Connect with us

National

യാക്കൂബ് മേമനെ തൂക്കിലേറ്റി

Published

|

Last Updated

നാഗ്പൂര്‍: 1993ലെ മുംബൈ സ്‌ഫോടനകേസിലെ ഒന്നാം പ്രതി യാക്കൂബ് അബ്ദുല്‍ റസാഖ് മേമനെ തൂക്കിലേറ്റി. മേമന്റെ അന്‍പത്തിമൂന്നാം ജന്‍മദിനമായ ഇന്ന് നാഗ്പൂരിലെ സെന്‍ട്രല്‍ ജയിലില്‍ പ്രത്യേകം തയാറാക്കിയ കഴുമരത്തില്‍ രാവിലെ ആറരയോടെയാണ് മേമനെ തൂക്കിലേറ്റിയത്. അര മണിക്കൂറിനു ശേഷം ഡോക്ടറെത്തി മരണം സ്ഥിരീകരിച്ചു. ജയിലിനുള്ളില്‍ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പുരോഗമിക്കുന്നു. 21 വര്‍ഷം പഴക്കമുള്ള കേസില്‍ തൂക്കിലേറ്റപ്പെടുന്ന ആദ്യ പ്രതിയാണ് യാക്കൂബ് മേമന്‍. 2008ലെ ഭീകരാക്രമണ കേസ് പ്രതി അജ്മല്‍ കസബിനെ യെര്‍വാഡ ജയിലില്‍ തൂക്കിലേറ്റിയ പൊലീസ് കോണ്‍സ്റ്റബിളാണ് മേമന്റെ വധശിക്ഷയും നടപ്പാക്കിയത്. ആരാച്ചാരെ ലഭിക്കാത്ത സാഹചര്യത്തിലാണ് കോണ്‍സ്റ്റബിളിനെ തന്നെ ഇതിനായി ചുമതലപ്പെടുത്തിയത്.
മേമന്റെ മൃതദേഹം കുടുംബത്തിന് വിട്ടുനല്‍കുമെന്ന് ആഭ്യന്തരമന്ത്രാലയ വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. നേരത്തെ മൃതദേഹം നാഗ്പൂര്‍ ജയില്‍ വളപ്പില്‍ തന്നെ സംസ്‌കരിക്കുമെന്നാണ് അറിയിച്ചിരുന്നത്. യാക്കൂബിന്റെ ഭാര്യ റാഹിന്‍, മകള്‍ സുബൈദ എന്നിവര്‍ ജയിലില്‍ എത്തിയിരുന്നു.
മേമന്റെ വധശിക്ഷയെ തുടര്‍ന്ന് നാഗ്പൂരിലും മുംബൈയിലും സുരക്ഷ ശക്തമാക്കി. ക്രമസമാധാനനില തകരാതിരിക്കാന്‍ മുംബൈയില്‍ 25,000 പൊലീസുദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്. വര്‍ഗീയ കലാപത്തിനുള്ള സാധ്യത തള്ളിക്കളയാന്‍ സാധിക്കില്ലെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. സുരക്ഷയെ മുന്‍നിര്‍ത്തി 400 ഓളം പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
എല്ലാ നടപടികളും പൂര്‍ത്തിയാക്കിയാണ് മേമന്റെ വധശിക്ഷ നടപ്പാക്കിയതെന്ന് ജയില്‍ അധികൃതര്‍ അറിയിച്ചു. രാവിലെ യാക്കൂബ് മേമനെ വിളിച്ചുണര്‍ത്തിയ ശേഷം അദ്ദേഹത്തിന് ലഘുഭക്ഷണം നല്‍കി. നമസ്‌കരിക്കാനും ഖുര്‍ആന്‍ പാരായണം ചെയ്യാനുമു ള്ള അവസരവും നല്‍കി. ജയിലിലെ ഡോക്ടറെ ത്തി പരിശോധന പൂര്‍ത്തിയാക്കി സര്‍ട്ടിഫിക്കറ്റ് നല്‍കി. ടാഡാ കോടതി വിധിയിലെ യാക്കൂബ് മേമനെതിരായ ഭാഗം ജഡ്ജി വായിച്ചു കേള്‍പ്പിച്ചു. തുടര്‍ന്നു വധശിക്ഷ നടപ്പാക്കാന്‍ നിര്‍ദേശം നല്‍കുകയായിരുന്നു.

യാക്കൂബ് മേമന്റെ തിരുത്തല്‍ ഹരജി ഇന്നലെ സുപ്രീം കോടതിയുടെ മൂന്നംഗ ബഞ്ചും തള്ളിയിരുന്നു. യാക്കൂബ് മേമന്‍ രാഷ്ട്രപതിക്ക് സമര്‍പ്പിച്ച ദയാഹരജി അദ്ദേഹം സര്‍ക്കാറിന്റെ നിലപാടറിയാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിലേക്കയച്ചിരുന്നു. സര്‍ക്കാര്‍ നിലപാടറിയിക്കാന്‍ ഇന്നലെ രാത്രി ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ് രാഷ്ട്രപതിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ശേഷമാണ് ദയാഹരജി തള്ളിക്കൊണ്ട് രാഷ്ട്രപതിയുടെ അറിയിപ്പ് വന്നത്.
യാക്കൂബ് മേമന്‍ നല്‍കിയ ദയാഹരജി മഹാരാഷ്ട്ര ഗവര്‍ണര്‍ സി വിദ്യാസാഗര്‍ റാവുവും ഇന്നലെ തള്ളിയിരുന്നു. തിരുത്തല്‍ ഹരജി സുപ്രീം കോടതി തള്ളി മണിക്കൂറുകള്‍ക്കകമാണ് ഈ മാസം 21ന് അദ്ദേഹം സമര്‍പ്പിച്ച ദയാഹരജിയും ഗവര്‍ണര്‍ തള്ളിയത്. ഇന്നലെ രാവിലെയാണ് യാക്കൂബ് മേമന്‍ രാഷ്ട്രപതിക്ക് ദയാഹരജി സമര്‍പ്പിച്ചത്. തന്റെ വധശിക്ഷ ജീവപര്യന്തമാക്കണമെന്നായിരുന്നു ഹരജിയില്‍ ആവശ്യപ്പെട്ടത്. ഇതാദ്യമായാണ് മേമന്‍ രാഷ്ട്രപതിക്ക് ദയാഹരജി സമര്‍പ്പിക്കുന്നത്. 2014 മെയ് 26ന് കുടുംബം സമര്‍പ്പിച്ച ദയാഹരജി രാഷ്ട്രപതി തള്ളിയിരുന്നു.
സുപ്രീം കോടതിയുടെ മൂന്നംഗ ബഞ്ചാണ് യാക്കൂബിന്റെ ഹരജിയില്‍ വാദം കേട്ടത്. ഈ മാസം ആദ്യം ഹരജി തള്ളി ബഞ്ചിന്റെ വിധിയില്‍ വീഴ്ചയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഇന്നലെ മൂന്നംഗ ബഞ്ച് തിരുത്തല്‍ ഹരജി തള്ളിയത്. ഈ മാസം 30 ന് വധശിക്ഷ നടപ്പാക്കാനുള്ള ടാഡാ കോടതി ഉത്തരവ് ചോദ്യം ചെയ്തുകൊണ്ടാണ് യാക്കൂബ് മേമന്‍ സുപ്രീംകോടതിയെ സമീപിച്ചിരുന്നത്. ജഡ്ജിമാരായ പ്രഫുല്ല ചന്ദ്ര പാന്ത്, ദീപക് മിശ്ര, അമിതാവ റോയി എന്നിവരടങ്ങിയ ബഞ്ചാണ് കേസ് ഇന്നലെ പരിഗണിച്ചത്. തെറ്റ് തിരുത്തല്‍ ഹരജിയില്‍ സുപ്രീം കോടതി തീരുമാനമെടുക്കുന്നതിനു മുന്‍പേ മരണ വാറന്റ് നല്‍കിയ ടാഡാ കോടതി നടപടി സ്വാഭാവിക നീതി നിഷേധിക്കലാണെന്ന വാദമാണ് ഹരജിയില്‍ യാക്കൂബ് മേമന്‍ ഉന്നയിച്ചിരുന്നത്. എന്നാല്‍, മരണവാറണ്ട് പുറപ്പെടുവിച്ചതില്‍ അപാകതയില്ലെന്ന് കോടതി വ്യക്തമാക്കി.
വധശിക്ഷ സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് യാക്കൂബ് സമര്‍പ്പിച്ച ഹരജിയില്‍ കഴിഞ്ഞ ചൊവ്വാഴ്ച, ജസ്റ്റിസ് എ ആര്‍ ദാവെ, ജസ്റ്റിസ് കുര്യന്‍ ജോസഫ് എന്നിവരുള്‍പ്പെട്ട രണ്ടംഗ ബഞ്ച് ഒരു മണിക്കൂര്‍ വാദം കേട്ട ശേഷം വിരുദ്ധ വിധി എഴുതുകയായിരുന്നു. ജസ്റ്റിസ് ദാവെ യാക്കൂബിന്റെ ഹരജി തള്ളിയപ്പോള്‍ ജസ്റ്റിസ് കുര്യന്‍ ജോസഫ് വധശിക്ഷ നടപ്പാക്കുന്നത് സ്റ്റേ ചെയ്യുകയായിരുന്നു.
തുടര്‍ന്ന് രണ്ടംഗ ബഞ്ച് കേസില്‍ പുതുതായി വാദം കേള്‍ക്കാന്‍ ഒരു മൂന്നംഗ ബഞ്ച് രൂപവത്കരിക്കണമെന്ന ശിപാര്‍ശയോടെ സുപ്രീം കോടതി ചീഫ് ജസ്റ്റിസിന് വിടുകയായിരുന്നു. പുതിയ ബഞ്ചിന്റെ ഉത്തരവ് വരുന്നത് വരെ, നിലവിലുള്ള രണ്ടംഗ ബഞ്ച് വധശിക്ഷ സ്റ്റേ ചെയ്യണമെന്ന് ജസ്റ്റിസ് ജോസഫ് അഭ്യര്‍ഥിച്ചു. എന്നാല്‍ ഇങ്ങനെ ഒരു ഉത്തരവില്‍ കക്ഷിയാവാന്‍ തനിക്കാവില്ലെന്ന് ജസ്റ്റിസ് ദാവെ നിലപാടെടുത്തു. അതോടെയാണ് മൂന്നംഗ ബഞ്ചിന് വിട്ടത്.
1993ലെ മുംബൈ സ്‌ഫോടന പരമ്പര കേസില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട ഏക പ്രതിയാണ് യാക്കൂബ് മേമന്‍. കേസിലെ മുഖ്യപ്രതി യാക്കൂബിന്റെ സഹോദരനായ ടൈഗര്‍ മേമന്‍ ഒളിവിലാണ്.
1996 മുതല്‍ താന്‍ ഷിസൊഫറേനിയ രോഗബാധിതനാണെന്ന് യൂസുഫ് വ്യക്തമാക്കുകയും ചെയ്തു. ഏതാണ്ട് 20 വര്‍ഷം ജയിലില്‍ ശിക്ഷ അനുഭവിച്ചു. ജീവപര്യന്തത്തിന് അനുഭവിക്കേണ്ട ശിക്ഷയിലും കൂടുതലാണിത്. ഈ സാഹചര്യത്തില്‍ തന്റെ വധശിക്ഷ ജീവപര്യന്തം തടവാക്കിയെങ്കിലും ഇളവ് ചെയ്യണമെന്ന് മേമന്‍ ഹരജിയില്‍ അപേക്ഷിച്ചു. ഒരേ കുറ്റത്തിന് ഒരു പ്രതിക്ക് ജീവപര്യന്തവും വധശിക്ഷയും നല്‍കാനാകില്ലെന്നും മേമന്‍ വാദിച്ചു. മേമന്റെ വധശിക്ഷ 2014 ജൂണ്‍ രണ്ടിന് സുപ്രീം കോടതി സ്റ്റേ ചെയ്തിരുന്നു. വധശിക്ഷക്ക് വിധിക്കപ്പെട്ടവരുടെ റിവ്യൂ ഹരജികള്‍ തുറന്ന കോടതിയിലോ ജഡ്ജിമാരുടെ ചേമ്പറിലോ വാദം കേള്‍ക്കേണ്ടതെന്ന പ്രശ്‌നം ഒരു ഭരണഘടനാ ബഞ്ചിന് വിടണമെന്നും മേമന്‍ ആവശ്യപ്പെട്ടിരുന്നു.1993 മാര്‍ച്ച് 12ന് മുംബൈയില്‍ നടന്ന സംഘടിതമായ പന്ത്രണ്ട് ബോംബ് സ്‌ഫോടനങ്ങളില്‍ 257 പേര്‍ കൊല ചെയ്യപ്പെട്ടിരുന്നു. 700ലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.