Connect with us

Gulf

പെട്രോള്‍ വില വര്‍ധന: പൊതു ഗതാഗതത്തിന് ശക്തിപകരും

Published

|

Last Updated

അബുദാബി: അടുത്ത മാസം ഒന്നാം തിയ്യതി മുതല്‍ പെട്രോള്‍ വില വര്‍ധിപ്പിക്കാന്‍ അധികൃതര്‍ തീരുമാനിച്ചത് പൊതുഗതാഗത സംവിധാനത്തെ ശക്തിപ്പെടുത്തുമെന്ന് വിദഗ്ധര്‍. വിലയില്‍ കാര്യമായ വര്‍ധനവ് ഉണ്ടായാലാവും കൂടുതല്‍പേര്‍ സ്വന്തം വാഹനങ്ങളുടെ ഉപയോഗം പരിമിതപ്പെടുത്തി പൊതുഗതാഗതമാര്‍ഗങ്ങളായ ബസ്, മെട്രോ തുടങ്ങിയവയെ ആശ്രയിക്കുകയെന്ന് ട്രാഫിക് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് പ്ലാനിംഗ് രംഗത്തെ സോഫ്റ്റ്‌വെയര്‍ ആന്‍ഡ് കണ്‍സള്‍ട്ടന്‍സി സേവനദാതാക്കളായ പി ടി എസ് ഗ്രൂപ്പിന്റെ മേഖലാ ഡയറക്ടര്‍ സോനല്‍ അഹൂജ വ്യക്തമാക്കി.
കൂടുതല്‍ ഇടങ്ങളിലേക്ക് എത്തിച്ചേരാവുന്ന രീതിയില്‍ പൊതുഗതാഗത മാര്‍ഗം വികസിച്ചാല്‍ വിജയമായിമാറും. അഞ്ചോ ആറോ കിലോമീറ്റര്‍ നടന്നു ലക്ഷ്യത്തിലെത്താന്‍ ഉതകുന്നതല്ല യു എ ഇയിലെ കാലാവസ്ഥ. അതിനാല്‍ യാത്രചെയ്യേണ്ടവര്‍ക്ക് ബസിനെയോ, മെട്രോയെയോ ആശ്രയിക്കേണ്ടിവരും.
ദുബൈ മെട്രോയുടെ ഏറ്റവും വലിയ പരിമിതി ബസിലോ, കാറിലോ കയറിയേ മെട്രോ സ്റ്റേഷനില്‍ എത്താന്‍ സാധിക്കുവെന്നതാണ്. സ്വന്തം കാറുമായി സ്റ്റേഷനില്‍ എത്തുന്നവര്‍ക്ക് അവ പാര്‍ക്ക് ചെയ്യാന്‍ ഇടം കണ്ടെത്താനും നിലവില്‍ ബുദ്ധിമുട്ടാണ്. നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഫീഡര്‍ ബസുകള്‍ യഥേഷ്ടം സര്‍വീസ് നടത്തിയാലെ ഈ പ്രശ്‌നത്തിന് പരിഹാരം കാണാനാവൂ.
ഇന്ധനവിലയിലൂടെ ലഭിക്കുന്ന വരുമാനം ഗതാഗത രംഗത്തെ വികസനത്തിനായി ഉപയോഗിക്കാനായാല്‍ വിപ്ലവകരമായ മാറ്റങ്ങള്‍ പൊതുഗതാഗത രംഗത്ത് സൃഷ്ടിക്കാനാവും. പെട്രോള്‍ വില ലിറ്ററിന് അന്‍പത് ഫില്‍സോ, ഒരു ദിര്‍ഹമോ വര്‍ധിപ്പിച്ചാലും ഭീമമായ തുകയാണ് സര്‍ക്കാറിലേക്ക് എത്തുക.
പെട്രോള്‍ വില ഉയരുന്നതോടെ ടാക്‌സികളുടെ നിരക്കും വര്‍ധിക്കാനാണ് സാധ്യതയെന്ന് അറേബ്യന്‍ ടാക്‌സി ജനറല്‍ മാനേജര്‍ മീരാന്‍ രാജ ഇബ്‌റാഹീം അഭിപ്രായപ്പെട്ടു. പെട്രോള്‍ വിലയില്‍ എത്ര ദിര്‍ഹത്തിന്റെ വര്‍ധനവാണ് വരാനിരിക്കുന്നത് എന്നാണ് ഞങ്ങള്‍ കാത്തിരിക്കുന്നത്. പെട്രോള്‍ വിലക്ക് അനുസൃതമായി ടാക്‌സി നിരക്കില്‍ വര്‍ധനവ് വരുത്താന്‍ അധികൃതര്‍ തയ്യാറായാല്‍ ടാക്‌സി കമ്പനികള്‍ക്ക് പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കേണ്ടിവരില്ല. 2012 മെയിലാണ് അവസാനമായി ടാക്‌സി നിരക്കില്‍ വര്‍ധനവ് വരുത്തിയതെന്നും മീരാന്‍ വ്യക്തമാക്കി.
പെട്രോള്‍ വിലയില്‍ വര്‍ധനവ് വന്നാല്‍ പൊതുജനങ്ങളില്‍ ഒരു വിഭാഗം സമാന്തരമായി ഗതാഗതമാര്‍ഗങ്ങളെ ഉപയോഗപ്പെടുത്തുന്നതാണ് കണ്ടുവരാറെന്ന് റോഡ് സേഫ്റ്റി യു എ ഇ വെബ്‌സൈറ്റിന്റെ സ്ഥാപകന്‍ തോമസ് എഡല്‍മാന്‍ പറഞ്ഞു. സൈക്കിള്‍, പൊതുഗതാഗതമാര്‍ഗം, കാര്‍പൂളിംഗ് തുടങ്ങിയവയെ ആശ്രയിക്കുന്നതിനൊപ്പം അനാവശ്യമായ യാത്രകള്‍ ഒഴിവാക്കാനും ശ്രമമുണ്ടാവുമെന്നും തോമസ് അഭിപ്രായപ്പെട്ടു.

Latest