Connect with us

Gulf

യു എ ഇ എക്‌സ്‌ചേഞ്ച് ട്രഷറി ഇടപാടുകള്‍ ഓട്ടോമേറ്റ് ചെയ്യാനൊരുങ്ങുന്നു

Published

|

Last Updated

അബുദാബി: ലോകത്തിലെ ഏറ്റവും വലിയ വിദേശനാണ്യവിനിമയ കമ്പനികളിലൊന്നായ യു എ ഇ എക്‌സ്‌ചേഞ്ച് ട്രഷറി ഇടപാടുകള്‍ പൂര്‍ണമായി ഓട്ടോമേറ്റ് ചെയ്യും. ഇതിനായി ലോകത്തിലെ പ്രമുഖ ധനകാര്യ സോഫ്റ്റ്‌വെയര്‍ കമ്പനിയായ സണ്‍ഗാര്‍ഡുമായി കരാര്‍ ഒപ്പുവച്ചു.
കമ്പനിയുടെ വളര്‍ച്ചാ പദ്ധതികള്‍ക്കു കൂടുതല്‍ വേഗം നല്‍കുകയെന്ന ലക്ഷ്യത്തോടെയാണ് പുതിയ സോഫ്റ്റ്‌വെയര്‍സ്ഥാപിക്കുന്നത്. ഇതോടെ ട്രഷറി ഇടപാടുകളിലെ മനുഷ്യപ്രയത്‌നത്തിന്റെ അളവു ഗണ്യമായി കുറയും. മാത്രവുമല്ല, ഫണ്ട് ട്രാന്‍സ്ഫറിനു വേഗം കൂടുകയും ചെയ്യും. ഇടപാടു വിവരങ്ങളുടെ സുരക്ഷ, കൃത്യമായ മാനേജ്‌മെന്റ് റിപ്പോര്‍ട്ട്, വേഗത്തിലുളള ട്രഷറി പേമെന്റ് പ്രക്രിയ, കേന്ദ്രീകൃത പേമെന്റ് സമ്പ്രദായം തുടങ്ങിയവ ഒറ്റ ക്ലിക്കില്‍ ഇതോടെ കമ്പനിക്ക് സാധ്യമാകും. ഇതിനും പുറമേ, നടക്കുന്ന എല്ലാ ഇടപാടുകളും ഉപഭോക്താവിന്റെ ഇലക്‌ട്രോണിക് ഫോള്‍ഡറില്‍ രജിസ്റ്റര്‍ ചെയ്യും. ഇതുവഴി ഉപഭോക്താക്കളുടെ സ്വകാര്യതക്ക് കൂടുതല്‍ സുരക്ഷിതത്വം നല്‍കാനും ഓണ്‍ലൈനില്‍ കൃത്രിമം നടത്താനുളള സാധ്യത തീരെയില്ലാതാക്കാനും സാധിക്കും.
“വിവിധ കറന്‍സികളുമായുളള വില വ്യത്യാസത്തില്‍ വരുന്ന മാറ്റം മൂലമുളള നഷ്ടസാധ്യത ഗണ്യമായി കുറക്കുവാന്‍ പുതിയ സോഫ്റ്റ്‌വെയര്‍ സംവിധാനം സഹായിക്കുമെന്ന് യു എ ഇ എക്‌സ്‌ചേഞ്ച് സി ഇ ഒ പ്രമോദ് മങ്ങാട്ട് പറഞ്ഞു. കൂടാതെ ഇടപാടുകളില്‍ ഓണ്‍ലൈന്‍ കൃത്രിമത്തിനുളള സാധ്യത കുറയും. ഉപഭോക്താക്കളുടെ സ്വകാര്യതയും സുരക്ഷയും വര്‍ധിപ്പിക്കും. എളുപ്പത്തില്‍ നിയമങ്ങളും നടപടിക്രമങ്ങളും പാലിക്കുവാനും ഇതു സഹായകരമാകും. സമയലാഭത്തോടൊപ്പം റിസ്‌കും പ്രവര്‍ത്തനച്ചെലവും കുറക്കുവാന്‍ സഹായിക്കുകയും ചെയ്യുമെന്ന് അദ്ദേഹം വ്യക്തമാക്കി.
കമ്പനിക്ക് 32 രാജ്യങ്ങളിലായി 750-ലധികം ശാഖകളുണ്ട്. 140 രാജ്യാന്തര ബേങ്കുകളുമായി സഹകരിച്ചു പ്രവര്‍ത്തിക്കുന്ന കമ്പനിയില്‍ ഒമ്പതിനായിരത്തിലധികം പ്രഫഷണലുകള്‍ ജോലി ചെയ്യുന്നു. ലോകത്തൊട്ടാകെ 7.9 ദശലക്ഷം ഇടപാടുകാര്‍ ഈ ഐ എസ് ഒ കമ്പനിക്കുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി.