Connect with us

Malappuram

റോഡിലെ അഴുക്കുവെള്ളം; ജനം പ്രക്ഷോഭത്തിന്‌

Published

|

Last Updated

പെരിന്തല്‍മണ്ണ: പട്ടാമ്പി റോഡിനെയും കോഴിക്കോട് റോഡിനെയും ബന്ധിപ്പിക്കുന്ന അല്‍ഫോന്‍സാ ചര്‍ച്ച് റോഡില്‍ അഴുക്കുവെള്ളം കെട്ടികിടന്ന് കാല്‍നടയാത്ര പോലും ദുസ്സഹം. മാസങ്ങളോളമായി ഈനില തുടരുകയാണ്.
മുട്ടോളം വെള്ളത്തിലൂടെ കാലൂന്നിയാണ് പൊതുജനങ്ങള്‍ ഇതിലൂടെ സഞ്ചരിക്കുന്നത്. സ്വകാര്യ വാഹനങ്ങള്‍ ഇതുവഴിയുള്ള സഞ്ചാരം അത്യാവശ്യഘട്ടങ്ങളില്‍ മാത്രമായി ചുരുങ്ങി. റോഡിന്റെ ഇരുഭാഗങ്ങളിലുമുള്ള സ്വകാര്യ വ്യക്തികള്‍ സ്ഥലം വിട്ടുനല്‍കിയാണ് ഈ റോഡ് നിര്‍മിച്ചത്. ഈ റോഡിന്റെ അറ്റകുറ്റപ്പണികള്‍ തീര്‍ത്ത് ഗതാഗത യോഗ്യമാക്കുവാന്‍ മുനിസിപ്പാലിറ്റി ഫണ്ട് ലഭ്യമാക്കി ടെന്‍ഡര്‍ നടപടികളെല്ലാം തന്നെ പൂര്‍ത്തീകരിച്ചു. അതേ സമയം പൊതുറോഡിനായി വിട്ടുനല്‍കിയ റോഡിന്റെ അളവ് തിട്ടപ്പെടുത്തി നല്‍കാത്തതാണത്രെ റോഡ് നവീകരണത്തിന് സാങ്കേതികമായി നില്‍ക്കുന്നത്. ആരാധനാലയങ്ങളിലേക്കും ആശുപത്രി, മറ്റു ഓഫീസുകള്‍ എന്നിവിടങ്ങളിലേക്ക് പൊതുജനങ്ങള്‍ ദിനംപ്രതി വന്നുംപോയും കൊണ്ടിരിക്കുന്ന റോഡ് കൂടിയാണിത്.
നഗരമധ്യത്തില്‍ ട്രാഫിക് കുരുക്കനുഭവപ്പെടുമ്പോള്‍ പട്ടാമ്പി റോഡില്‍ നിന്നും എളുപ്പമാര്‍ഗം കോഴിക്കോട് റോഡിലേക്ക് എത്തിപ്പെടാനുള്ള എളുപ്പമാര്‍ഗം കൂടിയാണിത്. റോഡിന്റെ വികസനത്തിന് തടസമായി നില്‍ക്കുന്ന പ്രയാസങ്ങള്‍ പരിഹരിച്ച് റോഡിലെ ബുദ്ധിമുട്ടൊഴിവാക്കി തരണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടിരുന്നു. ഇതുസംബന്ധിച്ച് നഗരസഭയിലേക്ക് നിവേദനം നല്‍കി. പ്രശ്‌നം പരിഹരിച്ചില്ലെങ്കില്‍ ബഹുജന പ്രക്ഷോഭത്തിനൊരുങ്ങുകയാണ് നാട്ടുകാര്‍.

Latest