Connect with us

Eranakulam

ഹജ്ജ് ക്യാമ്പില്‍ ഒരുക്കങ്ങള്‍ ആരംഭിച്ചു

Published

|

Last Updated

നെടുമ്പാശ്ശേരി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം വഴിയുള്ള ഹജ്ജ് യാത്രക്ക് ഹാജിമാര്‍ക്ക് വിശ്രമിക്കുന്നതിനും മറ്റുമുള്ള സൗകര്യങ്ങള്‍ ഒരുക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. ഹജ്ജ് ക്യാമ്പായ വിമാനത്താവളത്തിലെ വിമാന അറ്റകുറ്റപ്പണി കേന്ദ്രമായ ഹാങ്കറില്‍ വിശ്രമിക്കുന്നതിനും മറ്റുമായി പ്രത്യേക സൗകര്യങ്ങള്‍ ഉണ്ടെങ്കിലും റെസ്റ്റോറന്റുകള്‍, മൂത്രപ്പുരകള്‍, സന്ദര്‍ശകര്‍ക്കുള്ള മുറികള്‍ തുടങ്ങിയവയുടെ സൗകര്യങ്ങള്‍ വിപുലീകരിക്കുന്ന പ്രവര്‍ത്തനങ്ങളാണ് പുരോഗമിക്കുന്നത്.
അടുത്ത മാസം രണ്ട് മുതല്‍ ഹജ്ജ് യാത്രക്ക് പോകേണ്ടവരുടെ ലിസ്റ്റ് തയ്യാറായി കഴിഞ്ഞെങ്കിലും ഹജ്ജ് കമ്മിറ്റി നിലവില്‍ വരാത്തതിനാല്‍ വിമാനത്താവളത്തില്‍ ഒരുക്കേണ്ട പ്രവര്‍ത്തനങ്ങള്‍ വേഗതയിലാക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. കഴിഞ്ഞ ഹജ്ജ് കമ്മിറ്റി തീരുമാനിച്ച കാര്യങ്ങളാണ് നടന്നു വരുന്നത്.
ഹജ്ജ് ക്യാമ്പില്‍ സൗജന്യ സേവനത്തിന് സന്നദ്ധരായ 400 ഓളം വളണ്ടിയര്‍മാരെ തിരഞ്ഞെടുത്തിട്ടുണ്ട്. ഹജ്ജ് ക്യാമ്പില്‍ ഇവര്‍ ചെയ്യേണ്ട പ്രവര്‍ത്തനങ്ങളെക്കുറിച്ച് പ്രത്യേകപരിശീലനം നല്‍കി വരികയാണ്.
ഹജ്ജ് യാത്രക്ക് വേണ്ട സൗകര്യങ്ങള്‍ ഒരുക്കുന്നതിനും ഏകോപിപ്പിക്കുന്നതിനുമായി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ പി ബി ഷബീറിനെ വിമാനത്താവള കമ്പനി ചുമതലപ്പെടുത്തിയിട്ടുണ്ട്. യാത്ര നടത്തുന്നവര്‍ക്കായി പ്രത്യേക സുരക്ഷാ സംവിധാനങ്ങളും വിശ്രമ സംവിധാനങ്ങളും സിയാല്‍ അധികൃതരാണ് ഒരുക്കുന്നത്.
ഹജ്ജ് യാത്രക്ക് എത്തുന്നവരെയും അവരുടെ ബാഗേജുകളും പരിശോധനകള്‍ പൂര്‍ത്തിയാക്കി കൊണ്ടു പോകുന്നതിനും വരുന്നതിനും പ്രത്യേക സൗകര്യങ്ങള്‍ സിയാല്‍ അധികൃതര്‍ ഒരുക്കിട്ടുണ്ട്. കൂടാതെ ഹജ്ജിന് പോകുന്നവര്‍ക്കുവേണ്ടി കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കുന്നതിനും ഹജ്ജ് ക്യാമ്പ് സജ്ജീവമാക്കുന്നതിനും ജനപ്രതിനിധികളും ഉദ്യോഗസ്ഥരും പോലീസു മടങ്ങുന്നവരുടെ സംയുക്തയോഗം ഉടന്‍ വിളിക്കും.

 

Latest