Connect with us

Ongoing News

ന്യൂഹൊറെെസണ്‍സ് പ്ലൂട്ടോക്ക് അരികില്‍; അത്രക്ക് കുള്ളനല്ല ഇൗ ഗ്രഹം

Published

|

Last Updated

കേപ് കനാവറല്‍: ഇത്തിരിക്കുഞ്ഞന്‍ ഗ്രഹമെന്ന് പറഞ്ഞ് തള്ളാന്‍ വരട്ടെ. പ്ലൂട്ടോ ആളത്ര കുള്ളനല്ലെന്ന് തെളിഞ്ഞിരിക്കുന്നു. നമ്മള്‍ വിചാരിച്ചതിലും വലുപ്പമുണ്ട് പുള്ളിക്കാരന് എന്നാണ് ശാസ്ത്രത്തിന്റെ പുതിയ കണ്ടെത്തല്‍. പ്ലൂട്ടോയുടെ രഹസ്യങ്ങള്‍ തേടി ഒന്‍പത് വര്‍ഷം മുമ്പ് യു എസിലെ കേപ് കനാവര്‍ ബഹിരാകാശ കേന്ദ്രത്തില്‍ നിന്ന് കുതിച്ചുയര്‍ന്ന ന്യൂഹൊറൈസണ്‍സ് എന്ന പേടകമാണ് ശാസ്ത്ര ലോകത്തിന്റെ ധാരണകള്‍ തിരുത്തുന്നത്. 2006 ജനുവരി 19ന് വിക്ഷേപിച്ച പേടകം ഇന്ന് വൈകീട്ട് ഇന്ത്യന്‍ സമയം 5.19ന് പ്ലൂട്ടോയുടെ ഏറ്റവും അടുത്തെത്തി. പേടകത്തില്‍ നിന്ന് ലഭിച്ച പുതിയ വിവരങ്ങള്‍ ശാസ്ത്രലോകത്തെ അത്ഭുതം കൊള്ളിച്ചിരിക്കുകയാണ്. വരും ദിവസങ്ങളില്‍ പ്ലൂട്ടോയുടെ ഏറ്റവും വ്യക്തതയാര്‍ന്ന ചിത്രങ്ങള്‍ ലഭിക്കുമെന്ന പ്രതീക്ഷയിലെ നാസയിലെ ശാസ്ത്രജ്ഞര്‍.

ഗ്രഹങ്ങളുടെ കൂട്ടത്തിലെ ഏറ്റവും ചെറിയതെന്ന് അറിയപ്പെട്ടിരുന്ന പ്ലൂട്ടോക്ക് 1473 മൈല്‍ (2370 കിലോമീറ്റര്‍) വ്യാസമാണ് കണക്കാക്കിയിരുന്നത്. എന്നാല്‍ പുതിയ വിവരങ്ങള്‍ അനുസരിച്ച് ഇതിനേക്കാള്‍ 50 മൈല്‍കൂടി വ്യാസം അധികമുണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഇതോടെ കുള്ളന്‍ ഗ്രഹമായ എറിസിനേക്കാള്‍ വലുപ്പമുണ്ട് പ്ലൂട്ടോക്ക് എന്ന് വ്യക്തമായി. മാത്രമല്ല, പ്ലൂട്ടോയ്ക്ക് ഷാരോണ്‍ എന്ന് പേരിട്ട ഒരു ഉപഗ്രഹം മാത്രമേ ഉണ്ടായിരുന്നുവെന്നായിരുന്നു ശാസ്ത്രലോകം ഇതുവരെ കരുതിയിരുന്നത്. ന്യൂഹൊറൈസന്‍ ഇതും തിരുത്തിയിരുന്നു. അഞ്ച് ഉപഗ്രഹങ്ങള്‍ പ്ലൂട്ടോയെ വലംവെക്കുന്നുവെന്ന വിവരമാണ് ന്യൂഹൊറൈസണ്‍ ശാസ്ത്രലോകത്തിന് നല്‍കിയത്.

2006ല്‍ രാജ്യാന്തര ജ്യോതിശാസ്ത്ര സമിതി പ്ലൂട്ടോയെ കുള്ളന്‍ ഗ്രഹങ്ങളുടെ കൂട്ടത്തില്‍ ഉള്‍പ്പെടുത്തി ഗ്രഹങ്ങളുടെ പട്ടികയില്‍ നിന്ന് ഒഴിവാക്കിയിരുന്നു. പ്ലൂട്ടോയേക്കാള്‍ വലിയ ഗ്രഹസദൃശ്യമായ വസ്തുക്കള്‍ കിയ്പര്‍ വലയത്തില്‍ കണ്ടെത്തിയതോടെ ആയിരുന്നു ഇത്.

പ്ലൂട്ടോയെ അടുത്തറിയുക എന്ന ലക്ഷ്യത്തോടെയാണ് നാസ ഹൊറൈസണ്‍സ് പേടകത്തെ അയച്ചത്. ഏഴ് ശാസ്ത്ര ഉപകരണങ്ങള്‍ അടങ്ങിയതാണ് ഈ പേടകം. റാല്‍ഫ് ഇന്‍ഫ്രാറെഡ് സ്‌പെക്ട്രോമീറ്റര്‍, ആലിസ് അള്‍ട്രാവയലറ്റ് സ്‌പെക്ട്രോമീറ്റര്‍, റെക്‌സ് റേഡിയോ സയന്‍സ് എക്‌സ്പിരിമെന്റ്, ലോറി ലോങ് റേഞ്ച് ഇമേജര്‍, സ്വാപ് സോളര്‍ വിന്‍ഡ്, പ്ലാസ്മ സ്‌പെക്ട്രോമീറ്റര്‍, പെപ്‌സി, എസ്ഡിസി എന്നിവയാണ് ഈ ഉപകരണങ്ങള്‍.