Connect with us

International

മലേഷ്യന്‍ വിമാനത്തിന്റെതെന്ന് ് സംശയിക്കുന്ന ഭാഗങ്ങള്‍ കണ്ടെത്തി

Published

|

Last Updated

ക്വലാലംപൂര്‍: കാണാതായ മലേഷ്യന്‍ എയര്‍ലൈന്‍സ് വിമാനം എം എച്ച് 370ന്റെതെന്ന് സംശയിക്കുന്ന ഭാഗങ്ങള്‍ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ നിന്ന് ലഭിച്ചു. എന്നാല്‍ ഇതുസംബന്ധമായ ഒരു സ്ഥിരീകരണവും ആരും നല്‍കിയിട്ടില്ല. കടലില്‍ നിന്ന് കണ്ടെടുത്ത ഭാഗങ്ങള്‍ പരിശോധിക്കാനായി വിദഗ്ധരെ ഇങ്ങോട്ട് അയച്ചതായി മലേഷ്യ വ്യക്തമാക്കിയിട്ടുണ്ട്. സംഭവത്തെ കുറിച്ച് ബന്ധപ്പെട്ടവര്‍ അന്വേഷണം നടത്തുന്നുണ്ടെന്ന് മലേഷ്യന്‍ എയര്‍ലൈന്‍സ് ഒരു പ്രസ്താവനയില്‍ പറഞ്ഞു. കണ്ടെടുത്ത വിമാനത്തിന്റെ ഭാഗം പരിശോധിച്ചുകൊണ്ടിരിക്കുകയാണെന്നും എന്നാല്‍ കാണാതായ എം എച്ച് 370 വിമാനത്തിന്റെ ഭാഗങ്ങളാണ് ഇതെന്ന് സ്ഥിരീകരിക്കാന്‍ ആയിട്ടില്ലെന്നുമാണ് ഫ്രാന്‍സസ് എയര്‍ ക്രാഷ് ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി(ബി ഇ എ)യുടെ നിരീക്ഷണം. എന്നാല്‍ ഇപ്പോള്‍ കണ്ടെത്തിയ ഭാഗങ്ങള്‍ കാണാതായ ബോയിംഗ് 777 ന്റേത് ആകാമെന്ന ഉറച്ച വിശ്വാസമുണ്ടെന്ന് യു എസ് ഉദ്യോഗസ്ഥരും വ്യക്തമാക്കിയിട്ടുണ്ട്.
239 യാത്രക്കാരുമായി സഞ്ചരിച്ചിരുന്ന എം എച്ച് 370 വിമാനം കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലാണ് ദുരൂഹതകള്‍ ബാക്കിയാക്കി അപ്രത്യക്ഷമായത്. വിമാനം തകര്‍ന്നുവീണതാകമെന്ന നിഗമനത്തില്‍ സമുദ്രത്തില്‍ വിവിധ രാജ്യങ്ങളുടെ സഹായത്തോടെ വന്‍ തിരച്ചില്‍ നടന്നിരുന്നെങ്കിലും ഒരു തെളിവും ലഭിച്ചിരുന്നില്ല. നിരവധി ഊഹങ്ങളും ഇത് സംബന്ധിച്ച് പുറത്തുവന്നിരുന്നു. കാണാതായ വിമാനത്തില്‍ ഉണ്ടായിരുന്ന യാത്രക്കാരില്‍ ഭൂരിഭാഗവും ചൈനക്കാരായിരുന്നു.
വിമാനത്തിന്റെ അവശിഷ്ടങ്ങളെന്ന് സംശയിക്കുന്ന ഭാഗം കണ്ടെത്തിയ വാര്‍ത്തകള്‍ പ്രചരിച്ചതോടെ വിമാനത്തോടൊപ്പം കാണാതായവരുടെ ബന്ധുക്കള്‍ ആകാംക്ഷയിലാണ്.