Connect with us

Kerala

വയനാട്ടില്‍ ഭീതിവിതച്ച കടുവ കെണിയിലായി

Published

|

Last Updated

സുല്‍ത്താന്‍ ബത്തേരി ഓടപ്പള്ളത്തിനടുത്ത് കോട്ടനോട് കെണിയിലായ കടുവ

കല്‍പ്പറ്റ: മൂന്ന് പശുക്കളെയും രണ്ട് ആടിനെയും കൊന്ന് നാട്ടില്‍ ഭീതി വിതച്ച കടുവ ഒടുവില്‍ വനപാലകരുടെ കെണിയിലായി.സുല്‍ത്താന്‍ ബത്തേരി ഓടപ്പള്ളത്തിനടുത്ത് കോട്ടനോടാണ് കഴിഞ്ഞ നാല് ദിവസമായി ഭീതിവിതച്ച കടുവ കുടുങ്ങിയത്. ഏതാണ്ട് 15 വയസ് പ്രായം വരുമെന്ന് വെറ്ററിനറി ഡോക്ടര്‍മാരായ ജിജിമോനും അരുണ്‍സക്കറിയയും പറഞ്ഞു. ശരാശരി ഒരു കടുവയുടെ ആയുസ് ഇന്ത്യയില്‍ 12 വര്‍ഷമാണ്. പ്രായാധിക്യത്താല്‍ പല്ലുകള്‍ തേഞ്ഞും നഖങ്ങള്‍ ദ്രവിച്ചതുമായ നിലയിലായിരുന്നു കടുവ. ഓടപ്പള്ളത്തിനടുത്ത് ചോപ്യന്‍, ബാലന്‍, സക്കറിയ എന്നിവരുടെ മൂന്ന് പശുക്കളെയാണ് കടുവ വകവരുത്തിയത്. സക്കറിയയുടെ രണ്ട് ആടിനെയും കൊന്നു. ഇതിനിടെ നാട്ടിലെ പലരും കടുവയെ കാണുകയുമുണ്ടായി. ഇതോടെ നാട്ടുകാര്‍ക്ക് പുറത്തിറങ്ങാന്‍ പറ്റാത്ത സ്ഥിതിയായി. ഇതേതുടര്‍ന്നാണ് വനപാലകര്‍ പ്രദേശത്ത് ശനിയാഴ്ച്ച രണ്ട് കൂടുകള്‍ സ്ഥാപിച്ച് കാവലിരുന്നത്. ചൊവ്വാഴ്ച്ച പുലര്‍ച്ചെ അഞ്ച് മണിക്കാണ് കടുവ കെണിയില്‍ കുടുങ്ങിയതായി വനപാലകര്‍ക്ക് ബോധ്യമായത്. തുടര്‍ന്ന് വയനാട് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ എസ് മോഹനന്‍പിള്ള, ബത്തേരി അസിസ്റ്റന്റ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ എന്‍ കൃഷ്ണദാസ്, കുറിച്ച്യാട് റെയ്ഞ്ച് ഓഫീസര്‍ അജിത് കെ രാമന്‍, മുത്തങ്ങ റെയ്ഞ്ച് ഓഫീസര്‍ എസ് ഹീരലാല്‍ എന്നിവരടങ്ങിയ സംഘം ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ കടുവയെ നിരീക്ഷിച്ചു.കടുവക്ക് വനത്തില്‍ ഇര തേടാനാവില്ലെന്ന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ വനപാലകരുടെ നേതൃത്തില്‍ കടുവയെ തൃശൂര്‍ മൃഗശാലയിലേക്ക് മാറ്റി. പ്രദേശവാസികളുടെ ഭാഗത്തുനിന്നും മതിയായ സഹകരണം ലഭിച്ചതായി വയനാട് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ പറഞ്ഞു.