Connect with us

Gulf

റിയല്‍ എസ്റ്റേറ്റ് സ്ഥാപനം മുന്നറിയിപ്പില്ലാതെ ഓഫീസ് പൂട്ടി സ്ഥലംവിട്ടു

Published

|

Last Updated

ദുബൈ: പ്രമുഖ റിയല്‍ എസ്റ്റേറ്റ് സ്ഥാപനം മുന്നറിയിപ്പില്ലാതെ ഓഫീസ് പൂട്ടി സ്ഥലംവിട്ടു. എസ് & കെ എസ്റ്റേറ്റ്‌സ് ഏജന്റ്‌സ് എന്ന സ്മിത്ത് & കെന്‍ റിയല്‍ എസ്റ്റേറ്റ് ഏജന്‍സിയാണ് ഏകപക്ഷീയമായി സ്ഥാപനം പൂട്ടി മുങ്ങിയത്. ഇതോടെ സ്ഥാപനവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിരുന്ന എഴുപതോളം പേരാണ് പെരുവഴിയിലായിരിക്കുന്നത്. മീഡിയ സിറ്റിയിലെ കോണ്‍കോര്‍ഡ് ടവറിന്റെ 11ാം നിലയിലായിരുന്നു കമ്പനിയുടെ ഓഫീസ് പ്രവര്‍ത്തിച്ചിരുന്നത്. ബുധനാഴ്ച ജീവക്കാര്‍ ഓഫീസില്‍ എത്തിയപ്പോഴാണ് തുറക്കാത്തതായി ബോധ്യപ്പെട്ടത്. വാതിലില്‍ ബിസിനസ് അവസനിപ്പിച്ചതായി നോട്ടീസ് കാണുകയായിരുന്നു. ഓഫീസിന്റെ ചില്ലുകള്‍ തകര്‍ത്തനിലയിലുമായിരുന്നു. വിവരം അറിഞ്ഞ് എത്തിയ പോലീസ് ഓഫീസില്‍ പരിശോധന നടത്തുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.
ബുധനാഴ്ച പുലര്‍ച്ചെ അഞ്ചിന് സ്ഥാപനം അടച്ചുപൂട്ടിയതായി സന്ദേശം ലഭിച്ചിരുന്നുവെന്ന് ജീവനക്കാരില്‍ ഒരാള്‍ വ്യക്തമാക്കി. റിയല്‍ എസ്‌റ്റേറ്റ് ബിസിനസുമായി ബന്ധപ്പെട്ട് കിംവദന്തികള്‍ പതിവായതിനാല്‍ അത് കാര്യമാക്കിയില്ല. ഓഫീസില്‍ എത്തിയപ്പോഴാണ് സത്യമാണെന്ന് ബോധ്യപ്പെട്ടത്. സ്ഥാപന ഉടമകള്‍ക്കിടയിലെ പ്രശ്‌നങ്ങള്‍ കാരണം പുതിയൊരു ബ്രാന്റിലേക്ക് മാറാന്‍ ശ്രമിക്കുന്നതായി കമ്പനി ചീഫ് എക്‌സിക്യൂട്ടീവ് ബെഞ്ചമിന്‍ സ്മിത്ത് റിയല്‍ എസ്റ്റേറ്റ് ബ്രോക്കര്‍മാരോട് വ്യക്തമാക്കിയതായി മറ്റൊരു ജീവനക്കാരന്‍ ഓര്‍ത്തെടുത്തു. അന്വേഷണം തുടരുന്നതിനാല്‍ 11ാം നിലയിലേക്കുള്ള പ്രവേശനം നിയന്ത്രിക്കാന്‍ ദുബൈ പോലീസ് കെട്ടിട ഉടമകളോട് നിര്‍ദേശിച്ചിട്ടുണ്ട്. 2008ലാണ് കമ്പനി പ്രവര്‍ത്തനം തുടങ്ങിയത്. രണ്ടു വര്‍ഷം മുമ്പ് ലോസ് ആഞ്ചല്‍സിലും കാലിഫോര്‍ണിയയിലും ഓഫീസുകള്‍ ആരംഭിച്ചിരുന്നു. ദുബൈ റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ അനുഭവപ്പെടുന്ന മാന്ദ്യമാവാം സ്ഥാപനം പൂട്ടുന്നതില്‍ കലാശിച്ചതെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.

---- facebook comment plugin here -----

Latest