Connect with us

Kozhikode

പോലീസ് കേസുകള്‍ക്കെതിരെ സി പി എം പ്രക്ഷോഭം ആരംഭിച്ചു

Published

|

Last Updated

താമരശ്ശേരി: കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടിനെതിരായ പ്രതിഷേധത്തിന്റെ പേരിലുള്ള പോലീസ് കേസുകള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് സി പി എം പ്രക്ഷോഭത്തിലേക്ക്. ഇതിന്റെ ഭാഗമായി കോടഞ്ചേരി നെല്ലിപ്പൊയിലില്‍ ഇന്നലെ ആരംഭിച്ച റിലേ നിരാഹാര സമരം ആഗസ്റ്റ് ഒന്നുവരെ തുടരും. നെല്ലിപ്പൊയില്‍ പഞ്ചായത്ത് കമ്മിറ്റിയാണ് കേസിലുള്‍പ്പെട്ടവരെ അണിനിരത്തി റിലേ നിരാഹാര സമരം സംഘടിപ്പിക്കുന്നത്.
പശ്ചിമഘട്ട സംരക്ഷണത്തിനായി കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട് നടപ്പാക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തില്‍ പ്രതിഷേധിച്ച് 2013 നവംബര്‍ 15 ന് നടന്ന മലയോര ഹര്‍ത്താലുമായി ബന്ധപ്പെട്ട് വിവിധ പോലീസ് സ്‌റ്റേഷനുകളില്‍ നിരവധി കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഹര്‍ത്താലിനിടെ താമരശ്ശേരിയില്‍ സര്‍ക്കാര്‍ ഓഫീസുകളും കെ എസ് ആര്‍ ടി സി ബസുകളും പോലീസ് വാഹനങ്ങളും ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസും വാഹനങ്ങളും അക്രമത്തിനിരയായിരുന്നു.
കോടഞ്ചേരി, പുതുപ്പാടി മേഖലകളിലും വ്യാപക അക്രമങ്ങളാണ് നടന്നത്. റൂറല്‍ എസ് പി ഉള്‍പ്പെടെയുള്ളവരെ മണിക്കൂറുകളോളം തടഞ്ഞുവെച്ചിരുന്നു. അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് പോലീസ് അറസ്റ്റ് ചെയ്തവരും പ്രതിപ്പട്ടികയില്‍ പേര് ഉള്‍പ്പെട്ടവരും യഥാര്‍ഥ പ്രതികളല്ലെന്നാണ് സി പി എം ആരോപിക്കുന്നത്. നെല്ലിപ്പൊയില്‍ പ്രദേശവാസികളായ 70 പേര്‍ വിവിധ കേസുകളിലുള്‍പ്പെട്ടിട്ടുണ്ട്. ഇതില്‍ പലരും പത്തിലേറെ കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. 17 കേസുകളാണ് നിലവില്‍ കോടതിയുടെ പരിഗണനയിലുള്ളത്. എട്ട് കേസുകള്‍കൂടി ചാര്‍ജ് ചെയ്യാനുള്ള തയാറെടുപ്പിലാണ്. ഫോറസ്റ്റ് ഓഫീസും വാഹനങ്ങളും അഗ്നിക്കിരയാക്കിയ സംഭവത്തില്‍ 50 പേരാണ് പ്രതിപ്പട്ടികയിലുള്ളത്. ഇതിന്റെ കുറ്റപത്രവും അടുത്തദിവസം കോടതിയിലെത്തുന്നതോടെ കൂടുതല്‍ പേര്‍ കേസിലുള്‍പ്പെടുമെന്നാണ് സൂചന.
നിരാഹാര സമരം ജില്ലാ കമ്മിറ്റി അംഗം ജോര്‍ജ് എം തോമസ് ഉദ്ഘാടനം ചെയ്തു. രവീന്ദ്രന്‍ പ്ലാച്ചിക്കല്‍ അധ്യക്ഷത വഹിച്ചു. ഷാജി തോമസ്, എം കെ മധു, പി ടി ജോസ്, എ എസ് മോഹനന്‍ പ്രസംഗിച്ചു. കെ പി ചാക്കോച്ചന്‍ സ്വാഗതം പറഞ്ഞു.