഠിക്കാനും അവരെ പഠിപ്പിക്കാനുമായി ഒരു സ്‌കൂള്‍ തുറക്കുന്നത്. കണ്ടലിന്റെ ഗുണഗണങ്ങളെക്കുറിച്ച് നല്ല ബോധ്യമുള്ള എന്നാല്‍, കണ്ടല്‍ കണ്ടറിയാത്ത നാട്ടുകാര്‍ ഈ കാട്ടുചെടി വളര്‍ത്താന്‍ പാടുപെടുമ്പോഴാണ് ഉള്ള ചെടികളെല്ലാം വെട്ടിവെളുപ്പിച്ച നാട്ടില്‍ ബോധവത്കരണത്തിന്റെ വിത്തു പാകാന്‍ ഒരു പഴയ നാട്ടുമ്പുറത്തുകാരന്‍ ശ്രമം നടത്തുന്നത്. ജാതീയമായ അധസ്ഥിതത്വം കൊണ്ട്് ഏതാനും ദശകങ്ങള്‍ മുമ്പ് വരെ സാമൂഹിക ജീവിതത്തിന്റെ അതിരുകളില്‍ കഴിയേണ്ടിവന്ന ഒരു ജനവിഭാഗത്തിന്റെ പ്രതിനിധി തന്നെയാണ് കണ്ടലെന്ന മൃതസഞ്ജീവനി വൃക്ഷം വളര്‍ത്താനും പഠിപ്പിക്കാനും ഒടുവില്‍ ഒരുങ്ങിപ്പുറപ്പെടുന്നത്. പുഴയതിരിലെ ചതുപ്പുകളില്‍ താഴ് വേരുകളാഴ്ത്തി അനേകം ചെറുമീനുകള്‍ക്കും തലയുയര്‍ത്തി അനേകം പറവകള്‍ക്കും ആവാസ സ്ഥലമൊരുക്കുന്ന ഒരു മരത്തോട് തന്റെ അസ്ഥിത്വത്തെ ഇണക്കി, ഈ ചെടി വേണം നാടു നന്നാവാനെന്നു നാട്ടുകാരെ പഠിപ്പിക്കാന്‍ ഒരു പൊക്കുടന് എന്തുകൊണ്ടാണ് വീണ്ടും വീണ്ടും ഇറങ്ങേണ്ടിവരുന്നത്? പരിസ്ഥിതി പരിപാലനത്തിന് ഒരു വകുപ്പും മന്ത്രിയും അനേകം ഉദ്യോഗസ്ഥരുമുള്ള നാട്ടില്‍ പ്രകൃതി പഠനത്തിനു വേണ്ടി ഒരു സ്‌കൂളെന്ന ഒരാശയം മുന്നോട്ട് കൊണ്ടുവരാന്‍ എന്തുകൊണ്ട് നമ്മുടെ ഭരണകൂടത്തിന് കഴിഞ്ഞില്ല? എന്തിനാണ് പൊക്കുടന്‍ ഇങ്ങനെയൊരു കണ്ടല്‍ സ്‌കൂള്‍ തുടങ്ങുന്നത്? അതിനെക്കുറിച്ചന്വേഷിക്കും മുമ്പ് ആദ്യം കണ്ടല്‍ എന്താണെന്ന് ഒന്നുകൂടി വായിച്ചറിയാം.
തീരപ്രദേശങ്ങളിലും ചതുപ്പുകളിലും കാണപ്പെടുന്ന നിത്യഹരിത വനങ്ങളിലെ അംഗങ്ങളായ സസ്യങ്ങളാണ് കണ്ടല്‍ അഥവാ കണ്ടലുകള്‍. പുഴയും കടലും ചേരുന്നയിടങ്ങളിലെ ഉപ്പ് കലര്‍ന്ന വെള്ളത്തില്‍ വളരുന്ന ഇത്തരം ചെടികള്‍ ഓരുവെള്ളത്തില്‍ വളരാനാവശ്യമായ പ്രത്യേകതകള്‍ ഉള്ളവയാണ്. വേലിയേറ്റ സമയത്ത് ജലാവൃതമായും വേലിയിറക്ക സമയത്ത് അനാവൃതമായും ഇവ കാണുന്നു. വലിയ തിരമാലകളില്ലാത്ത ഇവിടങ്ങളില്‍ നദികളില്‍ നിന്നും ഒഴുകിയെത്തുന്ന ഫലഭൂയിഷ്ഠമായ എക്കലും കടലില്‍ നിന്നും വേലിയേറ്റത്തില്‍ കയറിവരുന്ന ധാതുലവണങ്ങളും കണ്ടലുകളെ ഭൂമിയിലെ ഏറ്റവും മികച്ച ആവാസവ്യവസ്ഥകളിലൊന്നാക്കുന്നു. എല്ലാ നീര്‍ക്കെട്ടുകളിലും കണ്ടലുകള്‍ കാണാറില്ല. ആഴം കുറഞ്ഞതും വളക്കൂറുള്ളതും ഉപ്പിന്റെ അംശം ഉള്ളതുമായ ജലത്തിലാണ് സാധാരണ കാണുന്നത്. വേലിയേറ്റവും വേലിയിറക്കവുമുള്ള പ്രദേശങ്ങള്‍ മറ്റൊരനുകൂല ഘടകമാണ്. അവയില്‍ ചിലയിനങ്ങളുടെ പ്രത്യേകത ശിഖരങ്ങളില്‍ നിന്നും താഴേക്കു വളര്‍ന്ന് മണ്ണില്‍ താണിറങ്ങുന്ന താങ്ങുവേരുകള്‍ ആണ്. വേലിയേറ്റ ഇറക്കങ്ങളില്‍ മണ്ണില്‍ പിടിച്ചുനില്‍ക്കാന്‍ താങ്ങുവേരുകള്‍ സഹായിക്കുന്നു. കടലാക്രമണങ്ങളേയും മണ്ണൊലിപ്പിനേയും തടയാന്‍ കണ്ടല്‍ക്കാടുകള്‍ക്ക് കഴിവുണ്ട്. സുനാമിയെ നേരിടാനും കണ്ടല്‍മരങ്ങള്‍ പ്രാപ്തമാണെന്ന്്് അനുഭവങ്ങളിലൂടെ കാലം നമ്മെ പഠിപ്പിച്ചിട്ടുണ്ട്.
80 രാജ്യങ്ങളിലായി ഏകദേശം 14 ദശലക്ഷം ഹെക്ടര്‍ പ്രദേശത്ത് കണ്ടല്‍ക്കാടുകള്‍ ഉണ്ട്. കേരളത്തില്‍ കണ്ടുവരുന്ന കണ്ടല്‍വര്‍ഗ സസ്യങ്ങള്‍ അറിയപ്പെടുന്നത് പ്രധാനമായും മൂന്ന് കുടുംബങ്ങളിലാണ്. കണ്ടല്‍ വനങ്ങള്‍ ജൈവവൈവിധ്യ കലവറയാണെന്നു പറയാം. വള്ളികളും അടിക്കാടും ഇവയുടെ പ്രത്യേകതയാണ്. സൂര്യതുഷാരം പോലെയുള്ള ഇരപിടിയന്‍ ചെടികളും ഈ കാടിനുള്ളില്‍ സാധാരണമാണ്. നീര്‍നായ്ക്കളും വിവിധയിനം ഉരഗങ്ങളും കണ്ടല്‍കാടുകളില്‍ സസുഖം വാഴുന്നു. ദേശാടനത്തിനായി എത്തുന്ന കൊക്കുവര്‍ഗത്തില്‍ പെടുന്ന പക്ഷികളില്‍ മിക്കതും പ്രജനനത്തിനായി കണ്ടല്‍വനങ്ങള്‍ തിരഞ്ഞെടുക്കുന്നു. നീര്‍പക്ഷികളായ ചെന്നെല്ലിക്കോഴി, കുളക്കോഴി, ചിന്നക്കൊക്ക്, തുത്തെരിപ്പന്‍, ചിന്നക്കൊച്ച, മഴക്കൊച്ച, കരിങ്കൊച്ച മുതലായ പക്ഷികളെ കണ്ടല്‍ക്കാടുകളില്‍ സ്ഥിരമായി കാണാം. നീര്‍ക്കാക്ക, ചേരക്കോഴി, പാതിരാകൊക്ക് മുതലായവയാകട്ടെ കണ്ടല്‍ക്കാടുകളിലാണ് കൂട്ടമായി ചേക്കേറുന്നതും കൂടുകെട്ടി അടയിരിക്കുന്നതും. കണ്ടല്‍കാടുകളുടെ വേരുകള്‍ക്കിടയില്‍ മാത്രം കാണപ്പെടുന്ന കൊഞ്ചുകളും മത്സ്യജാതികളും തിരിച്ചറിയപ്പെട്ടിട്ടുണ്ട്. കണ്ടല്‍ മരങ്ങളുടെ വേരുപടലം നാനാജാതി സൂക്ഷ്മ ജീവികളുടേയും മത്സ്യങ്ങളുടേയും പ്രജനന കേന്ദ്രവും ആവാസ കേന്ദ്രവുമാണ്. കണ്ടല്‍ മരങ്ങളുടെ വേരുകള്‍ ഒഴുക്കില്‍ നിന്നും മറ്റുജീവികളുടെ ആക്രമണങ്ങളില്‍ നിന്നും ചെറുജീവികളെ കാത്തുസൂക്ഷിക്കുന്നു. 40 വര്‍ഷം മുന്‍പ് വരെ കേരളത്തില്‍ 700 ചതുരശ്ര കിലോമീറ്ററില്‍ കുറയാത്തത്ത പ്രദേശത്ത് കണ്ടലുകള്‍ വളര്‍ന്നിരുന്നു. ഇന്ന് ഏകദേശം 17 ച. കി. മീറ്ററില്‍ താഴെയേ കണ്ടലുകള്‍ കാണപ്പെടുന്നുള്ളൂ. 17-ാം നൂറ്റാണ്ടിന്റെ അവസാനത്തില്‍ വാന്‍ റീഡ് രചിച്ച ഹോര്‍ത്തൂസ് മലബാറിക്കൂസ് എന്ന ഗ്രന്ഥത്തില്‍ മലബാര്‍ തീരങ്ങളില്‍ കണ്ടുവരുന്ന കണ്ടല്‍ സസ്യങ്ങളെക്കുറിച്ച് പ്രതിപാദിച്ചിട്ടുണ്ട്. ശേഷം പ്രസിദ്ധീകരിച്ച നിരവധി സസ്യശാസ്ത്രഗ്രന്ഥങ്ങളില്‍ കേരളത്തിലെ കണ്ടലുകള്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. കണ്ണൂര്‍ ജില്ലയിലാണ് ഏറ്റവും കൂടുതല്‍ കണ്ടല്‍ കാടുകള്‍ കാണുന്നത്. സമുദ്രതീരത്തെ കണ്ടല്‍കാടുകള്‍ ഏറ്റവും കൂടുതല്‍ കാണുന്നത് എറണാകുളം ജില്ലയിലെ പുതുവൈപ്പിനില്‍ ആണ്. എറണാകുളത്തെ മംഗള വനത്തില്‍ വിവിധതരം കണ്ടല്‍ മരങ്ങളുണ്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് കണ്ടല്‍ക്കാടുകള്‍ കാണപ്പെടുന്നത്. കേരളത്തില്‍ പതിനെട്ടിനം കണ്ടല്‍ച്ചെടികള്‍ കണ്ടെത്തിയിട്ടുണ്ട്.
ഇന്ത്യയില്‍ കണ്ടുവരുന്ന 59 ജാതി കണ്ടല്‍ച്ചെടികളില്‍ 14 എണ്ണം കേരളത്തില്‍ കണ്ടുവരുന്നു. കണ്ടലുകളുമായി ബന്ധപ്പെട്ട് വളരുന്ന സസ്യങ്ങളും ചേര്‍ത്താല്‍ ഇവ 30 ഓളം വരും. തടിക്കും വിറകിനും വേണ്ടിയും ചതുപ്പുനിലങ്ങള്‍ മണ്ണിട്ടു നികത്തുന്നതിനു വേണ്ടിയും കണ്ടല്‍ക്കാടുകള്‍ നശിപ്പിക്കപ്പെടുന്നു. ഇന്ത്യയിലെ കണ്ടല്‍ വനങ്ങളെ കുറിച്ചു പഠിച്ച ദേശീയ കമ്മിറ്റി 32 കണ്ടല്‍ മേഖലകളാണ് അടിയന്തരമായി സംരക്ഷിക്കേണ്ടവയായി കണ്ടെത്തിയത്. കണ്ടല്‍ ചെടികളുടെ എണ്ണം സംസ്ഥാനത്ത് വന്‍തോതില്‍ കുറയുന്നതായി സര്‍ക്കാര്‍ തന്നെ കണ്ടെത്തി. വിവിധയിനം കണ്ടല്‍ ചെടികളില്‍ പലതും നാമാവശേഷമായി. കഴിഞ്ഞ നാല് പതിറ്റാണ്ടിനിടെ സംസ്ഥാനത്ത് 14,498 ഹെക്ടറില്‍ നിന്നും കണ്ടല്‍ ചെടികള്‍ അപ്രത്യക്ഷമായതാണു കണ്ടല്‍ ചെടികളെ കുറിച്ചു നടത്തിയ പഠനത്തില്‍ വ്യക്തമാക്കുന്നത്. അന്ന് നടത്തിയ പഠനത്തില്‍ സംസ്ഥാനത്തെ 10 ജില്ലകളിലായി 17,000 ഹെക്ടര്‍ സ്ഥലത്ത് കണ്ടല്‍ ചെടികള്‍ വളരുന്നുണ്ടായിരുന്നു. പിന്നീട് കണ്ടല്‍ വ്യാപകമായി നശിപ്പിക്കുന്നതായും അപൂര്‍വയിനങ്ങളുടെ എണ്ണത്തില്‍ വ്യാപകമായി കുറവ് സംഭവിക്കുന്നതായും കണ്ടെത്തി. ഇതിനെ തുടര്‍ന്നു കഴിഞ്ഞ രണ്ട് വര്‍ഷമായി നടത്തിയ പഠനത്തിലാണ് കണ്ടല്‍ ചെടികള്‍ വ്യാപകമായി നശിപ്പിക്കപ്പെട്ടതായി കണ്ടെത്തിയത്. സംസ്ഥാനത്ത് ആകെ 2,502 ഹെക്ടര്‍ സ്ഥലത്ത് മാത്രമാണ് കണ്ടല്‍കാടുകള്‍ ഇപ്പോള്‍ കണ്ടെത്തിയിട്ടുള്ളത്. അതായത് സംസ്ഥാനത്തെ ഭൂവിസ്തൃതിയുടെ 0.72 ശതമാനം കണ്ടല്‍ കാടുകളാണെന്നു സര്‍വേ വ്യക്തമാക്കുന്നു. കണ്ടല്‍ ചെടികള്‍ വ്യാപകമായി നശിപ്പിക്കപ്പെട്ടതായാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. ശുദ്ധജലത്തില്‍ വളരുന്നവയും ഉപ്പുരസം കലര്‍ന്ന ജലത്തില്‍ കാണപ്പെടുന്നവയുമായ 15 ഇനങ്ങളില്‍ ഭൂരിഭാഗവും നാശത്തിന്റെ വക്കിലാണെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ഇവ പുതിയതായി വെച്ചുപിടിപ്പിക്കുക ദുഷ്‌കരം തന്നെ. അവശേഷിക്കുന്ന കണ്ടലുകളും നാശത്തിന്റെ വക്കിലാണ്. കൊച്ചിയിലെ 360 ഏക്കര്‍ സ്ഥലത്തെ കണ്ടല്‍ ഏത് നിമിഷവും നശിപ്പിക്കപ്പെട്ടേക്കാവുന്ന സ്ഥിതിയിലാണെന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ ആരോപിക്കുന്നു. കായല്‍ കൈയേറ്റവും നിര്‍മാണ പ്രവര്‍ത്തനങ്ങളുമാണ് കണ്ടല്‍കാടുകളുടെ നാശത്തിനു വഴിതെളിച്ചത്. കണ്ടല്‍ വെട്ടി നശിപ്പിക്കുന്നതും ആസിഡ് കലര്‍ത്തിയ വെള്ളം ഒഴുക്കി കാടുകള്‍ പൂര്‍ണമായി ഉണക്കി നശിപ്പിക്കുന്നതും പതിവാണ്. സുനാമിതിരകള്‍ സംസ്ഥാനത്ത് വിവിധ സ്ഥലങ്ങളില്‍ നാശം വിതച്ചപ്പോള്‍ കണ്ടല്‍ കാടുകള്‍ സംരക്ഷിക്കാന്‍ വിവിധ പദ്ധതികള്‍ നടപ്പാക്കിയിരുന്നു. കോടികള്‍ ചിലവഴിച്ചതല്ലാതെ ഒരു ഗുണവുമുണ്ടായില്ല.
ഇനി വിദേശ നാടുകളില്‍ കണ്ടലിന്റെ സംരക്ഷണത്തിന് ആളുകള്‍ പാടുപെടുന്നതെങ്ങനെയെന്നു പരിശോധിക്കാം. അടുത്തിടെ ഖത്തറിലാണ് കണ്ടല്‍ സംരക്ഷണത്തിന് ഒരു ജനത ഒന്നാകെ തുനിഞ്ഞിറങ്ങിയത്. ഖത്തറിലെ അല്‍ഖോറിലും ദഖീറയിലുമുള്ള കണ്ടല്‍ കാടുകള്‍ സംരക്ഷിക്കാനായി ഒരു ദിവസം തന്നെ നൂറുകണക്കിന് വളണ്ടിയര്‍മാര്‍ മണ്ണിലിറങ്ങി. ഐ ലവ് ഖത്തര്‍ എന്ന സന്നദ്ധ സംഘടനയാണ് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്. ഒരു വെളളിയാഴ്ച പുലര്‍ച്ചെ തുടങ്ങിയ പ്രയത്‌നം പൊരിവെയിലിലും തുടര്‍ന്നപ്പോള്‍ ഖത്തറിന്റെ പ്രകൃതി സംരക്ഷണ ചരിത്രത്തിലത് പുതിയ അധ്യായം കുറിക്കുകയായിരുന്നു. 2006 ലെ അമീറിന്റെ ഉത്തരവ് പ്രകാരം രാജ്യത്തെ എട്ട് കണ്ടല്‍ കാടുകള്‍ സംരക്ഷിത പ്രദേശങ്ങളാണ്. എന്നാല്‍ ഇവിടെയെത്തുന്ന സന്ദര്‍ശകര്‍ നിക്ഷേപിക്കുന്ന മാലിന്യങ്ങള്‍ ഇവയുടെ നിലനില്‍പ്പിന് ഭീഷണിയായി മാറിയ സാഹചര്യത്തിലാണ് ഖത്തറിന്റെ സന്നദ്ധ പ്രവര്‍ത്തകര്‍ ശുചീകരണ ദൗത്യവുമായി രംഗത്തെത്തിയത്. വാഹനങ്ങളുടെ ടയറുകളടക്കം ടണ്‍ കണക്കിന് മാലിന്യങ്ങളാണ് കണ്ടലുകള്‍ക്കിടയില്‍ നിന്ന് നീക്കിയത്. ശുചീകരണ പ്രവൃത്തികളില്‍ സ്വദേശികള്‍ക്കൊപ്പം വിവിധ രാജ്യങ്ങളില്‍ നിന്നുള്ള പ്രവാസികളും പങ്കാളികളായി. ശ്രീലങ്ക, അമേരിക്ക, പാക്കിസ്ഥാന്‍, ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട്, കാമറൂണ്‍, ഇന്ത്യ, ഫിലിപ്പൈന്‍സ് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള നിരവധി പേരാണെത്തിയത്. ഖത്തറിലെ കാലാവസ്ഥാ വ്യതിയാനം ഗണ്യമായി കുറക്കുന്നതില്‍ കണ്ടല്‍ക്കാടുകള്‍ നിര്‍ണായക പങ്ക് വഹിക്കുന്നുണ്ട്. ഉഷ്ണ മേഖല കാടുകള്‍ ആഗിരണം ചെയ്യുന്ന കാര്‍ബണിനേക്കാള്‍ അമ്പതിരട്ടി കാര്‍ബണ്‍ വലിച്ചെടുക്കാനുള്ള ശേഷി ഇത്തരം കണ്ടല്‍ക്കാടുകള്‍ക്കുണ്ട്. വ്യത്യസ്തയിനം മത്സ്യസങ്ങളടക്കമുള്ള ജലജീവികള്‍ക്ക് സുരക്ഷിതമായി പ്രജനനം നടത്താനും ഈ പ്രദേശങ്ങളാണ് അഭയം.
പൊക്കുടനിലേക്കു തിരിച്ചുവരാം. കണ്ടലുകള്‍ക്കിടയിലുള്ള ജീവിതം കല്ലേന്‍ പൊക്കുടന്‍ തുടങ്ങിയിട്ട് വര്‍ഷം കുറേയായി. പ്രകൃതിയുടെ മേലുള്ള മനുഷ്യന്റെ കടന്നാക്രമണത്തെ പൊക്കുടന്‍ ചെറുക്കുന്നത് സ്വന്തം ജീവിതം കൊണ്ടാണ്. പൊക്കുടന്റെ ദൗര്‍ബല്യം കൂടിയാണ് കണ്ടലുകള്‍. കടല്‍ത്തീരത്തും പുഴയോരത്തും പൊക്കുടന്‍ നട്ടതും വളര്‍ത്തിയതുമായ കണ്ടലുകള്‍ക്ക് കണക്കില്ല. കണ്ടല്‍ച്ചെടികള്‍ തനിക്ക് മക്കളെപ്പോലെയാണ്. ഞാനവയുടെ അച്ഛനാണെന്ന് അവര്‍ക്കും തോന്നുന്നുണ്ടാകും എന്നാണ് പൊക്കുടന്റെപക്ഷം. കണ്ണൂരിന്റെയും കാസര്‍കോടിന്റെയും തീരങ്ങളില്‍ പൊക്കുടന്‍ നട്ടുവളര്‍ത്തിയ കണ്ടലുകള്‍ പതിനായിരങ്ങളാണ്. ഏഴോം പഞ്ചായത്തില്‍ മാത്രം 500 ഏക്കര്‍ സ്ഥലത്ത് ഇദ്ദേഹം കണ്ടല്‍ വെച്ചിട്ടുണ്ട്. ഏഴിമലയില്‍ നിന്നുള്ള കാറ്റ് പുഴയില്‍ തട്ടി തിരപോലെയുയര്‍ന്ന് സ്‌കൂള്‍ കുട്ടികള്‍ക്കു ഭീഷണിയാകുന്നതും ശക്തമായ തിരയില്‍ തീരം ഇല്ലാതാവുന്നതും തടയാനാണ് പൊക്കുടന്‍ ആദ്യമായി കണ്ടലുകള്‍ നട്ടുതുടങ്ങിയത്. ഇദ്ദേഹം നട്ടതില്‍ ഏറെയും പീക്കണ്ടല്‍ എന്ന പ്രാന്തന്‍ കണ്ടലാണ്. രണ്ടാം ക്ലാസ് മാത്രമേ പഠിച്ചിട്ടുള്ളൂവെങ്കിലും കണ്ടല്‍ക്കാടുകളുടെ പരിസ്ഥിതിശാസ്ത്രം ഹൃദിസ്ഥമാക്കിയ മറ്റൊരു പ്രകൃതിസ്‌നേഹിയും കേരളത്തിലുണ്ടാകില്ല. കണ്ടല്‍ക്കാടുകള്‍ക്കിടയിലെ അപൂര്‍വത അറിഞ്ഞു വിദേശത്തു നിന്നുവരെ പരിസ്ഥിതി പ്രവര്‍ത്തകരും ഗവേഷകരും പൊക്കുടന്റെ വീട്ടിലെത്തുന്നുണ്ട്. നീര്‍ത്തടങ്ങളിലും തുരുത്തുകളിലും നീന്തിക്കയറി വിത്തും തൈകളും നടുകയാണു പതിവ്. വിശ്രമമില്ലാതെയായിരുന്നു കണ്ടല്‍ച്ചെടികളെ തൊട്ടുതലോടിയുള്ള യാത്ര. കണ്ടല്‍ ക്കാടുകള്‍ക്കിടയിലെ ജീവിതയാത്രയില്‍ നിന്ന് ഇന്ത്യയിലെ ആദ്യത്തെ കണ്ടല്‍ സ്‌കൂള്‍ എന്ന സംരംഭം ആരംഭിക്കുമ്പോള്‍ പുതിയൊരു ചരിത്രത്തിനാണ് ഈ മനുഷ്യന്‍ തുടക്കമിടുന്നത്. കണ്ടലുകളെക്കുറിച്ച് അറിയാന്‍ താത്പര്യമുള്ള ആര്‍ക്കും സ്‌കൂളില്‍ പഠിതാവായി ചേരാം. ലോകത്തിന്റെ ഏതു ഭാഗത്തുള്ളവര്‍ക്കും പഠിക്കാം. പഠനവും ഗവേഷണവും അടക്കം പരിസ്ഥിതിയെക്കുറിച്ചുള്ളതാണ് സിലബസ്. അമൂല്യങ്ങളായ കണ്ടലുകള്‍ സംരക്ഷിക്കുകയും കണ്ടല്‍ ചെടികളെ കുറിച്ച് പഠിക്കുകയും ഗവേഷണം നടത്തുകയുമാണ് സ്‌കൂളിന്റെ പ്രധാന ലക്ഷ്യം. കണ്ടലുകളെ അറിയാന്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് അനേകം പരിസ്ഥിതി സ്‌നേഹികള്‍ പഴയങ്ങാടിയില്‍ എത്തുന്നുണ്ട്. ഇവരെല്ലാം സമീപിക്കുന്നത് പൊക്കുടനെയാണ്. എന്നാല്‍ അവര്‍ക്ക് ക്ലാസ് നല്‍കാന്‍ പറ്റിയ സ്ഥാപനം ഇവിടെയില്ല. ഇതേ തുടര്‍ന്നാണ് കണ്ടല്‍ സ്‌കൂള്‍ സ്ഥാപിക്കാന്‍ പൊക്കുടന്‍ തയാറായത്. രണ്ടു സെന്റ് സ്ഥലത്താണ് സ്‌കൂള്‍ കെട്ടിടം. പണി ഏതാണ്ട് പൂര്‍ത്തിയായി. മേല്‍ക്കൂരയുടെ നിര്‍മാണം ഉടന്‍ തുടങ്ങും. മൂന്നു മുറികളുണ്ട് സ്‌കൂളിന്. താത്പര്യമുള്ളവര്‍ക്ക് രാത്രിയില്‍ താമസിക്കാന്‍ കൂടി സൗകര്യമുള്ളതാണ് ക്ലാസ് മുറി. പൊക്കൂടന്റെ പഴയ വീട് പൊളിച്ചാണ് സ്‌കൂള്‍ പണിതത്. ബ്ലാക്ക് ബോര്‍ഡും ബെഞ്ചും കസേരയും എല്ലാം തയാറായിക്കഴിഞ്ഞു. വരുന്ന ഓണത്തിന് സ്‌കൂള്‍ തുറക്കാനാകുമെന്ന കണക്കുകൂട്ടലിലാണ് പൊക്കുടന്‍.

ബ്യൂറോ ചീഫ്, സിറാജ്, കൊച്ചി

Latest