Connect with us

Kerala

നാനോ എക്‌സല്‍: കൂടുതല്‍ പ്രതികള്‍ ഹൈദരാബാദില്‍ പിടിയില്‍

Published

|

Last Updated

തിരുവനന്തപുരം: നാനോ എക്‌സല്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് മുഖ്യപ്രതികളായ മൂന്ന് പേരെ ക്രൈം ബ്രാഞ്ച് സി ഐ ഡി സാമ്പത്തിക കുറ്റാന്വേഷണ സംഘം ഹൈദരാബാദില്‍ അറസ്റ്റ് ചെയ്തു. കമ്പനി ഡയറക്ടര്‍മാരായ ഹരീഷ് ബാബു മദിനേനി, പി പി രംഗറെഡ്ഢി, ലഗഡപതി ശരത്ബാബു എന്നിവരാണ് അറസ്റ്റിലായത്. ഹൈദരബാദിലെ പ്രശാന്ത് നഗര്‍, മധാപ്പൂര്‍, മിയാപ്പൂര്‍, കൊണ്ടാപ്പൂര്‍, യെല്ലറെഡിഗുഡ, നാമ്പിള്ളി തുടങ്ങിയ സ്ഥലങ്ങളില്‍ നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതികള്‍ അറസ്റ്റിലായത്. ക്രൈം ബ്രാഞ്ച് എ ഡി ജി പി. എസ് ആനന്ദകൃഷ്ണന്റെ നിര്‍ദേശപ്രകാരം ക്രൈം ബ്രാഞ്ച് കോട്ടയം, കോഴിക്കോട് യൂനിറ്റുകളിലെ എസ് പിമാരായ എന്‍ രാമചന്ദ്രന്‍, യു അബ്ദുല്‍കരീം എന്നിവരുടെ മേല്‍നോട്ടത്തില്‍ മൂന്ന് ഡി വൈ എസ് പിമാര്‍, അഞ്ച് ഡിറ്റക്ടീവ് ഇന്‍സ്‌പെക്ടര്‍മാര്‍, എട്ട് പോലീസ് ഉദ്യോഗസ്ഥര്‍ അടങ്ങുന്ന സംഘമാണ് അന്വേഷണത്തിന് നേതൃത്വം നല്‍കിയത്.
ഹരീഷ് ബാബു മദിനേനിയെ നാനോ എക്‌സല്‍ തട്ടിപ്പുമായി ബന്ധപ്പെട്ട അഞ്ഞൂറോളം കേസുകളില്‍ മുമ്പ് അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടിട്ടുള്ളതാണ്. ഇതില്‍ മലപ്പുറം മങ്കട പോലീസ് സ്റ്റേഷനില്‍ നിന്ന് കുറ്റപത്രം നല്‍കിയ കേസില്‍ മഞ്ചേരി ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് പുറപ്പെടുവിച്ച വാറണ്ട് പ്രകാരമാണ് ഇപ്പോള്‍ ഇയാളെ അറസ്റ്റ് ചെയ്തത്. ജാമ്യം ലഭിക്കാവുന്ന വാറണ്ട് പ്രകാരം അറസ്റ്റ് ചെയ്തതിനാല്‍ തുടര്‍ന്ന് ഇയാളെ ജാമ്യത്തില്‍ വിട്ടു. ഇയാളുടെ ലാപ്‌ടോപ്പ് തെളിവിലേക്കായി പോലീസ് കണ്ടെടുത്തിട്ടുണ്ട്.
പി പി രംഗറെഡ്ഢി, ലഗഡപതി ശരത് ബാബു എന്നിവര്‍ ഈ കേസുമായി ബന്ധപ്പെട്ട് ആദ്യമായാണ് അറസ്റ്റിലാകുന്നത്. ലഗഡപതി ശരത്ബാബു നാനോ എക്‌സല്‍ കമ്പനികളുടെ ചീഫ് അക്കൗണ്ട്‌സ് ഓഫീസറും ഹരീഷ് ബാബു മദിനേനിയുടെ ധനകാര്യങ്ങള്‍ നേരിട്ട് നിയന്ത്രിക്കുന്ന ഡയറക്ടര്‍ ബോര്‍ഡ് അംഗവുമാണ്. അറസ്റ്റ് ചെയ്ത രംഗറെഡ്ഢിയെ മഞ്ചേരി ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി. കോടതി ഇയാളെ പതിനാല് ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. ലഗഡപതി ബാബുവിനെ തൃശൂര്‍ അഡീഷനല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ രണ്ട് ദിവസത്തിനുള്ളില്‍ ഹാജരാക്കും.
കേരള പോലീസ് ഹൈദരാബാദില്‍ എത്തിയ വിവരം അറിഞ്ഞ് ഹരീഷ് ബാബു മദിനേനിയുടെ ഭാര്യ അടക്കമുള്ള മറ്റ് ഏതാനും പ്രതികള്‍ എറണാകുളം ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചതായി അറിയുന്നു. പ്രതികളുടെ അധീനതയിലുള്ള നാല് ഫഌറ്റുകളും മറ്റു രണ്ട് കെട്ടിടങ്ങളും കൂടുതല്‍ വസ്തുവകകളും കണ്ടുകെട്ടുന്നതിനും പ്രതികളുടെ ബേങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കുന്നതിനും ഹൈദരാബാദില്‍ ഒരാഴ്ചയോളം ക്യമ്പ് ചെയ്ത് അന്വേഷണസംഘം നടപടി സ്വീകരിച്ചുവരികയാണ്. നാനോ എക്‌സല്‍ കമ്പനികള്‍ക്ക് എതിരെയുള്ള കേസുകളുടെ അന്വേഷണം എത്രയും പെട്ടെന്ന് പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിക്കുവാനുള്ള ശ്രമത്തിലാണ് ക്രൈം ബ്രാഞ്ചെന്ന് എസ് പി. എന്‍ രാമചന്ദ്രന്‍ അറിയിച്ചു.

Latest