Connect with us

Editorial

ഒളിച്ചോട്ട കേസുകളില്‍ പോലീസിന് നിസ്സംഗത

Published

|

Last Updated

പെണ്‍കുട്ടികള്‍ മറ്റുള്ളവരോടൊപ്പം ചാടിപ്പോകുന്നതും അവരെ തട്ടിക്കൊണ്ടുപോകുന്നതുമായ സംഭവങ്ങളില്‍ പോലീസ് കാണിക്കുന്ന അലംഭാവത്തെ ഹൈക്കോടതി രൂക്ഷമായി വിമര്‍ശിച്ചത് രണ്ട് ദിവസം മുമ്പാണ്. മകളെ കാണാനില്ലെന്ന് പരാതിപ്പെട്ട് നിലമ്പൂര്‍ സ്വദേശി നല്‍കിയ ഹരജി പരിഗണിക്കവെ, പെണ്‍കുട്ടികളെ അന്യായമായി തടങ്കലില്‍ വെക്കുന്നുവെന്നാരോപിച്ച് സമര്‍പ്പിക്കുന്ന ഹേബിയസ് കോര്‍പസ് ഹരജികളില്‍ കോടതി നിര്‍ദേശമുണ്ടായിട്ടു പോലും അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പോലീസ് സന്നദ്ധമാകുന്നില്ലെന്നും ഇത്തരം കേസുകളുടെ അന്വേഷണത്തില്‍ ഉദ്യോഗസ്ഥര്‍ നിരന്തരം വീഴ്ച വരുത്തുകയാണെന്നും ജസ്റ്റിസ് സി കെ അബ്ദുര്‍റഹീമും ജസ്റ്റിസ് കെ രാമകൃഷ്ണനുമടങ്ങുന്ന ഡിവിഷന്‍ ബഞ്ച് കുറ്റപ്പെടുത്തുകയുണ്ടായി. കോടതിയുടെ ഈ നിരീക്ഷണത്തിന് അടിവരയിടുന്നതാണ് കോന്നിയിലെ കുട്ടികളെ മരിച്ച നിലയില്‍ റെയില്‍വേ ട്രാക്കില്‍ കണ്ടെത്തിയ സംഭവത്തിലെ അന്വേഷണ വീഴ്ച.
കുട്ടികളെ കാണാതായ ഉടനെ തന്നെ വിവരം പോലീസിനെ അറിയിച്ചതാണെന്നും വളരെ വൈകിയാണ് അന്വേഷണം ആരംഭിച്ചതെന്നും ഗുരുതര പരുക്കറ്റ് ചികിത്സയില്‍ കഴിയുന്ന ആര്യയുടെ മാതാപിതാക്കള്‍ വനിതാ കമ്മീഷനെ അറിയിക്കുകയുണ്ടായി. വിവരം ലഭിച്ച ഉടനെ തന്നെ പോലീസ് റെയില്‍വേയുമായി ബന്ധപ്പെട്ടിരുന്നെങ്കില്‍ അവരെ രക്ഷപ്പെടുത്താന്‍ സാധിക്കുമായിരുന്നുവെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു. പെണ്‍കുട്ടികള്‍ നാല് മണിക്കൂറോളം മാവേലിക്കര റെയില്‍വേ സ്റ്റേഷനില്‍ ഉണ്ടായിരുന്നതായി വിവരം ലഭിച്ചിട്ടുണ്ട്. സംഭവത്തില്‍ പോലീസിന്റെ വീഴ്ച സംബന്ധിച്ച് സമാന്തര അന്വേഷണം നടത്തുമെന്ന വനിതാ കമ്മീഷന്‍ അധ്യക്ഷ കെ സി റോസക്കുട്ടിയുടെ പ്രസ്താവനയില്‍ നിന്ന് കമ്മീഷനും ഈ വീഴ്ച ബോധ്യപ്പെട്ടിട്ടുണ്ടെന്ന് വ്യക്തമാണ്. തുടക്കത്തില്‍ അന്വേഷണം നടത്തിയ പോലീസിന്റെ വീഴ്ച പുതിയ അന്വേഷണ സംഘത്തിന്റെ മേധാവി എസ് പി ഉമാ ബെഹ്‌റയും സ്ഥിരീകരിച്ചു.
നാടും വീടും കുടുംബവും ഉപേക്ഷിച്ച് ഒളിച്ചോടുന്ന പെണ്‍കുട്ടികളുടെ എണ്ണം ഗണ്യമായി വര്‍ധിച്ചിരിക്കുന്നു. നിരവധി കേസുകളാണ് സംസ്ഥാനത്ത് അടുത്ത കാലത്തായി ഇത്തരത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. റിപ്പോര്‍ട്ട് ചെയ്യപ്പെടാത്ത കേസുകള്‍ വേറെയും. പഠനാവശ്യത്തിനോ തൊഴിലിനോ പെണ്‍മക്കളെ പുറത്തേക്ക് അയക്കുമ്പോഴും തനിച്ച് യാത്ര ചെയ്യാന്‍ വിടുമ്പോഴും മാതാപിതാക്കള്‍ക്ക് നെഞ്ചിടിപ്പോടെ കാത്തിരിക്കേണ്ട അവസ്ഥയാണുള്ളത്. കാണാതാകുന്ന പെണ്‍കുട്ടികളെക്കുറിച്ച് നടന്ന പഠനങ്ങളില്‍, പ്രണയമാണ് അതിന്റെ പ്രധാന കാരണമായി ചൂണ്ടിക്കാണിക്കുന്നത്. പ്രണയം നടിച്ചു വിദ്യാര്‍ഥിനികളെയും കൗമാരക്കാരെയും വശീകരിക്കുന്ന റാക്കറ്റുകള്‍ തന്നെ പ്രവര്‍ത്തിക്കുന്നുണ്ട്. വിവാഹ വാഗ്ദാനം ചെയ്തും, പണം നല്‍കി പ്രലോഭിപ്പിച്ചും പ്രായപൂര്‍ത്തി പോലുമാകാത്ത പെണ്‍കുട്ടികളെ വീഴ്ത്തുന്നു ഇവര്‍. ഇന്റര്‍നെറ്റിന്റെയും മൊബൈലിന്റെയും വ്യാപനം ഇതിനേറെ സഹായകവുമാണ്. ടി വി ചാനലുകള്‍ ഇതിന് എല്ലാ പ്രോത്സാഹനവും നല്‍കുന്നു.കുട്ടികള്‍ക്ക് എങ്ങനെ ഒളിച്ചോടണമെന്നും അതിന് ശേഷം എന്തൊക്കെ ചെയ്യണമെന്നുമുള്ള മാര്‍ഗനിര്‍ദേശം നല്‍കുന്നവയാണ് ടെലിവിഷന്‍ സീരിയലുകളെന്ന് മനഃശാസ്ത്രജ്ഞര്‍ ചൂണ്ടിക്കാട്ടുന്നു. പ്രണയിക്കുന്നവര്‍ക്കായി ഒരു ദിനംതന്നെ ഏര്‍പ്പെടുത്തി യും ചുംബനവേദികള്‍ സംഘടിപ്പിച്ചും ഇതിന് പ്രോത്സാഹിപ്പിക്കുന്നവര്‍ വേറെയും. ഇത്തരം അപകടകരമായ പ്രവണതകളെ പ്രോത്സാഹിപ്പിക്കാനായി ചാനലുകളും പത്രങ്ങളും മത്സരിക്കുകയുമാണ്.
മിക്ക കേസുകളിലും ഒളിച്ചോടിയ കുട്ടികളെ പിന്നീട് തിരിച്ചു കിട്ടാറില്ല. മാധ്യമങ്ങളില്‍ പരസ്യം നല്‍കി പോലീസ് അന്വേഷണം മതിയാക്കുന്നു. തിരിച്ചുകൊണ്ടു വരാനായാല്‍ തന്നെ അവളുടെ ഭാവി അപകടത്തിലാണ്. ഇങ്ങനെയൊരു ദുരന്തം സംഭവിക്കാതിരിക്കാനുള്ള പ്രതിരോധ മാര്‍ഗങ്ങള്‍ ആവിഷ്‌കരിക്കുകയാണ് ഇക്കാര്യത്തില്‍ ഏറ്റവും ഫലപ്രദം. വിദ്യാര്‍ഥികള്‍ക്ക് സ്‌കൂള്‍ തലത്തില്‍ത്തന്നെ കുടുംബ സാമൂഹിക മൂല്യങ്ങളെക്കുറിച്ച് ബോധവത്കരണം സംഘടിപ്പിക്കാനും ഒളിച്ചോട്ട കേസുകള്‍ കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സ്‌റ്റേഷന്‍ പരിധിയിലെ സ്‌കൂളുകളുമായി ബന്ധപ്പെട്ട് കൗണ്‍സിലിംഗ് നടത്താനും അധികൃതര്‍ തീരുമാനിച്ചിരുന്നെങ്കിലും എല്ലാം പ്രഖ്യാപനത്തിലൊതുങ്ങുകയായിരുന്നു.ഒളിച്ചോട്ട പരാതികള്‍ ലഭിച്ചാലുടന്‍ പോലീസ് ഉണര്‍ന്നു പ്രവര്‍ത്തിച്ചാല്‍ ഒരളവോളം അവരെ കണ്ടെത്തി തിരിച്ചെത്തിക്കാനാകും. എന്നാല്‍ ഗൗരവതരമായ ഈ പ്രശ്‌നത്തില്‍ കടുത്ത ഉദാസീനതയാണ് ഉണ്ടാകുന്നത്. കോടതിക്ക് പലപ്പോഴും പോലീസിനെ വിമര്‍ശിക്കേണ്ടി വരുന്നത് ഇതുകൊണ്ടാണ്. പോലീസ് കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിക്കുന്നതല്ലാതെ കാര്യക്ഷമമായ അന്വേഷണമൊന്നും നടത്തുന്നില്ലെന്നും ഇങ്ങനെ പോയാല്‍ കുട്ടികളെ കണ്ടെത്താന്‍ കേരള പോലീസിന് കഴിയില്ലെന്ന് വിലയിരുത്തേണ്ടിവരുമെന്നും ജസ്റ്റിസ് ആന്റണി ഡൊമനിക്ക് അധ്യക്ഷനായ ഹൈക്കോടതി ബഞ്ച് രണ്ട് വര്‍ഷം മുമ്പ് വിലയിരുത്തുകയും ഡി ജി പി ബാലസുബ്രഹ്മണ്യത്തെ വിളിച്ചുവരുത്തി പോലീസ് അന്വേഷണത്തില്‍ അതൃപ്തി അറിയിക്കുകയും ചെയ്തിരുന്നു. കോടതിയില്‍ നിന്ന് നിരന്തരം പഴി കേള്‍ക്കേണ്ടി വന്നിട്ടും പോലീസ് വകുപ്പ് ഉണര്‍ന്നു പ്രവര്‍ത്തിക്കുകയോ അവരെ കാര്യക്ഷമമാക്കാന്‍ സര്‍ക്കാര്‍ ഭാഗത്ത് നിന്ന് നടപടികളുണ്ടാവുകയോ ചെയ്യുന്നില്ലെന്നതാണ് ഖേദകരം.

Latest