Connect with us

Ongoing News

പരമ്പര തൂത്തുവാരി ഇന്ത്യ; മൂന്നാം ഏകദിനത്തില്‍ ജയം 83 റണ്‍സിന്

Published

|

Last Updated

 

ഹരാരെ: സിംബാബ്‌വെക്കെതിരായ ഏകദിന പരമ്പരയിലെ അവസാന മത്സരത്തില്‍ ഇന്ത്യക്ക് 83 റണ്‍സിന്റെ തകര്‍പ്പന്‍ ജയം. ഇതോടെ, പരമ്പര 3-0ന് ഇന്ത്യ തൂത്തുവാരി.
സ്‌കോര്‍: ഇന്ത്യ 276/5 ; സിംബാബ്‌വെ 193(42.4).
കെദായര്‍ യാദവ് കരിയറിലെ മികച്ച ഇന്നിംഗ്‌സ് (105 നോട്ടൗട്ട്) കാഴ്ചവെച്ച് മാന്‍ ഓഫ് ദ മാച്ചായി. ആദ്യ രണ്ട് ഏകദിനങ്ങളില്‍ തിളങ്ങിയ അംബാട്ടി റായുഡുവാണ് പ്ലെയര്‍ ഓഫ് ദ സീരീസ്. ഇന്ത്യക്കായി അരങ്ങേറിയ മനീഷ് പാണ്‌ഡെയും 71 റണ്‍സോടെ തിളങ്ങി. പൊരുതിക്കളിച്ച സിംബാബ്‌വെയെ പിടിച്ചുകെട്ടിയത് മൂന്ന് വിക്കറ്റുകളെടുത്ത സ്റ്റുവര്‍ട് ബിന്നിയും രണ്ട് വിക്കറ്റുകള്‍ വീതം വീഴ്ത്തിയ മൊഹിത് ശര്‍മ, ഹര്‍ഭജന്‍ സിംഗ്, അക്ഷര്‍ പട്ടേല്‍ എന്നിവരുടെ മികവിലാണ്. മൂന്നോവര്‍ എറിഞ്ഞ ഓപണിംഗ് ബാറ്റ്‌സ്മാന്‍ മുരളി വിജയും ഒരു വിക്കറ്റെടുത്തു. 82 റണ്‍സെടുത്ത ചാമു ചിബാബയാണ് സിംബാബ്‌വെയുടെ ടോപ് സ്‌കോറര്‍.
അഞ്ചാം വിക്കറ്റില്‍ കേദാര്‍ യാദവും മനീഷ് പാണ്‌ഡെയും 144 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കിയതാണ് ഇന്ത്യന്‍ ഇന്നിംഗ്‌സിന്റെ അടിത്തറ. ഒരു ഘട്ടത്തില്‍ 82ന് നാല് വിക്കറ്റ് എന്ന നിലയില്‍ ഇന്ത്യ പരുങ്ങലിലായിരുന്നു. ഇവിടെ നിന്നാണ് ഇരുവരും മധ്യനിരബാറ്റിംഗിന്റെ മുഴുവന്‍ ഉത്തരവാദിത്വവും ഏറ്റെടുത്തുകൊണ്ട് സ്‌കോര്‍ ബോര്‍ഡ് ചലിപ്പിച്ചത്. മനീഷ് പാണ്‌ഡെ പുറത്തായതോടെയാണ് ഈ സഖ്യം പിരിഞ്ഞത്. അപ്പോഴേക്കും ഇന്ത്യ 46.5 ഓവറില്‍ 226 റണ്‍സിലെത്തിയിരുന്നു. പതിനഞ്ച് പന്തില്‍ പതിനെട്ട് റണ്‍സെടുത്ത് ആള്‍ റൗണ്ടര്‍ സ്റ്റുവര്‍ട് ബിന്നി പുറത്താകാതെ നിന്നു.
ഓപണര്‍മാരായ അജിങ്ക്യരഹാനെ (15), മുരളി വിജയ് (13) എന്നിവര്‍ പെട്ടെന്ന് മടങ്ങിയത് സിംബാബ്‌വെക്ക് മത്സരത്തില്‍ നിനന്ത്രണം നല്‍കി. റോബിന്‍ ഉത്തപ്പ(31), മനോജ് തിവാരി (10) എന്നിവര്‍ കൂടി പുറത്തായതോടെ ഇന്ത്യ വലിയ തകര്‍ച്ചയെ മുഖാമുഖം കണ്ടു. എന്നാല്‍, അരങ്ങേറ്റത്തില്‍ തിളങ്ങാനുറച്ച് ബാറ്റേന്തിയ മനീഷ് പാണ്‌ഡെ 86 പന്തുകളില്‍ 71 റണ്‍സടിച്ചു. നാല് ഫോറും ഒരു സിക്‌സറും ഉള്‍പ്പെടുന്നതാണ് ഇന്നിംഗ്‌സ്.
ചിബാബയുടെ പന്തില്‍ സിക്കന്ദര്‍ റാസ പിടിച്ചാണ് പുറത്തായത്. കെദായര്‍ യാദവ് ആക്രണോത്സുകമായിരുന്നു. പന്ത്രണ്ട് ഫോറുകളും ഒരു സിക്‌സറും ഉള്‍പ്പെടുന്നതാണ് യാദവിന്റെ 87 പന്തുകള്‍ നേരിട്ട ഇന്നിംഗ്‌സ്. അവസാന ഓവറുകളിലായിരുന്നു യാദവ് ആഞ്ഞടിച്ചത്.